ഇസ്ലാമിക കലകളുടെ കാന്തിയിൽ ഷാർജ
text_fieldsഅറബ് നാഗരികതയുടെ ആധുനിക സാംസ്കാരിക തലസ്ഥാന നഗരമായ ഷാർജയിൽ ഇസ്ലാമിക കലകളുടെ നിറപ്പകിട്ടുള്ള പ്രദർശനങ്ങളുമായി ഹൗസ് ഓഫ് വിസ്ഡം. റമദാൻ ദിനങ്ങൾക്ക് ചരിത്രങ്ങൾ എഴുതിയ നിറച്ചാർത്തുകളുമായാണ് 12,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഷാർജ എമിറേറ്റിലെ സവിശേഷ സാംസ്കാരിക പദ്ധതികളിലൊന്നായ വിസ്ഡം ഒരുങ്ങിയിരിക്കുന്നത്.
പ്രഫസർ റിച്ചാർഡ് എറ്റിങ്ഹോസന്റെ അപൂർവ പുസ്തകങ്ങളുടെയും ശീർഷകങ്ങളുടെയും ശ്രദ്ധേയമായ ശേഖരവും പ്രദർശിപ്പിക്കുന്നുണ്ട്. അറബ്, ഇസ്ലാമിക കല, വാസ്തുവിദ്യ എന്നിവയുടെ ചരിത്രത്തിനായി സമർപ്പിച്ചിരിക്കുന്ന 12,000 പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയുടെ ഭാഗമാണ് ഈ അപൂർവ്വ ശേഖരം. പ്രദർശനം മൂന്ന് മാസം നീണ്ടുനിൽക്കും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉദാരമായ സമ്മാനമായാണ് ഹൗസ് ഓഫ് വിസ്ഡം ഈ വിലയേറിയ ലൈബ്രറി സ്വന്തമാക്കിയത്.
ജർമ്മൻ-അമേരിക്കൻ ഇസ്ലാമിക കലയുടെ ചരിത്രകാരനും ഫ്രീയർ ഗാലറിയുടെ ചീഫ് ക്യൂറേറ്ററുമായിരുന്നു പ്രഫ. റിച്ചാർഡ് എറ്റിങ്ഹോസൻ. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ആം മെയിനിലാണ് എറ്റിങ്ഹോസൻ ജനിച്ചത്. 1931ൽ ഫ്രാങ്ക്ഫർട്ട് സർവകലാശാലയിൽ നിന്ന് ഇസ്ലാമിക ചരിത്രത്തിലും കലാചരിത്രത്തിലും പി.എച്ച്.ഡി കരസ്ഥമാക്കി.
1929 മുതൽ 1931വരെ അദ്ദേഹം ബെർലിനിലെ കൈസർ ഫ്രെഡറിക് മ്യൂസിയത്തിന്റെ ഇസ്ലാമിക ശേഖരത്തിൽ ഏണസ്റ്റ് കുഹ്നലിന്റെയും പുരാവസ്തു ഗവേഷകനായ ഫ്രെഡറിക് സാറെയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചു. 1934-ൽ, നാസികളുടെ ഉയർച്ചയെത്തുടർന്ന് അദ്ദേഹം ആദ്യം ബ്രിട്ടനിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറി, അവിടെ ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർഷ്യൻ ആർട്ട് ആൻഡ് ആർക്കിയോളജിയിൽ ചേർന്നു. 1937 മുതൽ 1938 വരെ ന്യൂയോർക്ക് യൂനിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ടിലും 1938-ൽ മിഷിഗൺ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിതനായി.
1961-ൽ അദ്ദേഹം ഫ്രീയറിന്റെ ചീഫ് ക്യൂറേറ്ററായി നിയമിതനായി. ഫ്രീയറിലെ കാലത്താണ് ലോകത്തിലെ ഇസ്ലാമിക കലയെക്കുറിച്ച ഏറ്റവും മികച്ച ശേഖരങ്ങളിലൊന്നായി അദ്ദേഹം ഈ ശേഖരം ഒരുക്കിയത്. ഫ്രീയറിലായിരിക്കുമ്പോൾ ആർസ് ഇസ്ലാമിക്കയുടെയും ആർസ് ഓറിയൻറലിസിന്റെയും മേൽനോട്ടം വഹിച്ചു. 1962-ൽ ജനീവയിലെ എഡിഷൻസ് ഡി ആർട്ട് ആൽബർട്ട് സ്കിറ പ്രസിദ്ധീകരിച്ച ‘അറബ് പെയിൻറിങ് ട്രഷേഴ്സ് ഓഫ് ഏഷ്യ, വാല്യം IV’ എന്ന പുസ്തകം അദ്ദേഹം എഴുതി ലോക ശ്രദ്ധനേടി. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഇസ്ലാമിക് ഡിപ്പാർട്ട്മെൻറിന്റെ കൺസൾട്ടേറ്റീവ് ചെയർമാനായും അദ്ദേഹം നിയമിക്കപ്പെട്ടു.1979 ഏപ്രിൽ രണ്ടിന് ന്യൂജേഴ്സിയിലെ മെർസറിൽ വച്ച് ക്യാൻസർ ബാധിച്ച് എറ്റിംഗ്ഹോസൻ മരിച്ചു.
കെവോർക്കിയൻ സെൻററിലെ ലൈബ്രറിക്ക് അദ്ദേഹത്തിന്റെ ബഹുമാനാർഥം പേരിട്ടു. അദ്ദേഹത്തിന്റെ മരണശേഷം, സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എറ്റിംഗ്ഹൗസന്റെ സ്വകാര്യ ലൈബ്രറി സ്വന്തമാക്കി. ഇവയുടെ പ്രദർശനമാണ് ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ നടക്കുന്നത്. ചരിത്ര പ്രേമികൾക്ക് ഏറ്റവും മികച്ച അവസരമാണ് പ്രദർശനം മുന്നോട്ട് വെക്കുന്നത്. പരവതാനികൾ, തുണിത്തരങ്ങൾ, നെയ്ത്ത് കലകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇസ്ലാമിക കലകളുടെ പ്രദർശനവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.