ഇറ്റ്ഫോക്: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് 15 മുതൽ
text_fieldsതൃശൂർ: ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ടു വരെ തൃശൂരില്‍ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ശനിയാഴ്ച ആരംഭിക്കും.
ലോക നാടകങ്ങള്‍, ഇന്ത്യന്‍ നാടകങ്ങള്‍, തിയറ്റര്‍ ശിൽപശാലകൾ, പാനല്‍ചര്‍ച്ചകള്‍, പൊതുപ്രഭാഷണങ്ങള്‍, സംഗീതപരിപാടികള്‍, ആര്‍ട്ടിസ്റ്റുകളുമായി സംവാദസദസ്സ് തുടങ്ങിയവയാണ് നടക്കുന്നത്. ‘പ്രതിരോധത്തിന്റെ സംസ്കാരങ്ങള്‍’ എന്നതാണ് ഇത്തവണ ഇറ്റ്ഫോക്കിന്റെ ആശയം.
ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ 15 നാടകങ്ങളുടേതായി 34 ഷോകളുടെ ടിക്കറ്റുകളാണ് ലഭിക്കുക. അനുബന്ധ പരിപാടികള്‍ കാണാന്‍ ടിക്കറ്റ് വേണ്ട. നാടകത്തിന്റെ ടിക്കറ്റ് നിരക്ക് 80 രൂപയാണ്. ഒരാള്‍ക്ക് ഒരു ഷോയുടെ രണ്ടു ടിക്കറ്റ് വരെ ബുക്ക് ചെയ്യാം.
ഓണ്‍ലൈന്‍ ടിക്കറ്റ് https://theatrefestivalkerala.com/ എന്ന വെബ്സൈറ്റില്‍ ഫെബ്രുവരി 15ന് ഉച്ചക്ക് 12 മുതല്‍ ബുക്ക് ചെയ്യാം. അക്കാദമിയില്‍ സജ്ജമാക്കിയ കൗണ്ടറുകളില്‍നിന്ന് ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ടിക്കറ്റ് നേരിട്ടും ലഭിക്കുമെന്ന് സെക്രട്ടറി കരിവെള്ളൂര്‍ മുരളി വാർത്തക്കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.