കരീംഗ്രഫിയുടെ വരവഴികൾ
text_fieldsകരീംഗ്രഫി- ഭാഷാന്തരങ്ങളില്ലാതെ വിവിധ രാജ്യങ്ങളിലെ ആരാധകർ പിന്തുടരുന്ന, ഈ കൗതുകം ജനിപ്പിക്കുന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിനുടമ ഒരു മലയാളിയാണ്. മലപ്പുറം കാക്കോവ് സ്വദേശി കരീമാണ് തന്റെ കാലിഗ്രഫിയോടുള്ള അഭിനിവേശം ഈ പേരിൽ കുറിച്ചിട്ട പ്രവാസി മലയാളി. ഗ്രഫിറ്റിയും ഇൻസ്റ്റലേഷനുമെല്ലാമായി കലയുടെ വിവിധ മേഖലകളിലും കൈവച്ച് പൊന്നാക്കുകയാണ് കരീം. അറബിക് കാലിഗ്രഫി ഇഷ്ട ഇനമായി തിരഞ്ഞെടുത്ത ‘കരീംഗ്രഫി’യുടെ പോരിഷ ഫിഫ ലോകകപ്പടക്കമുള്ള ലോകവേദികളിലാണ് ഇതിനകം അലയടിച്ചിരിക്കുന്നത്. ശേഷം ഖത്തറിൽ നടന്ന ഏഷ്യാകപ്പും കടന്ന് അവസാനമായി കുതിരപ്പന്തയത്തിന്റെ ലോക വേദിയായ ദുബൈ വേൾഡ് കപ്പിലും തന്റെ കാലാവിരുതും കൈവഴക്കവും തുന്നിച്ചേർത്തിരിക്കുകയാണിദ്ദേഹം.
1998 ൽ സൗദിയിലും പിന്നീട് യു.എ.ഇയിലും പ്രവാസം നയിച്ച ശേഷമാണ് കരീം 2011ൽ ഖത്തറിലെത്തുന്നത്. അതൊരു നിമിത്തമായതോടെ ഖത്തർ ലോകകപ്പ് സുപ്രീം കമ്മിറ്റി വഴി ഫിഫ നേരിട്ട് കരീമിന്റെ കലാസൃഷ്ടികൾക്ക് പിന്തുണ നൽകുകയായിരുന്നു. ചുവരുകളിലും മതിലുകളിലും പ്രതിഷേധം രേഖപ്പെടുത്താനുള്ള മാർഗ്ഗമായാണ് ഗ്രഫിറ്റി അറിയപ്പെട്ടിരുന്നത്. ഖത്തർ ലോകകപ്പിൽ ഗ്രഫിറ്റിയുടെ മറ്റൊരു വശമാണ് കരീം ലോകത്തിന് പരിചയപ്പെടുത്തിയത്. തുടർന്ന് ഖത്തറിൽ തന്നെ ഏഷ്യാ കപ്പിലും തന്റെ കലാപരമായ കഴിവുകൾ കരീം ഉപയോഗിച്ചു. ഇതിനകം ‘കരീംഗ്രഫി’യുടെ കലാസൃഷ്ടികൾക്ക് പലരാജ്യങ്ങളിലും ആരാധകരുമുണ്ടായി.
ദുബൈ ലോകകപ്പിലേക്ക്
രണ്ടു മാസം മുമ്പാണ് ദുബെ വേൾഡ് കപ്പിൽ ലോക ഫുട്ബാൾ ക്ലബ് എ.സി മിലാന്റെയും പങ്കാളിയായ എമിറേറ്റ്സിന്റേയും 187 ജഴ്സികളിൽ തീർത്ത കുതിരയുടെ രൂപത്തിലുള്ള ആർട്ട് ഇൻസ്റ്റലേഷനെന്ന വലിയ ഉത്തരവാദിത്തം വന്നു ചേരുന്നത്. ഇതിനായി ഒരാഴ്ച ദുബൈയിലെത്തി പരീക്ഷണത്തിലായിരുന്നു. ആകർഷകമായി തീർത്ത ഈ കലാസൃഷ്ടി എ.സി മിലാന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ തന്നെ അവർ പങ്കുവെച്ചതിലെ സന്തോഷവും കരീം മറച്ചുവെന്നില്ല. ശേഷം എ.സി മിലാനും എമിറേറ്റ്സും വാർത്താ പോർട്ടലുകളിലൂടെ ഈ കലാസൃഷ്ടിയേയും കരീംഗ്രഫിയേയും ലോകത്തിന് പരിചയപ്പെടുത്തുകയുണ്ടായി.
എ.സി മിലാൻ സീനിയർ അഡ്വൈസറും ഫുട്ബാൾ ഇതിഹാസതാരവുമായ സാക്ഷാൽ സ്ലാട്ടൻ ഇബ്രഹാമോവിച്ചായിരുന്നു ദുബൈ ലോകകപ്പിലെ പ്രധാന അഥിതികളിലൊരാൾ. അദ്ദേഹത്തിനൊരപൂർവ സമ്മാനം അറബിക് കാലിഗ്രഫിയിൽ സമ്മാനിക്കണമെന്നാവശ്യപ്പെട്ടത് എ.സി മിലാൻ നേരിട്ടായിരുന്നു. അവരുടെ ലോഗോയുടെ രൂപത്തിൽ തന്നെ മാന്ത്രിക അറബിക് അക്ഷരങ്ങൾ വരച്ച് ചേർത്ത് സമ്മാനം ഒരുക്കി നൽകിയതോടെ ഈ കലാകാരനെ നേരിൽ കാണണമെന്നായി സൂപ്പർ താരം. അങ്ങനെയാണ് ടി.വി സ്ക്രീനിൽ കണ്ടും കേട്ടും മാത്രം പരിചയിച്ച ആ പ്രതിഭ കരീമിനെ നേരിൽ കണ്ട് തോളിൽ കൈവച്ച് ചേർത്തു പിടിച്ചത്.
ബെൻലി കാറുകളിലെ ലക്ഷ്വറി വരകൾ
ലോകത്തെ അതിസമ്പന്നരുടെ ആഡംബര വാഹനമായ ബെൻലി കാറുകളിലും അറബിക് കാലിഗ്രഫി വിജയകരമായി നടത്തി ഈ മേഖലയുടെ സാധ്യതകൾ ലോകത്തിന് കാണിച്ച് കൊടുത്തിരുന്നു. 30 ദശലക്ഷത്തിലധികമാളുകളാണ് ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി കണ്ടതും ഇപ്പോഴും പങ്കുവെക്കുന്നതും. ഇതിനകം നിരവധി രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് കലാപരമായി പലതും സൃഷ്ടിക്കാനും നിരവധി വിദേശ മാധ്യമങ്ങളുടെ തലക്കെട്ടാവാനും കരീമിന് സാധിച്ചു. കലയുടെ പുതിയ വാതായനങ്ങൾ തള്ളിത്തുറന്ന് വിശ്രമമില്ലാതെ ഈ കലായാത്ര തുടരാൻ തന്നെയാണ് ‘കരീംഗ്രഫി’യുടെ തീരുമാനം. നിലവിൽ ഖത്തറിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ കരീം. കലാപ്രവർത്തനങ്ങളിൽ മുഴുവൻ പിന്തുണയും നൽകി ഭാര്യ ഫാസിജയയും മക്കളായ അഹമ്മദ് കാഷിഫ്, അയിഷ ഇശാല്, മർയം മനാല് എന്നിവരും കൂടെ തന്നെയുണ്ട്. ജീവിച്ചിരിക്കുമ്പോള് തന്റെ കഴിവ് പ്രിയ മാതാപിതാക്കൾക്ക് നല്കാനാവാത്ത വിഷമം അവരുടെ മീസാൻ കല്ലിൽ വടിവൊത്ത സുന്ദര അറബി അക്ഷരങ്ങളായി കൊത്തിവച്ചാണ് കരീം സംപ്തൃപ്തനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.