കേളത്ത് അരവിന്ദാക്ഷ മാരാർ; മേളവഴികളിലെ സൗമ്യസാന്നിധ്യം
text_fieldsഒല്ലൂര്‍: മേളപ്രമാണി കേളത്ത് അരവിന്ദാക്ഷ മാരാരുടെ വിയോഗത്തോടെ മലയാളത്തിന് നഷ്ടമായത് നിറപുഞ്ചിരി വിതറി മേളത്തറകളിലും അമ്പലപ്പറമ്പുകളിലും നാദവിസ്മയം തീര്‍ത്ത കലാകാരനെ. ലാളിത്യവും സൗഹൃദവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എന്നും വിനയാന്വിതനായിരുന്ന കലാകാരനാണ് അരവിന്ദാക്ഷ മാരാര്‍. അദ്ദേഹം മേളവിസ്മയം തീര്‍ക്കാത്ത ക്ഷേത്രങ്ങൾ മധ്യകേരളത്തില്‍ കുറവാണ്. അമ്മാവൻ തൃപ്രയാര്‍ അച്യുത മാരാരുടെ കീഴിലാണ് ആദ്യം തിരുവമ്പാടി ക്ഷേത്രത്തില്‍ മേളം അവതരിപ്പിച്ചത്. അച്ഛന്‍ മരിച്ചതോടെ കുറച്ചുനാൾ വാദ്യരംഗത്തുനിന്ന് വിട്ടുനിന്ന മാരാരെ പിന്നീട് പെരുവനം കുട്ടൻ മാരാരാണ് പാറമേക്കാവ് മേളത്തിലെത്തിച്ചത്. ചേന്ദംകുളങ്ങര ഭരണിക്കാണ് ആദ്യമായി മേളപ്രമാണിയായത്.
എടക്കുന്നി, കുട്ടനെല്ലൂര്‍ ക്ഷേത്രങ്ങളിലും ആറാട്ടുപുഴപാടത്തും മേളപ്രമാണിയായ അദ്ദേഹം ഒരുതവണ ഇലഞ്ഞിത്തറ മേളത്തില്‍ പ്രമാണം കൊട്ടി. മേളകലാകാരന്മാരായ കിഴക്കൂട്ട് അനിയന്‍ മാരാര്‍, പെരുവനം കുട്ടൻ മാരാര്‍ എന്നിവരോടൊപ്പമാണ് മേളങ്ങളില്‍ പങ്കെടുത്തത്. മേളകലാകാരന്മാരായ കേളത്ത് സുന്ദരന്‍, കേളത്ത് കണ്ണൻ എന്നിവർ ഇദ്ദേഹത്തിന്റെ മരുമക്കളാണ്.
തൃപ്രയാര്‍ വാദ്യകല ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവര്‍ണ മുദ്ര, ആറാട്ടുപുഴ ശ്രീശാസ്ത പുരസ്കാരം, കലാചാര്യ പുരസ്കാരം, വാദ്യമിത്ര പുരസ്കാരം, ധന്വന്തരി പുരസ്കാരം, വാദ്യ വിശാരദന്‍ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ കാര്‍ത്തിക വിളക്കിനാണ് എടക്കുന്നി ക്ഷേത്രത്തില്‍ അവസാനമായി കൊട്ടിയത്. സഹോദരി തങ്കയോടൊപ്പമായിരുന്നു താമസം. കിഴക്കുട്ട് അനിയൻ മാരാർ, സതീശൻ മാരാർ, പെരുവനം കുട്ടൻ മാരാർ, ചെറുശ്ശേരി കുട്ടൻ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയ രാഷ്ട്രീയ -സാമൂഹിക -സംസ്കാരിക പ്രവർത്തകരും നിരവധി മേള കലാകാരന്മാരും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.