കേരള ലളിതകലാ അക്കാദമി പണ വിതരണ സ്ഥാപനമായി ചുരുങ്ങി -ടോം വട്ടക്കുഴി
text_fieldsതൃശൂർ: കേരള ലളിത കലാ അക്കാദമി പണ വിതരണ സ്ഥാപനമായി ചുരുങ്ങിയെന്ന് ഭരണസമിതിയിൽ നിന്ന് രാജിവെച്ച നിർവാഹക സമിതി അംഗം ചിത്രകാരൻ ടോം വട്ടക്കുഴി. രാജിപ്രഖ്യാപനത്തിന് ശേഷം ഉയർന്ന സാമൂഹിക മാധ്യമങ്ങളിലെ വ്യക്തിഹത്യയുടെ പശ്ചാത്തലത്തിലാണ് മറുപടിയെന്ന് ടോം ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു.
''ശരിയായ ഒരു ദിശാബോധത്തോടെ ലളിതകലാ അക്കാദമി പ്രവർത്തിക്കുമ്പോഴെല്ലാംവിലങ്ങുതടിയായി മറ്റൊരു കൂട്ടർ ഉണ്ടാകും .അക്കാദമിയുടെ പ്രഥമ കടമ ഒരു വെൽഫയർ സൊസൈറ്റിയുടേതാണെന്നു കരുതിയവരാണിവർ . അല്ലെങ്കിൽ അക്കാദമിയുമായി ചേർന്നുനിന്നു രണ്ടു കാശുകിട്ടണം എന്നാഗ്രഹിക്കുന്നവർ .കാരണം ,പണം കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കണം. അത് അവാർഡിന്റെ പേരിലായാലും ക്യാമ്പിന്റെ പേരിലായാലും മറ്റേതെങ്കിലും തട്ടിക്കൂട്ടിന്റെ പേരിലായാലും. ഇടക്കിടക്ക് പോക്കറ്റിൽ ചില്ലറ വീഴുന്ന എന്തെങ്കിലും പരിപാടികൾ വേണമെന്നേയുള്ളു. അത്തരം ശക്തികളെ തൃപ്തിപ്പെടുത്താൻ അക്കാദമി ശ്രമം തുടങ്ങിയകാലം തൊട്ടേ കേവലം ഒരു വെൽഫയർ സൊസൈറ്റി എന്ന തലത്തിലേക്ക് അക്കാദമി ചുരുങ്ങാൻ തുടങ്ങി. തീർച്ചയായും സാമ്പത്തികമായ സഹായങ്ങൾ അനിവാര്യമായവർക്ക് അക്കാദമി ഒരു കൈത്താങ്ങാകേണ്ടതുണ്ട് . പക്ഷേ , കലയെ വളർത്താനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ കേവലം സാമ്പത്തീക സഹായപദ്ധതികൾ എന്ന തലത്തിലേക്ക് അക്കാദമി ചുരുക്കുേമ്പാൾ കലാസപര്യ എന്നത് രണ്ടാം സ്ഥാനത്തും പണവിതരണം എന്നത് പ്രധാന ലക്ഷ്യവുമായി മാറുന്നു.
അക്കാദമിക്ക് ഇന്ന് സ്ഥാപനങ്ങളുണ്ട് ,പണമുണ്ട് , മറ്റു സൗകര്യങ്ങളുണ്ട് . പക്ഷെ വിലകെട്ടുപോയിരിക്കുന്നു .അത് ആർഭാടങ്ങൾ നടത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുമോ ? അല്ലെങ്കിൽ ആഘോഷങ്ങൾക്കുള്ള ആർച്ച-ലങ്കാരപ്പണികളുടെ ഗുണഭോക്താക്കളെയോ , അക്കാദമിയുടെ ആനുകൂല്യങ്ങളിൽ കണ്ണും നട്ടിരിക്കുന്ന ഏതാനും പേരെയോ ന്യായീകരണ തൊഴിലാളികളായി കൂടെനിറുത്തിയാൽ അല്ലെങ്കിൽ അത്തരക്കാരിലൂടെ വാഴ്ത്തു പാട്ടു പാടിച്ചാൽ അക്കാദമിയുടെ നിലവാരം ഉയരുമോ? .അതിന് ആർജവം, നിലപാട്,കാഴ്ചപ്പാട് എന്നൊക്കെ പറയുന്ന ചിലതുവേണം .അത് ഉള്ളിൽനിന്നുണ്ടാകേണ്ടതാണ് .വാചകക്കസർത്തു കൊണ്ടോ, അഭ്യാസപ്രകടനങ്ങൾകൊണ്ടോ, പണത്തിന്റെ ദുർവ്യയം കൊണ്ടോ പുരസ്കൃതരെകൊണ്ട് നിർബന്ധിച്ചുള്ള മുഖസ്തുതി പ്രസംഗങ്ങൾ കൊണ്ടൊ ഒന്നും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതല്ല നിലവാരം. ''-ഫേസ്ബുക്കിൽ ടോം വട്ടക്കുഴി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.