സംഗീത നാടക അക്കാദമി പുരസ്കാരം; കോട്ടക്കലിന് ഇരട്ടമധുരം
text_fieldsകോട്ടക്കൽ: കഥകളിക്കൊപ്പം നൃത്തവും അരങ്ങുകളിലെത്തിച്ച അനുഗൃഹീത കലാകാരന്മാർ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരനിറവിൽ. കോട്ടക്കൽ കേശവൻ കുണ്ടലായർ കഥകളിയിലും കോട്ടക്കൽ ശശിധരൻ നൃത്തം, കഥകളി കലാരൂപങ്ങളിലുമാണ് പുരസ്കാരത്തിനർഹരായത്. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കാസർകോട് പുല്ലൂർ മാക്കരംകോട്ടില്ലത്ത് പരേതനായ നാരായണൻ കുണ്ടലായരുടെയും കല്യാണി അന്തർജനത്തിന്റെയും മകനായി 1960ൽ ജനിച്ച കേശവൻ കുണ്ടലായർ പുല്ലൂർ ഉദയനഗർ ജി.യു.പി സ്കൂളിലായിരുന്നു പ്രാഥമിക പഠനം പൂർത്തിയാക്കിയത്. 1972ൽ പന്ത്രണ്ടാം വയസ്സിൽ കോട്ടക്കൽ ആര്യവൈദ്യശാല പി.എസ്.വി നാട്യസംഘത്തിൽ ചേർന്നു. കോട്ടക്കൽ കൃഷ്ണൻകുട്ടി നായരായിരുന്നു ആശാൻ. ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രത്തിലായിരുന്നു ആദ്യ അരങ്ങേറ്റം.
ശ്രീകൃഷ്ണ വേഷത്തിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി പരിപാടികളിൽ പങ്കെടുത്തു. 1983 ജൂൺ മുതൽ ഒന്നരമാസക്കാലം ചൈന, വടക്കൻ കൊറിയ, ഹോങ്കോങ്, ഗൾഫ് രാജ്യങ്ങളിൽ കഥകളിയിൽ വേഷമിട്ടു. 2013 മുതൽ നാട്യസംഘം പ്രിൻസിപ്പലായി. 2018ൽ വിരമിച്ചു. സംഗീതാധ്യാപിക ശാകംഭരിക്കുട്ടിയാണ് ഭാര്യ. വൈഷ്ണവി, വാണി എന്നിവർ മക്കളാണ്. കോട്ടക്കൽ കോട്ടപ്പടിയിലാണ് താമസം. 1951 മേയ് 24ന് മലപ്പുറം പന്തല്ലൂരിൽ പരേതരായ പി. ശങ്കുണ്ണിനായർ-ജാനകിയമ്മ എന്നിവരുടെ മകനായി ജനിച്ച കോട്ടക്കൽ ശശിധരൻ അഞ്ചാംക്ലാസ് വിദ്യാഭ്യാസശേഷം കോട്ടക്കൽ കൃഷ്ണൻകുട്ടി നായർക്കു കീഴിൽ എട്ടു വർഷത്തോളം പരിശീലനം പൂർത്തിയാക്കി. 1972ൽ രാഷ്ട്രപതിഭവനിൽ കഥകളി അവതരിപ്പിക്കാൻ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്.
അന്ന് സദസ്സിലുണ്ടായിരുന്ന നർത്തകി മൃണാളിനി സാരാഭായി ശശിധരനെ കാണുകയും അഹ്മദാബാദിലെ തന്റെ നൃത്തകലാലയത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. മൃണാളിനിക്കു കീഴിൽ ‘ദർപ്പണ’യിൽ നൃത്തവിദ്യാർഥിയായതോടെ കഥകളിക്കു പുറമെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും സമകാലീന ഇന്ത്യൻ നാടോടിനൃത്തങ്ങളിലും പരിശീലനം നേടി. അമേരിക്ക, ബ്രിട്ടൻ, ജർമനി, ആസ്ട്രേലിയ, ലക്സംബർഗ്, മലേഷ്യ, നെതർലൻഡ്സ്, മെക്സികോ, റഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മൂന്നു ദശാബ്ദത്തിലേറെ ഇന്ത്യൻ തിയറ്റർ ആർട്ടിനെ പരിചയപ്പെടുത്തി. അമേരിക്കയിലും ബ്രിട്ടനിലുമുള്ള നിരവധി സർവകലാശാലകളിൽ ഭാരതീയ നൃത്തകലാധ്യാപകനായി സേവനമനുഷ്ഠിച്ചു. ബാല്യകാലസുഹൃത്തായിരുന്ന വസന്തയാണ് ഭാര്യ. മകൻ കീർത്തി ശശിധരൻ കാനഡയിൽ ജോലി ചെയ്യുന്നു. കോട്ടക്കൽ കൈപ്പള്ളിക്കുണ്ടിലെ വീട്ടിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.