കണ്ണീർതുടച്ച് വേദി, വിജയംകൊണ്ട് ശിഷ്യരുടെ മംഗളസ്തുതി
text_fieldsകൊല്ലം: നാടകാന്ത്യം വേദിയിൽ വിജയഭേരി മുഴങ്ങി. പ്രാണൻ പിടയുന്ന വേദനയിലും തങ്ങളെ ഉയരങ്ങളിലേക്കെത്തിച്ച ആശാന് വിജയംകൊണ്ട് ശിഷ്യരുടെ മംഗളസ്തുതി. പ്രിയപ്പെട്ട മോളുടെ വേർപാടിന്റെ നോവിൽ ഇറ്റുവീണ കണ്ണീരിനൊപ്പം ഒരൽപം സന്തോഷാശ്രു കൂടി റോയിയുടെ കണ്ണിൽ നിറഞ്ഞു.
എല്ലാ വേദനകളെയും ചവിട്ടി തോൽപിച്ച് സംസ്ഥാന കലോത്സവം രണ്ടാംവേദിയിൽ ആശാന്റെ കുട്ടികൾ ഗുരുവിന് വിജയ ദക്ഷിണ നൽകുകയാണ്. ഈനേരം മകൻ റിഥുലിനെയും വേർപിരിഞ്ഞ മകൾ ആൻ റിഫ്തയുടെ ഓർമകളെയും എല്ലാം സഹിക്കാൻ പഠിപ്പിച്ച ചവിട്ടുനാടകമെന്ന കലയെയും ചേർത്തുനിർത്തി റോയ് അതിരുകളില്ലാത്ത ആകാശത്തേക്ക് നോക്കി. ഇടനെഞ്ചിൽ കൈവെച്ച് നേട്ടം ആൻ റിഫ്തക്ക് സമർപ്പിച്ചു. എല്ലാ വിജയവും അവൾക്കാണ്.
തന്നോടൊപ്പം ഇവിടേക്ക് വരാൻ ആഗ്രഹിച്ച അവൾ ഇപ്പോൾ ഈ നിമിഷത്തിലും ഒപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ചവിട്ടുനാടക ആശാനും എറണാകുളം ഗോതുരുത്ത് സ്വദേശിയുമായ റോയ് ജോർജ് കുട്ടിയുടെ മകൾ ആൻ റിഫ്ത മരണപ്പെട്ടത്. മകളുടെ വിയോഗം മൂലമുണ്ടായ വേദനയിലും താൻ പരിശീലിപ്പിച്ച സ്കൂളുകളിലെ കുട്ടികളുമായി അദ്ദേഹം സംസ്ഥാന കലോത്സവ വേദിയിലെത്തുകയായിരുന്നു. എച്ച്.എസ് വിഭാഗം ചവിട്ടുനാടക മത്സരം സമാപിച്ചപ്പോൾ റോയ് ജോർജുകുട്ടി പരിശീലിപ്പിച്ച സ്കൂളുകളിലെ കുട്ടികൾ മികച്ച വിജയമാണ് നേടിയത്.
എറണാകുളം അങ്കമാലി ഡീപോൾ എച്ച്.എസ്, വയനാട് മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ്, മാള സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, ആലപ്പുഴ മിത്രക്കരി സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ, മതിലകം സെൻറ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളെയാണ് റോയ് പരിശീലിപ്പിച്ച് എത്തിച്ചത്. ചവിട്ടുനാടക പരിശീലനം മാത്രമല്ല, പാട്ടിന്റെ വരികളെഴുതിയും പാടിയുമൊക്കെ ചവിട്ടുനാടകത്തിലെ സകല മേഖലയിലും ഇദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്.
സിനിമയുടെ 'കാണാപ്പുറങ്ങളും'കലോത്സവത്തിൽ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ആശ്രാമം നീലാംബരി യദുകൃഷ്ണൻ സ്മൃതിയിൽ സാംസ്കാരികോത്സവ ഭാഗമായി സംഘടിപ്പിച്ച ‘ചലച്ചിത്രവിശേഷം’, സംവാദ സദസ്സ് ശ്രദ്ധേയമായി. ഉദ്ഘാടനം ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ നിർവഹിച്ചു.
സിനിമ ശാസ്ത്രത്തിന്റെ പരിണതഫലമാണെന്നും ദേശത്തിനും ഭാഷക്കും ജാതിക്കും അതീതമായി നിൽക്കുന്ന സാമൂഹിക പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. നവസിനിമകളുടെ ആഖ്യാനരീതിയും പുത്തൻ സാങ്കേതികവിദ്യകളുടെ കടന്നുവരവും വേദിയിൽ ചർച്ചയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പ്രവർത്തകരായ മധുപാൽ, സുധീർ കരമന, അമ്പിളിദേവി, വിധു വിൻസെന്റ് എന്നിവർ വിശിഷ്ടാതിഥികളായി.
സാംസ്കാരിക കമ്മിറ്റി ചെയർമാൻ സി.പി. സുധീഷ് കുമാർ, കൺവീനർ എ.വി. ഇന്ദുലാൽ, ജോയന്റ് കൺവീനർമാരായ എസ്. രാധാകൃഷ്ണപിള്ള, ബി. ഭദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. പ്രത്യേകപരിഗണന അർഹിക്കുന്ന വിദ്യാർഥികൾ ‘വർണപ്പൊട്ടുകൾ’ കലാവിരുന്ന് അവതരിപ്പിച്ചു.
പെരിനാട് സീതകളി അക്കാദമിയുടെ ആഭിമുഖ്യത്തിൽ സീതകളിയും കൊച്ചിൻ ബ്ലൂസ്റ്റാർ അവതരിപ്പിച്ച നാടൻപാട്ടരങ്ങും നടന്നു.
കോൽക്കളി ജീവശ്വാസമാക്കി അഞ്ചുപേർ
കൊല്ലം: കോൽക്കളി ജീവശ്വാസമായി കൊണ്ട് നടക്കുന്ന അഞ്ച് ചെറുപ്പക്കാർ പരിശീലന രംഗത്ത് പതിറ്റാണ്ട് പൂർത്തിയാക്കുന്നു. അജ്മൽ, അൻസാരി, അനസ്, വസീം, ബസാം.
ആലപ്പുഴ ഇലിപ്പക്കുളം കെ.കെ.എം.ജി.എം.വി.എച്ച്.എസ്.എസിലെ കുട്ടികളെയാണ് കോൽക്കളി പരിശീലിപ്പിക്കുന്നത്. തുടർച്ചയായ പത്താം വർഷവും ഇവർ പരിശീലിപ്പിക്കുന്ന കുട്ടികൾ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഷഫീക് എടരിക്കോടിന്റെ ഈ അഞ്ചംഗ സംഘം.
കലോത്സവ നഗരിയിൽ ശ്രദ്ധേയ സാന്നിധ്യമായി നാഷനൽ സർവിസ് സ്കീം
കൊല്ലം: കൊല്ലത്തിന്റെ അടയാളങ്ങളിൽ ഒന്നായ തങ്കശ്ശേരി വിളക്കുമാടം, കശുവണ്ടി, കയർ, കൊഞ്ച്, കുട്ട, വള്ളം എന്നിവയുടെ മാതൃകകൾ നിർമിച്ച് ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ ശ്രദ്ധേയമായി ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം സ്റ്റാൾ. ജില്ലയിലെ വിവിധ സ്കൂളുകളിലെ യൂനിറ്റുകളിലായി നിർമിച്ച ചവിട്ടി, പേപ്പർ ബാഗ്, ഹാൻഡ് വാഷ്, ഡിഷ് വാഷ് എന്നീ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ വിൽക്കുന്നുമുണ്ട്.
എൻ.എസ്.എസ് എല്ലാ യൂനിറ്റുകളിലും നടപ്പാക്കിയ 'സ്നേഹാരാമം' പദ്ധതിയുടെ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടിവിടെ. കലോത്സവ കമ്മിറ്റികളിലേക്ക് വളന്റിയർമാരെ നൽകിയും സേവനസജ്ജമാണ് സംഘം. സന്ദർശകർക്ക് കശുവണ്ടിപ്പരിപ്പ് നൽകിയാണ് സ്വീകരിക്കുന്നത്. ജില്ല കൺവീനർ അഭിലാഷിന്റെ നേതൃത്വത്തിലാണ് സേവനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.