ഇകൊല്ലം ജോർ...
text_fieldsകലൈ സെൽവി കണ്ടു കടൽ, കവിത പോലെ...
കൊല്ലം: കലൈ സെൽവി ആദ്യമായി കടൽ കണ്ടു; ഒരു കുഞ്ഞിന്റെ കൗതുകത്തോടെ മുമ്പിൽ ആർത്തിരമ്പുന്ന അറബിക്കടൽ. തീരം കടന്ന് കയറിയ തിരമാല അവളുടെ കാലുകളെ നനച്ചു. അതിന്റെ നിർവൃതിയിൽ അവൾ നിന്നു. പിന്നെ കൈക്കുമ്പിൾ നിറയെ വെള്ളം കോരി എറിഞ്ഞു.
കലൈ സെൽവി അഗളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. തമിഴ് പദ്യ പാരായണം മത്സരത്തിൽ പങ്കെടുക്കാനാണ് അവൾ കൊല്ലത്തെത്തിയത് . അട്ടപ്പാടിക്ക് പുറത്ത് പാലക്കാട് ടൗൺ വരെയും കോയമ്പത്തൂർ വരെയുമാണ് അവൾ ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്. മത്സരിക്കണം എന്നതിനപ്പുറം താനൊരുപാട് കാണാൻ കൊതിച്ച കടലു കാണണമെന്ന മോഹവും കൊണ്ടാണ് കലോത്സവത്തിനിറങ്ങിയത് .
ഒപ്പം മാതാവ് മേഘ്നയും. കാടും മലയും കണ്ട് ശീലിച്ചവൾക്ക് ആദ്യ ദീർഘ ദൂര യാത്ര പുതുകാഴ്ചകൾ സമ്മാനിച്ചു . മത്സരം കഴിഞ്ഞ് വേഗത്തിൽ കടൽ കാണണമെന്ന ആഗ്രഹത്തിലാണ് വേദിയിൽ കയറിയത്. പ്രതീക്ഷിച്ചില്ലെങ്കിലും ഒന്നാമതവളെത്തി. അതിന്റെ സന്തോഷവുംകൊണ്ടാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമായ കടൽ കാണാൻ തങ്കശ്ശേരിക്ക് നടന്നത്. ഒപ്പം വന്നവരും കൂട്ടത്തിൽ കൂടി. ലൈറ്റ് ഹൗസിൽ കയറിയും തീരത്തിറങ്ങിയും കൺകുളിർക്കെ കടൽ കണ്ടും തൊട്ടറിഞ്ഞും ആസ്വദിച്ചാണ് അവൾ മടങ്ങിയത്. പിതാവ് ശക്തി വേൽ അഗളിയിൽ ക്ഷീര കർഷകനാണ്.
നജീബിനെ കണ്ടില്ലെങ്കിലും ആ ഹൃദയം അനന്തനുണ്ണിക്കറിയാം
ബെന്യാമിന്റെ ‘ആടുജീവിതം’ നോവലിന് കാരണക്കാരനായ നജീബിന്റെ നാടായ കാർത്തികപ്പള്ളിയിലേക്ക് ചെട്ടിക്കുളങ്ങരയിൽ നിന്ന് അരമണിക്കൂറിൽ താഴെയാണ് ദൂരം. നജീബിനെ അനന്തനുണ്ണി നേരിൽ കണ്ടിട്ടില്ല പക്ഷേ, നജീബിന്റെ നോവും നൊമ്പരവും നിസ്സഹായതയും മറ്റാരെക്കാളും അനന്തനുണ്ണിക്കറിയാം. ‘ആടുജീവിത’ത്തിലൂടെ മലയാളി വായിച്ചറിഞ്ഞ മരുക്കാട്ടിലെ തീവ്രമായ അതിജീവന കഥക്ക് നാടോടിനൃത്തത്തിലൂടെ ദൃശ്യഭാഷ്യമേകിയാണ് കാർത്തികപ്പള്ളിക്കാരനായ അനന്തനുണ്ണി അരങ്ങിൽ വൈകാരികമായി ആടിപ്പാടിയത്.
അക്ഷരങ്ങളിലൂടെ വായനലോകം ഹൃദയം കൊണ്ടേറ്റുവാങ്ങിയ ചോരപൊടിയുന്ന ജീവിതാനുഭവങ്ങളെ അതേ തീവ്രതയോടെ സദസ്സ് നേരിട്ടനുഭവിച്ചു. നാടോടി മത്സര വേദികളിലെ പരമ്പരാഗത ഇതിവൃത്തങ്ങളിൽ നിന്ന് വ്യത്യസ്തമായി പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള ചൂണ്ടുപലക എന്നതായിരുന്നു അവതരണത്തെ വേറിട്ടതാക്കിയത്. ആലപ്പുഴ കാർത്തികപ്പള്ളി കൊയ്പള്ളി വി.എസ്.എസ്.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അനന്തനുണ്ണി രണ്ടുമാസം കൊണ്ടാണ് നൃത്തം പരിശീലിച്ചത്.
നാടോടി നൃത്തത്തിലെ പതിവ് സങ്കേതങ്ങളായ അരിവാളിനും പങ്കായത്തിനും കുറത്തിയുടെ തത്തപ്പെട്ടിക്കും പകരം ആടും തൊഴുത്തും പാത്രങ്ങളും അമ്മയുടെ ഫോട്ടോയുമടക്കം വേദിയിലെത്തിച്ച് വൈകാരികമായിരുന്നു അവതരണം. ഇന്നലെകളെക്കുറിച്ച് വ്യാകുലപ്പെടുകയോ നാളയെക്കുറിച്ച് ആകാംക്ഷപ്പെടുകയോ ചെയ്യാതെ ഇന്നിനെ കുറിച്ച് മാത്രം ചിന്തിച്ച നജീബായി അനന്തനുണ്ണി മാറുകയായിരുന്നു. എഴുത്തുകാരൻ ബെന്യാമിനെ നേരിൽ കാണണമെന്ന് മോഹമുണ്ട്.
ബെന്യാമിന്റെ നാടായ കുളനട സമീപ ജില്ലയിലാണ്. ആഗ്രഹം സാക്ഷാത്കാരിക്കാൻ മാതാവ് തുഷാരയും പിതാവ് അശോക് കുമാറും സന്നദ്ധതയറിയിച്ചതാണ് ഏറെ സന്തോഷം. ഫുട്ബാളിനെ ഏറെ ഇഷ്ടപ്പെടുന്ന അനന്തനുണ്ണി കരിമുട്ടം അറ്റ്ലസ് ക്ലബ് ടീമിന്റെയും ചത്തിയറ സാന്റോസിന്റെയും റൈറ്റ് വിങ് പ്ലയറാണ്. ഒപ്പം അർജന്റീന ഫാനും.
ഏകാംഗ ആശയ സമ്പുഷ്ടം, ചേഷ്ടകൾ പതിവുപോലെ
ഏകാംഗ അഭിനയ വേദി വിഭിന്ന ആശയങ്ങളാൽ സമ്പുഷ്ടമായെങ്കിലും കുട്ടികൾ പതിവ് ചേഷ്ടകളിൽ തന്നെ കടിച്ചുതൂങ്ങി. കോമാളിത്തരങ്ങളോളമെത്തുന്ന ഒരുതരം കാട്ടിക്കൂട്ടലായാണ് പലരുടെയും അഭിനയം അനുഭവപ്പെട്ടത്. കാണാപാഠം പഠിച്ച ആംഗ്യങ്ങളും ഭാവങ്ങളും കാരണം അഭിനയത്തിന്റെ സ്വാഭാവികത നഷ്ടമായി. പരിശീലകന്റെ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ കലാപ്രകടനമെന്ന് പറയാം.
വിഷയങ്ങളിലെ അവരുടെ കാഴ്ചപ്പാട് വാക്കുകളിലൂടെ പുറത്തുവരുന്നുണ്ടെങ്കിലും അഭിനയത്തിൽ അത് പ്രതിഫലിക്കുന്നില്ല. ഹരീഷിന്റെ ‘മീശ’യും ഗാന്ധിയെ വിട്ട് ഗോദ്സെയെ ഹീറോയാക്കുന്ന തലമുറമാറ്റവും ബാലികയെ ബലാത്സംഘം ചെയ്തവനെ കോടതി വെറുതെ വിടുന്നതുമൊക്കെ അവതരിപ്പിച്ച കുട്ടികൾ പ്രമേയത്തിന്റെ പ്രസന്നത കൊണ്ട് മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളെക്കാൾ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികൾ മികവ് പുലർത്തി. മണിപ്പൂർ അടക്കം പ്രശ്നങ്ങളിൽ നീതിദേവത സ്വയം നാവറുക്കുന്ന പ്രമേയം അവതരിപ്പിച്ച പെൺകുട്ടിയുടെ പ്രകടനം വിധികർത്താക്കളുടെ കൈയടി ഏറ്റുവാങ്ങി. വ്യത്യസ്ത പ്രണയ ദുരന്തങ്ങളാണ് മറ്റൊരു കുട്ടി അവതരിപ്പിച്ചത്. അഭിനയത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ പലർക്കും കഴിയുന്നില്ലെന്ന് ഫലപ്രഖ്യാപനത്തോടൊപ്പം വിധികർത്താക്കളും ചൂണ്ടിക്കാട്ടി. എങ്കിലും ഇരു വിഭാഗത്തിലും മത്സരിച്ച എല്ലാവരും എ ഗ്രേഡ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.