കൊച്ചി മുസ്രിസ് ബിനാലെ സമാപനത്തിലേക്ക്
text_fieldsകൊച്ചി: മുസ്രിസ് ബിനാലെ സമാപനത്തിലേക്ക്. നാലുമാസം മുമ്പ് കൊച്ചിയിൽ ആരംഭിച്ച ലോക കലാകാരന്മാരുടെ ഒത്തുചേരൽ ഈമാസം 10ന് സമാപിക്കും. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിലാണ് സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കലാകാരന്മാരും ആസ്വാദകരും ഉൾപ്പെടെ എട്ട് ലക്ഷത്തിലധികം പേർ ഇതിനകം പ്രദർശനം സന്ദർശിച്ചതായാണ് കണക്ക്.
80 കലാകാരന്മാരുടെ സൃഷ്ടികളാണ് ഇത്തവണ പ്രദർശിപ്പച്ചത്. 16 വേദികളിലായാണ് കലാപ്രദർശനം നടക്കുന്നത്. ഇതിന് പുറമെ വിവിധ വേദികളിലായി സംഗീതവും സിനിമയും നാടകവും ഉൾപ്പെടെ കലാപരിപാടികളും ചർച്ചകളും സംവാദങ്ങളും പൈതൃക സമ്മേളനങ്ങളും യാത്രകളും ക്യാമ്പുകളും ആർട്ട്റൂം ശിൽപശാലകളും നടന്നു.മൾട്ടി മീഡിയ ജേണലിസ്റ്റ് കാർത്തിക് ചന്ദ്രമൗലി നയിക്കുന്ന ‘ബിവെയർ ഓഫ് വിഷ്വൽസ്’ ശിൽപശാല തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ ഫോർട്ട്കൊച്ചി കബ്രാൾയാർഡ് പവിലിയനിൽ നടക്കും.
വൈകീട്ട് ഏഴുമുതൽ കാലാവസ്ഥ മാറ്റത്തിന്റെ പ്രതിസന്ധി പ്രമേയമായ ഡോക്യുമെന്ററി പരമ്പര ‘ഫോഴ്സ്ഡ് ടു അഡാപ്റ്റ്: ഇന്ത്യ’ പ്രദർശിപ്പിക്കും. ഡീജ് ഫിലിപ്സ് ഒരുക്കിയ ഡോക്യുമെന്ററി ആദ്യ പ്രദർശനമാണിത്. ‘ഹാർവെസ്റ്റ് മദർ’, ‘ക്ലൈമറ്റ് ഗാർഡിയൻസ്’, ‘ദ മാൻഗ്രൂവ് ഫാമിലി’ എന്നീ ഹ്രസ്വ ചിത്രങ്ങളാണ് പരമ്പരയിൽ.
ഇനിയുള്ള രണ്ട് തിങ്കളാഴ്ചകളിൽ പ്രവേശനം സൗജന്യമാണ്.സാധാരണ ടിക്കറ്റിന് 150 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയും വിദ്യാർഥികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.