പഞ്ചാബിലെ പൊങ്കൽ ആഘോഷത്തിൽ യാസിർ ഗുരുക്കളുടെ കോൽക്കളി സംഘം
text_fieldsകോഴിക്കോട്: പഞ്ചാബ് സർക്കാറിന്‍റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട്ടെ യാസിർ ഗുരുക്കളുടെ കോൽക്കളി സംഘവും.
ചണ്ഡിഗഢിലെ ഭാരതി ഭവനിലെ കലരംഗത്തിൽ നടന്ന പരിപാടിയിലാണ് അൽ-മുബാറക്ക് കളരി സംഘത്തിലെ പതിനഞ്ച് അംഗ കോൽക്കളി സംഘം പരിപാടികൾ അവതരിപ്പിച്ചത്. ഭാരതി ഭവന് പുറമെ, മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേൻ ആൻഡ് റിസർച്ച്, ഹരിയാനയിലെ പഞ്ച്കുളയിലെ ആഷിയാന ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലും സംഘം പരിപാടികൾ അവതരിപ്പിച്ചു.
ഭാരതി ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരി ലാൽ പുരോഹിത് കലാകാരന്മാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കേരളത്തിൽനിന്ന് ആദ്യമായാണ് ഒരു കോൽക്കളി സംഘം പഞ്ചാബിലെ പൊങ്കൽ ആഘോഷ പരിപാടിയിൽ പങ്കെടുത്തത്. ജയ്പൂർ ഫെസ്റ്റ്, ദോൽപൂർ ഫെസ്റ്റ്, കർണാടകയിലെ ഹാസനിലെ ബാഹുബലി ക്ഷേത്രത്തിലെ ഉത്സവം, ദൽഹി, ചെന്നൈ, ലക്ഷ ദ്വീപ് എന്നിവിടങ്ങളിലെ ദേശീയ ഉത്സവങ്ങൾ എന്നിവിടങ്ങളിലും വിവിധ സംസ്ഥാനങ്ങളുടെ അതിഥിയായി സംഘം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ യാസിർ ഗുരുക്കൾ കോൽക്കളി വിധികർത്താവാണ്. ഇതിന് പുറമെ, സ്കൂളുകളിലും പുറത്തും കോൽക്കളി പരിശീലകനായും പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ ചുമട്ടുതൊഴിലാളിയായി ജോലിക്കിടെ ലഭിക്കുന്ന ഒഴിവു സമയങ്ങളിൽ പഠിച്ചാണ് കോൽക്കളി ഗുരുക്കളായി മാറിയത്. കോൽക്കളിയെക്കുറിച്ച് യാസിർ എഴുതിയ വടക്കൻ മാപ്പിള കോൽക്കളി,മാപ്പിള സംഘകലകൾ എന്നീ പുസ്തകങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ആഷിക് .വി.കെ, ശാമിൽ, മുഫീദ്, ഹാഷിം, അമൽ നിഹാദ്, ബാസിത്, തമിം, നിഷാൽ, അദ്നാൻ, ഫസീഹ്, ഫഹദ്, ഷാഹിദ്, ഷിബിൽ, റബിൻ എന്നിവരും യാസറിനോടൊപ്പം സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.