കൊല്ലം ജില്ല സ്കൂൾ കലോത്സവം; കലയാരവമുയരാൻ രണ്ട് നാൾ, ഒരുക്കം അതിവേഗം
text_fieldsകൊല്ലം: ജില്ല സ്കൂൾ കലോത്സവത്തിന് ആരവമുയരാൻ രണ്ട് നാൾ മാത്രം ബാക്കിനിൽക്കെ ഒരുക്കം അതിവേഗം മുന്നേറുന്നു. കുണ്ടറ ഉപജില്ല ആതിഥ്യമരുളുന്ന കലോത്സവം 20ന് ആരംഭിച്ച് 24ന് സമാപിക്കും. ഉപജില്ല കലോത്സവങ്ങളിൽ മാറ്റുതെളിയിച്ച അയ്യായിരത്തോളം പ്രതിഭകൾ ജില്ലയിൽ മത്സരിക്കാനെത്തും.
കുണ്ടറ, ഇളമ്പള്ളൂർ, പെരുമ്പുഴ, കേരളപുരം, കാഞ്ഞിരകോട് എന്നിവിടങ്ങളിലെ സ്കൂളുകളും പൊതുയിടങ്ങളും ഉൾപ്പെടെ 13 വേദികളാണ് കൗമാര കലോത്സവത്തിന് ഒരുക്കുന്നത്. എസ്.എൻ.എസ്.എം എച്ച്.എസ്.എസ് ഇളമ്പള്ളൂർ, കെ.ജി.വി യു.പി.എസ് കുണ്ടറ, ഇളമ്പള്ളൂർ ക്ഷേത്ര മൈതാനം.
നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂൾ , ഫാസ് കുണ്ടറ, എം.ജി യു.പി.എസ് പെരുമ്പുഴ, പെനിയൽ ഇ.എം.എൽ.പി.എസ് കേരളപുരം, കാഞ്ഞിരകോട് സെന്റ് ആന്റണീസ് എൽ.പി.എസ്, കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്.എസ്, കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്.എസ്, കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, കാഞ്ഞിരകോട് സെന്റ് മാർഗരറ്റ് എൽ.പി.എസ്, കാഞ്ഞിരകോട് സെന്റ് മാർഗരറ്റ് ജി.എച്ച്.എസ്, ഇളമ്പള്ളൂർ പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് വേദികൾ ക്രമീകരിക്കുന്നത്.
വിവിധ കമ്മിറ്റികളുടെ അവലോകനയോഗങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ചേർന്ന് ഒരുക്കങ്ങളിലെ പുരോഗതി വിലയിരുത്തി. ഭക്ഷണ കലവറയിലേത് ഉൾപ്പെടെ പന്തൽ നിർമാണം ഞായറാഴ്ചയോടെ പൂർത്തിയാകും. ഉപജില്ല അപ്പീലുകൾ മുഴുവൻ പരിഗണിച്ച് കഴിഞ്ഞിട്ടില്ല. മൂന്നിൽ ഒന്ന് അപ്പീലുകൾ അനുവദിക്കാനാണ് തീരുമാനം. കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ അപ്പീലുകളിൽ മാത്രമാണ് ഇതിനകം തീരുമാനമായത്. കൊട്ടാരക്കര, പുനലൂർ വിദ്യാഭ്യാസ ജില്ലകളിലെ അപ്പീലുകളിൽ ഇന്ന് തീരുമാനമാകും.
മത്സരങ്ങൾ എല്ലാദിവസവും രാവിലെ ഒമ്പതിന് ആരംഭിക്കും. കൃത്യസമയത്ത് തന്നെ മത്സരങ്ങൾ ആരംഭിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ആദ്യദിനമായ തിങ്കളാഴ്ച രചനയിനങ്ങളും ബാൻഡ് മേളവുമുൾപ്പെടെ 40ഓളം മത്സരങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയിൽ നിന്നും ദൂരെയുള്ള വേദിയിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് ബസുകൾ ക്രമീകരിക്കും.
ഉദ്ഘാടനം ചൊവ്വാഴ്ച
ജില്ല കലോത്സവത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മത്സരങ്ങൾക്ക് തുടക്കമിട്ട് രാവിലെ 8.30ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ പതാകയുയർത്തും. ചൊവ്വാഴ്ചയാണ് ഉദ്ഘാടനചടങ്ങ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിക്കും. 24ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം കൊടിക്കുന്നില് സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. പി.സി. വിഷ്ണുനാഥ് എം.എല്.എ മുഖ്യപ്രഭാഷണം നിർവഹിക്കും.
50000ത്തോളം പേർക്ക് ഭക്ഷണം
അഞ്ച് ദിനവും വിഭവസമൃദ്ധമായ ഭക്ഷണം നൽകാനുള്ള ഒരുക്കങ്ങളാണ് ജില്ല കലോത്സവ നഗരിയിൽ നടക്കുന്നത്. ഇളമ്പള്ളൂർ കെ.ജി.വി ജി.എച്ച്.എസിൽ ഒരേസമയം 900ത്തോളം പേർക്ക് ഇരിക്കാവുന്ന പന്തലിലാണ് ഭക്ഷണവിതരണം.
150ഓളം പേരെ കൊള്ളുന്ന ആറ് വീതം കൗണ്ടറുകളായി തിരിച്ചാണ് ക്രമീകരണം. ഹരിതചട്ടം പാലിച്ചുള്ള ഭക്ഷണ വിതരണത്തിൽ ഇലയിട്ടായിരിക്കും ഭക്ഷണം നൽകുന്നത്. വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളുമുൾപ്പെടെ അമ്പതിനായിരത്തോളം പേർക്ക് അഞ്ച്ദിനങ്ങളിലായി ആകെ ഭക്ഷണം നൽകാനാണ് തീരുമാനം. മൂന്ന് നേരങ്ങളിലായി ഒരു ദിവസം 10000ത്തോളം പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുക. ആദ്യദിനം നാലായിരം പേരെയാണ് പ്രതീക്ഷിക്കുന്നത്.
തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഉച്ചക്ക് മാത്രം 6000 പേർക്ക് ഭക്ഷണമുണ്ടാകും. ആദ്യ രണ്ട് ദിവസങ്ങളിലും ഉച്ചക്കും രാത്രിയുമായിരിക്കും ഭക്ഷണം ഉണ്ടാകുക. 22, 23 ദിനങ്ങളിൽ മൂന്ന് നേരവും ഭക്ഷണമുണ്ടാകും. 24ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമായിരിക്കും ഉണ്ടാകുക.
ആദ്യ ദിനം വെജിറ്റബ്ൾ ഫ്രൈഡ് റൈസും 23ന് സദ്യയും 24ന് ചിക്കൻ ഫ്രൈഡ് റൈസുമാണ് ഉച്ചക്കുള്ള സ്പെഷൽ വിഭവങ്ങൾ. രാവിലെ 11നും വൈകീട്ട് നാലിനും ചായയും ലഘുപലഹാരവുമുൾപ്പെടെ ഒരുക്കുന്നുണ്ട്. ദൂരെയുള്ള വേദികളിൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള വിദ്യാർഥികളെ ഭക്ഷണസ്ഥലത്തെത്തിക്കാൻ 10 ബസുകൾ ക്രമീകരിക്കും. ഇത്തരത്തിലെത്തുന്ന കുട്ടികൾക്ക് രണ്ട് കൗണ്ടറുകളിൽ പ്രത്യേക പരിഗണന നൽകും. കടയ്ക്കൽ സ്വദേശിക്കാണ് ഭക്ഷണ ടെൻഡർ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.