കൊല്ലം ജില്ല സ്കൂൾ കലോത്സവം; കലക്കി കൗമാരം
text_fieldsകുണ്ടറ: താളവും ലയവും നടനവും ചേരുംപടി ചേർന്ന രണ്ടാം നാളിൽ ജില്ല സ്കൂൾ കലോത്സവത്തിൽ പ്രതിഭകളുടെ മാറ്റുരക്കൽ. ആദ്യ പകലിന്റെ ആലസ്യത്തിൽനിന്ന് രണ്ടാം ദിനത്തിലെ ആവേശത്തിലേക്കുള്ള വർണാഭമായ വേഷപ്പകർച്ചയായിരുന്നു കുണ്ടറയുടെ മണ്ണ് സാക്ഷ്യംവഹിച്ചത്.
ചമയഭംഗി നിറഞ്ഞാടിയ ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും, കുട്ടി അഭിനേതാക്കൾ വിസ്മയിപ്പിച്ച നാടകവേദിയിലെ നിലക്കാത്ത കൈയടി, കന്നടയുടെ കാവ്യമൊഴി നിറഞ്ഞ പദ്യംചൊല്ലൽ, പ്രസംഗ, യക്ഷഗാന വേദി, ആവേശക്കാഴ്ചയൊരുക്കി ചവിട്ടുനാടകവും മാർഗംകളിയും പരിചമുട്ടുകളിയും സംസ്കൃതത്തിന്റെയും അറബിക്കിന്റെയും ശ്രേഷ്ഠത കൈവിടാത്ത സംസ്കൃതോത്സവ-അറബിക് കലോത്സവ വേദികൾ... രണ്ടാം ദിനം കലയുടെ ഉത്സവ നിമിഷങ്ങൾ അക്ഷരാർഥത്തിൽ 13 വേദികളിലും നിറഞ്ഞൊഴുകി.
മത്സരച്ചൂടിന് ആശ്വാസമായി വൈകീട്ടോടെ പെയ്ത മഴയിലും ആവേശം ചോരാതെ മത്സരങ്ങൾ പുരോഗമിച്ചു. മണിക്കൂറുകൾ നീണ്ട മത്സരങ്ങൾക്കൊടുവിൽ മികവുറ്റ പ്രതിഭകൾ എ ഗ്രേഡും സംസ്ഥാന വേദിയിലേക്കുള്ള സ്വപ്ന ടിക്കറ്റും സ്വന്തമാക്കി നിറചിരിയുമായി കടന്നുവരുന്നതോടെ കാത്തിരിപ്പുകൾക്കെല്ലാം സുന്ദരമായ പര്യവസാനമായി. മൂന്നാം ദിനമായ ബുധനാഴ്ച തിരുവാതിര, ഒപ്പന, ശാസ്ത്രീയസംഗീതം, സംഘഗാനം, മൂകാഭിനയം, നാടകം, പ്രസംഗം, കുച്ചിപ്പുടി ഉൾപ്പെടെ ഇനങ്ങൾ അരങ്ങിലെത്തും.
കുലുങ്ങാതെ കരുനാഗപ്പള്ളി
ജില്ല സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനത്തിൽ മുന്നേറ്റവഴിയിൽ കുലുങ്ങാതെ കരുനാഗപ്പള്ളി ഉപജില്ല. 247 പോയന്റുമായി തകർപ്പൻ മുന്നേറ്റമാണ് കരുനാഗപ്പള്ളി നടത്തുന്നത്. ആദ്യദിനം കരുനാഗപ്പള്ളിക്ക് വെല്ലുവിളി ഉയർത്തിയ കുണ്ടറ പിന്നിലേക്ക് പോയപ്പോൾ പുനലൂർ പാഞ്ഞുകയറി രണ്ടാം സ്ഥാനത്തെത്തി.
226 പോയന്റാണ് പുനലൂരിന് ഉള്ളത്. ചാത്തന്നൂർ (216), അഞ്ചൽ (208), ചടയമംഗലം (204) എന്നീ ഉപജില്ലകൾ അഞ്ചുവരെ സ്ഥാനത്താണ്. സ്കൂൾ പോയന്റ് നിലയിൽ കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് ഒന്നാമതാണ്. 95 പോയന്റാണ് നേട്ടം.
ആതിഥേയരായ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസ് 87 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. കടയ്ക്കൽ ഗവ.എച്ച്.എസ്.എസ് 83 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ 55 പോയന്റുമായി കരുനാഗപ്പള്ളിയും എച്ച്.എസ് വിഭാഗത്തിൽ 30 പോയന്റുമായി പുനലൂരും ഒന്നാമതാണ്. അറബിക് കലോത്സവം യു.പി വിഭാഗത്തിൽ 30 പോയന്റുമായി ചവറയും എച്ച്.എസിൽ 65 പോയന്റുമായി പുനലൂരും മുന്നേറുന്നു.
നെഫ്രോട്ടിക് സിൻഡ്രോം തോറ്റു, അക്ഷയിന്റെ വാശിക്ക് മുന്നിൽ
വാശിയായിരുന്നു അക്ഷയ് രാജിന്റെ എനർജി. ശരീരമനങ്ങി ഡാൻസ് കളിക്കേണ്ടെന്ന് വിലക്കിയ ഡോക്ടറോടല്ല, ഡാൻസിൽ നിന്ന് അകറ്റിനിർത്തിയ അസുഖത്തോടുള്ള വാശി. ആ വാശിയിൽ ഭരതനാട്യം ആടിക്കയറിയ മിടുക്കൻ ഫസ്റ്റ് എ ഗ്രേഡും വാങ്ങി ചിരിച്ചുകൊണ്ടു പറഞ്ഞു, സന്തോഷംകൊണ്ട് നിൽക്കാൻ പറ്റുന്നില്ല.
ഒന്നാം വേദിയിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ നടന്ന എച്ച്.എസ് വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിലാണ് കടമ്പനാട് കെ.ആർ.കെ.പി.എം ബി.എച്ച്.എസ് ആൻഡ് വി.എച്ച്.എസിലെ 10ാം ക്ലാസുകാരൻ അക്ഷയ് രാജ് വാശിയോടെ കളിച്ചുജയിച്ചത്. ആറാം വയസ്സു മുതൽ കൂടെയുള്ള നൃത്തത്തിൽനിന്ന് കോവിഡ് കാലത്തിനു ശേഷം മാറിനിൽക്കേണ്ടിവന്ന ദുഃഖത്തിൽനിന്നുള്ള തിരിച്ചുവരവാണ് ഈ ജയം.
കോവിഡ് കാലത്തിന് പിന്നാലെയാണ് ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോം എന്ന രോഗം അക്ഷയിന്റെ ശരീരത്തെ കീഴടക്കാൻ എത്തിയത്.
തിരുവനന്തപുരം എസ്.എ.ടിയിലെ ചികിത്സയും മനക്കരുത്തുംകൊണ്ട്, ഗുരുതരമാകുമായിരുന്ന രോഗത്തെ അവൻ വരുതിയിലാക്കി. അപ്പോഴും ഡോക്ടർ വിലക്കി, ശരീരമനങ്ങിയുള്ള ഡാൻസ് ഒന്നും വേണ്ട. കഴിഞ്ഞ വർഷം നൃത്തത്തിൽ നിന്നും കലോത്സവത്തിൽനിന്നും അകന്നു നിന്ന വേദന ഇത്തവണയും താങ്ങാൻ കഴിയില്ലെന്ന് അവൻ മനസ്സിലുറപ്പിച്ചതോടെ ഡോക്ടറോട് അനുവാദംപോലും ചോദിക്കാതെ വീണ്ടും അവൻ ചിലങ്കയണിഞ്ഞു.
എല്ലാ സപ്പോർട്ടും നൽകി ഗുരു കലാമണ്ഡലം രേഖ രാമകൃഷ്ണനും കട്ടക്ക് കൂടെനിന്നു. പെരുവിരുത്തി മലനട സിന്ധുഭവനത്തിൽ കെ. രാജുവും കെ.എസ്. സിന്ധുവും മകന്റെ സ്വപ്നത്തിനൊപ്പം ചേർന്നുനിന്നു. ഡാൻസ് പ്രാക്ടീസ് കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പാതിരാത്രിപോലും ഓടിയെത്തുന്ന റബർ ടാപ്പിങ് തൊഴിലാളികളായ മാതാപിതാക്കളുടെ പിന്തുണ ഏറെ വലുതാണെന്ന് അക്ഷയ് പറയുന്നു.
പരിഭവങ്ങൾ പലവിധം...
പരാതികളും പരിഭവങ്ങളുമില്ലാത്ത കലോത്സവമില്ലല്ലോ, കുണ്ടറയിലും പതിവിന് മാറ്റമില്ല. രണ്ടാം ദിനത്തിൽ രണ്ടു മണിക്കൂർ വൈകി ഉദ്ഘാടനം നടന്നതോടെ മത്സരങ്ങളും അതുപോലെ വൈകി. 11 പിന്നിട്ടതിന് ശേഷമാണ് മത്സരങ്ങൾക്ക് തുടക്കമായത്.
അഞ്ചാം വേദിയായ കുണ്ടറ ഫാസ് ആണ് എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളുടെ കഥകളി സിംഗിളും ഗ്രൂപ്പും നടത്താൻ നിശ്ചയിച്ചിരുന്നത്. മത്സരത്തിന് നാലു മണിക്കൂർ മുമ്പേ ചുട്ടികുത്തി ഒരുങ്ങാൻ വിദ്യാർഥികൾ വേദിയിൽ എത്തിയപ്പോഴാണ് ഗ്രീന് റൂം ഇല്ല എന്ന ‘യാഥാർഥ്യം’ സംഘാടകരും തിരിച്ചറിഞ്ഞത്.
പരിസരത്തെ വീടുകളിൽകയറി ചില കുട്ടികൾ ചമയം പൂർത്തിയാക്കി. പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കിയ സംഘാടകർ മത്സരം പ്രധാന വേദിയിലേക്ക് മാറ്റാനും തീരുമാനിച്ചു. അവിടെ രാവിലെ തുടങ്ങിയ ഭരതനാട്യം രാത്രിയോടടുത്തിട്ടും തീർന്നില്ല. കഥകളി ചുട്ടികുത്തിയ കുട്ടികൾ അങ്ങനെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പായി.
പെരുമ്പുഴ ഗവ. എൽ.പി.എസിലെ എച്ച്.എസ് നാടകവേദിയിൽ രാവിലെ മത്സരം തുടങ്ങാനുള്ള സമയവും കടന്നുപോകവേയാണ് ഒരുകൂട്ടം കാണികൾ തർക്കമുന്നയിച്ചെത്തിയത്. ഏകപക്ഷീയമായി വിധി പറയരുതെന്നും വിധികർത്താക്കളെല്ലാം കൂട്ടായി ആലോചിച്ച് വിധിനിർണയിക്കണമെന്നുമായിരുന്നു ആവശ്യം. സംഘാടകർ കൃത്യമായി മറുപടി നൽകിയതോടെ ഇവർ പിരിഞ്ഞുപോകുകയും നാടകം ആരംഭിക്കുകയും ചെയ്തു.
പ്രധാന വേദിയിൽനിന്ന് ദൂരെയായുള്ള ഈ വേദിയിൽ നാടകം അവതരിപ്പിച്ച ചടയമംഗലം എം.ജി എച്ച്.എസ്.എസിൽനിന്നുള്ള വിദ്യാർഥികൾ ഉച്ചക്ക് സംഘാടകർ ഒരുക്കിയ വാഹനത്തിൽ പ്രധാനവേദിക്ക് സമീപത്തെ ഭക്ഷണകലവറയിൽ എത്തിയപ്പോൾ ഭക്ഷണം ലഭിക്കാതായതും പരാതിക്കിടയാക്കി. മത്സരത്തിന്റെ തിരക്കിനിടയിൽ കൂപ്പൺ വാങ്ങാൻ വിട്ടുപോയ സംഘത്തിന് കൂപ്പൺ ഇല്ലാത്തതിനാൽ ഭക്ഷണം നൽകാൻ കഴിയില്ലെന്ന് ഭക്ഷണകമ്മിറ്റി അംഗങ്ങൾ നിലപാടെടുത്തതാണ് പരാതിക്ക് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.