കൊല്ലം ജില്ല സ്കൂൾ കലോത്സവം: രചനാ മത്സരങ്ങളും ബാൻഡും ഇന്ന്
text_fieldsകുണ്ടറ: അഞ്ചുനാള്‍ നീളുന്ന കൗമാര പ്രതിഭകളുടെ ജില്ല സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച വിളംബരനാട് വേദിയാകും. 62ാം ജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് രാവിലെ 8.30ന് വിദ്യാഭ്യാസ ഉപജില്ല ഡയറക്ടര്‍ കെ.ഐ. ലാല്‍ പതാക ഉയര്‍ത്തുന്നതോടെ രചന മത്സരങ്ങള്‍ ആരംഭിക്കും.
കേരളപുരം സെന്റ് വിന്‍സന്റ് സ്കൂളില്‍ 10ന് ബാൻഡ് മേളം ആരംഭിക്കും. കെ.ജി.വി ഗവ.യു.പി സ്കൂളില്‍ അറബിക് സാഹിത്യോത്സവം ആരംഭിക്കും. എസ്.എന്‍.എസ്.എം.എച്ച്.എസ്.എസില്‍ രാവിലെ 10ന് ചിത്രരചന മത്സരങ്ങള്‍ ആരംഭിക്കും. ഇതേ സ്കൂളിലെ അടുത്ത വേദിയില്‍ കാര്‍ട്ടൂണ്‍, കൊളാഷ്, കഥരചന, ഉപന്യാസ രചന എന്നിവ നടക്കും. സ്കൂളിലെ അടുത്ത വേദിയില്‍ സംസ്കൃത കലോത്സവം 10ന് ആരംഭിക്കും.
ചൊവ്വാഴ്ച രാവിലെ 9.30ന് കലോത്സവം എന്‍.കെ. പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷതവഹിക്കും. എം.എല്‍.എമാരായ പി.എസ്. സുപാല്‍, ജി.എസ്. ജയലാല്‍, എം. മുകേഷ്, കോവൂര്‍ കുഞ്ഞുമോന്, ഡോ. സുജിത്ത് വിജയന്‍പിള്ള, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, മേയര്‍ പ്രസന്ന ഏണസ്റ്റ്, കലക്ടര്‍ എന്‍. ദേവദാസ്, ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യു, ഡി.എം.ഒ ഡോ.ഡി. വസന്തദാസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
24ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് അധ്യക്ഷതവഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
പി.സി. വിഷ്ണുനാഥ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഫലപ്രഖ്യാപനം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീഹരി നിര്‍വഹിക്കും. സമ്മാനങ്ങള്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പൽ ബി. അനില്‍കുമാര്‍ നന്ദി പറയുന്നതോടെ കലോത്സവം സമാപിക്കും.
പ്രധാന വേദികൾ
പ്രധന വേദി ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം ഹയര്‍സെക്കൻഡറി സ്കൂളാണ്. ഇളമ്പള്ളൂര്‍ കെ.ജി.വി.ഗവ.യു.പി.സ്കൂൾ, കേരളപുരം സെന്റ് വിന്‍സന്റ് ഹൈസ്കൂൾ, പെരുമ്പുഴ ഗവ.എല്‍.പി സ്കൂൾ, കാഞ്ഞിരകോട് സെന്റ് മാർഗരറ്റ് ഹൈസ്കൂൾ, കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഹയര്‍സെക്കൻഡറി സ്കൂൾ, സെന്റ് മാർഗരറ്റ് എല്‍.പി.എസ് കാഞ്ഞിരകോട്, ട്രിനിറ്റി ലൈസിയം സ്കൂൾ നാന്തരിക്കല്‍
പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ഇളമ്പള്ളൂര്‍, ഫാസ്ഹാള് ഇളമ്പള്ളൂര്‍, എം.ജി,എല്‍.പി.എസ് പെരുമ്പുഴ, പെനിയല്‍ എല്‍.പി.എസ് കേരളപുരം, സെന്റ് ആന്റണീസ്, എച്ച്.എസ് കാഞ്ഞിരകോട് എന്നിങ്ങനെ 13 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ജില്ല പൊലീസ് അസോസിയേഷന്റെ റിഫ്രഷ്മെന്റ് സ്റ്റാളും, ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം ഹയര്‍ സെക്കൻഡറി സ്കൂൾ എന്‍.എസ്.എസ് യൂനിറ്റിന്റെ സ്റ്റാളും ഉണ്ടാകും.
ചൊവ്വാഴ്ച ഉദ്ഘാടനത്തിന് മുമ്പ് എസ്.എന്‍.എസ്.എം. എച്ച്.എസ്.എസിലെ സംസ്കൃത അധ്യാപകന് രാജന് മലനട എഴുതിയ സ്വാഗതഗാനം സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് അവതരിപ്പിക്കും. പങ്കെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ ദിവസവും 10,000 പേര്‍ക്കുള്ള ഭക്ഷണമാണ് ഫുഡ് കമ്മിറ്റി ഒരുക്കുന്നത്.
നടന് കെ.പി.എ.സി ഫ്രാന്‍സിസ് റവന്യൂ ജില്ല കലോത്സവത്തിന്റെ ശബ്ദവും വെളിച്ചവും സമര്‍പ്പിച്ചു. വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ഡി.ഡി.ഇ.കെ.എ. ലാല്‍ നിര്‍വഹിച്ചു. ഫുഡ് കമ്മിറ്റി ചെയര്മാന് എസ്.എല്‍. സജികുമാര്‍ ഉൗട്ടുപുര ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ. ഹൈസ്കൂളില്‍ പ്രത്യേക പന്തല്‍ തയാറാക്കിയാണ് ഭക്ഷണം വിളമ്പുന്നത്.
മാറ്റിവെച്ച ഇനങ്ങള്‍
കാസര്‍കോട് ടാലന്റ് സെര്‍ച് പരീക്ഷ നടക്കുന്നതിനാൽ രചന മത്സങ്ങളില്‍ തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍സെക്കൻഡറി വിഭാഗം ഹിന്ദി കഥ രചന, ഹിന്ദി കവിത രചന, മലയാളം കഥ രചന, എച്ച്.എസ് സംസ്കൃതം കഥരചന, ഉപ്യാസരചന എന്നീ മത്സരങ്ങള്‍ ചൊവ്വാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.