വരയുടെ പുതുഭാവങ്ങളുമായി കോട്ടയം നസീർ
text_fieldsഷാർജ: അഭിനയത്തിലും അനുകരണത്തിലും മാത്രമല്ല, വരയിലും പുലിയാണ് കോട്ടയം നസീർ. ഷാർജ പുസ്തകോത്സവത്തിലേക്ക് കോട്ടയം നസീർ എത്തിയിരിക്കുന്നത് 'ആർട്ട് ഓഫ് മൈ ഹാർട്ട്' എന്ന പേരിൽ വരകളുടെ വിസ്മയവുമായാണ്. പേരുപോലെ, ഹൃദയംകൊണ്ട് വരച്ച ചിത്രങ്ങളാണിതെന്ന് കണ്ടാൽ മനസ്സിലാകും. ജീവൻ തുടിക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങളാണ് നസീറിന്റെ പേനയിൽ വിരിഞ്ഞിരിക്കുന്നത്. നസീർ വരച്ച 52 ചിത്രങ്ങളടങ്ങിയ പുസ്തകവും ഇവിടെ വിൽപനക്കുണ്ട്. 100 ദിർഹം നൽകിയാൽ പുസ്തകം സ്വന്തമാക്കാം.
നസീർ വരച്ച 30 ചിത്രങ്ങളും വിൽക്കാനുണ്ട്. പെൻസിൽ വര, ജലച്ചായം, അക്രലിക് തുടങ്ങിയ മാധ്യമങ്ങളാണ് വരക്കായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രരചന പഠിച്ചിരുന്നെങ്കിലും സിനിമയിലെ തിരക്കാണ് നസീറിനെ വരയുടെ ലോകത്തുനിന്ന് മാറ്റിനിർത്തിയത്. എന്നാൽ, ഇടക്കാലത്ത് സിനിമകൾ കുറഞ്ഞപ്പോൾ വീണ്ടും വരയിലേക്ക് കടക്കുകയായിരുന്നു. സിനിമയിൽ നിന്ന് വിടപറഞ്ഞ് ചിത്രലോകത്തേക്ക് പൂർണമായും മാറുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായി അടുത്തിടെ നസീർ പറഞ്ഞിരുന്നു. റൊഷാക്ക് എന്ന മമ്മൂട്ടിചിത്രമാണ് വീണ്ടും നസീറിനെ സിനിമയിൽ എത്തിച്ചത്. പുസ്തകോത്സവത്തിലെ ഏഴാം നമ്പർ ഹാളിൽ നടനും സംവിധായകനുമായ നാദിർഷയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. പുസ്തകോത്സവത്തിൽ സജീവമായി ഉണ്ടാകുമെന്ന് നസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.