ഇപ്പോൾ ഇൗ സ്റ്റേഷനറി കടയാണ് രംഗവേദി; കെ.പി.എ.സി പങ്കജാക്ഷൻ അരങ്ങ് ജീവിതം ഓർക്കുന്നു
text_fieldsകൊട്ടിയം: ഒരു നാടകദിനം കൂടി കടന്നുപോകുമ്പോൾ, കൊല്ലം മുഖത്തലയിലെ വീട്ടിലിരുന്ന് കോവിഡ് തിരശ്ശീലയിട്ട അരങ്ങ് ജീവിതം ഓർത്തെടുക്കുകയാണ് പ്രശസ്ത നാടക നടൻ കെ.പി.എ.സി പങ്കജാക്ഷൻ.
കഴിഞ്ഞ വർഷം മാർച്ച് 10 നാണ് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കലാപരിപാടികൾ പൊടുന്നനെ നിർത്തിവെക്കേണ്ടിവന്നത്.
സീസണിെൻറ മൂർധന്യത്തിൽ തന്നെ സ്റ്റേജ് പരിപാടികൾ നിർത്തിവെച്ചപ്പോൾ ആയിര കണക്കിന് സ്റ്റേജ് കലാകാരന്മാരുടെ സ്വപ്നങ്ങൾക്കുകൂടിയാണ് തിരശ്ശീലവീണത്. കോവിഡ് കാലത്തെ രണ്ടാമത്തെ ലോക നാടക ദിനം കടന്നുപോകുമ്പോൾ അരങ്ങ് ഇപ്പോഴും അനാഥം. ജീവിതം എങ്ങനെയും കൂട്ടിപ്പിടിക്കാൻ അതിജീവനത്തിെൻറ പാതയിൽ ഇപ്പോൾ വീടിനു സമീപം ചെറിയ സ്റ്റേഷനറി കട നടത്തുകയാണ് കെ.പി.എ.സി പങ്കജാക്ഷൻ.
കലാലോകത്തേക്ക് കെ.പി.എ.സി പങ്കജാക്ഷൻ കടന്നുവരുന്നത് പത്താം വയസ്സിലായിരുന്നു. 1965ൽ കിളികൊല്ലൂർ കോയിക്കൽ സ്കൂൾ യുവജനോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിലൂടെ. 1968 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു .
'വിവിധ നാടക സമിതികളിലായി നൂറുകണക്കിന് നാടകങ്ങൾ അഭിനയിച്ച വേദികൾക്ക് കണക്കില്ല'. കലയുടെ കണക്കു പുസ്തകം നോക്കി പങ്കജാക്ഷൻ പറഞ്ഞു. തോപ്പിൽ കൃഷ്ണപിള്ള, കൈനങ്കിരി തങ്കരാജ്, ഖാൻ, ജോൺസൺ തുടങ്ങി നിരവധി പ്രമുഖരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. 1980 മുതൽ 12 വർഷം കെ.പി.എ.സിയിൽ നിങ്ങളെന്നെ കമ്യൂണിസറ്റാക്കി, മുടിയനായ പുത്രൻ, സിംഹം ഉറങ്ങുന്ന കാട്, സൂക്ഷിക്കുക ഇടതുവശം പോകുക, മൂലധനം, കൂട്ടുകുടുംബം തുടങ്ങിയ കെ.പി.എ.സിയുടെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
അസിസി തിയറ്റേഴ്സിെൻറ ഓർക്കുക വല്ലപ്പോഴും അവസാന നാടകം. ആകാശവാണിയുടെ ലളിതസംഗീതത്തിനുള്ള ദേശീയ അവാർഡ് 71 ൽ ലഭിച്ചു. ആദ്യ കാലത്ത് നാടകത്തിൽ അഭിനയിക്കുമ്പോൾ 30 രുപയായിരുന്നു പ്രതിഫലം. ഇപ്പോൾ 2200 വരെയായി. പാട്ടുകാരനായിട്ടായിരുന്നു നാടക സമിതിയിൽ എത്തിയത്.
കഴിഞ്ഞ മാർച്ചിലാണ് അതിജീവനത്തിനായി മുഖത്തല പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്ത് ഭാര്യയോടൊപ്പം ചെറിയ സ്റ്റേഷനറി കട തുടങ്ങിയത്. കോവിഡ് കാലത്ത് വരുമാനമില്ലാത്തതിനാൽ ഏറെ വലഞ്ഞു.
ഇടയ്ക്ക തടി കടച്ചിൽ ചെയ്യുന്ന ജോലികളും ചെയ്തു. വാക്സിൻ വന്നതോടെ, കോവിഡിനെ അതിജീവിച്ച് പഴയ സജീവമായ അരങ്ങ് കാലങ്ങൾ തിരികെ വരുമെന്ന പ്രതീക്ഷയോടെയാണ് പങ്കജാക്ഷൻ കാത്തിരിക്കുന്നത്. സങ്കടങ്ങളുടെ വർത്തമാന കാലത്തിരുന്നുകൊണ്ട് ലോക നാടകദിനത്തെ വേദനയോടെ നോക്കിക്കാണുകയാണ് കെ.പി.എ.സി പങ്കജാക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.