കലയെ ചേർത്തുപിടിച്ച കുഞ്ഞി നീലേശ്വരം
text_fieldsപ്രവാസത്തിന്റെ തിരക്കിലും കലയെ മാറോട് ചേർത്തുപിടിക്കുന്ന ഒരു മലയാളിയുണ്ട് യു.എ.ഇയിൽ. കാസർകോഡ് സ്വദേശിയായ കുഞ്ഞി നീലേശ്വരം. കീബോർഡ്, ഹാർമോണിയം, ഒപ്പന, കോൽക്കളി, നാടൻ നൃത്തം, ചിത്രീകരണം തുടങ്ങി സകല മേഖലകളിൽ തന്റെ കഴിവുകളെ പുതു തലറമുറക്ക് പകർന്നു നൽകുകയാണീ കലാസ്നേഹി. നിരവധി ആൽബങ്ങളിൽ ഗാനങ്ങൾക്ക് സംഗീതം നൽകുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കാൽ നൂറ്റാണ്ടു കാലമായി യു.എ.ഇയിലുള്ള കുഞ്ഞി നീലേശ്വരത്തിന് ശിഷ്യഗണങ്ങളുടെ എണ്ണം 10,000 ത്തോളമാണ്. നാട്ടിൽ സജീവ കലാ പ്രവർത്തകനായിരുന്നു ഇദ്ദേഹം. സംസ്ഥാന കലോൽസവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂടിയ നിരവധി വിദ്യാർഥികളുടെ കലാപ്രകടനങ്ങൾക്ക് പിന്നിലും നിശബ്ദനായി കുഞ്ഞി നീലേശ്വരമുണ്ടായിരുന്നു.
സംഗീതവും നൃത്തവും ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ആ രംഗത്തും കയ്യൊപ്പ് ചാർത്താൻ കുഞ്ഞി നീലേശ്വരത്തിന് സാധിച്ചുവെന്നത് ആരേയും അത്ഭുതപ്പെടുത്തും. ഡാൻസിൽ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത് മാപ്പിള കലകളാണ്. യു.എ.ഇയിൽ 400ൽ പരം വേദികളിൽ നൃത്തങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിലേയും ഇന്ത്യയിലെയും മലയാളി കുട്ടികളെ കോർത്തിണക്കി പണ്ഡിറ്റ് രമേഷ് നാരായണൻ പ്രധാന വിധികർത്താവായ സംഗീത റിയിലാലിറ്റി ഷോ ഒന്നിലധികം തവണ സംവിധാനം ചെയ്തതും കുഞ്ഞീ നീലേശ്വരമാണ്.
ഷാർജയിൽ ‘അമ്മ’ സംഘടിച്ച ചലചിത്ര അവാർഡ് നൈറ്റിലും ദുബൈയിൽ കൈരളി ചാനൽ സംഘടിപ്പിച്ച പട്ടുറുമാൽ ഷോയിലും ടൈറ്റിൽ ഡാൻസ് കൊറിയോഗ്രാഫിക്ക് പിന്നിലും ഇദ്ദേഹമാണ്. ദല, യൂ ഫെസ്റ്റ് എന്നിവർ ദുബൈയിൽ സംഘടിപ്പിച്ച യുവജനോൽസവത്തിൽ തുടർച്ചയായി സമ്മാനങ്ങൾ നേടിയ കുട്ടികളെ പരിശീലിപ്പിച്ചതും ഇദ്ദേഹമാണ്. നെല്ലറ അവാർഡ്, അബൂദബി അലിഫ് മീഡിയയുടെ കലാ ശ്രേഷ്ട്ട അവാർഡ് എന്നിവയടക്കം നാട്ടിലും, ഗൾഫിലും നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന്റെ തേടിയെത്തിയിട്ടുണ്ട്. പുതിയ പ്രതിഭകളെ കലാരംഗത്തേ ഉയർത്തികൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കാറുള്ള ഇദ്ദേഹം നാല് വർഷത്തോളമായി ലോകത്താകമാനമുള്ള മലയാളി കുട്ടികൾ ഉൾപ്പെടുന്ന കീഫ്രെയിം ഇന്റർനാഷണൽ എന്ന ബാല സംഘടനയുടെ പ്രോഗ്രാം ഡയരക്ടറാണ്. നിറം നീലേശ്വരം എന്ന കൂട്ടായ്മയുടെ സംഘാടകരിലൊരാളും, അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ, അൽഐൻ മലയാളി സമാജം എന്നീ സംഘടനകളുടെ സജീവ കലാ പ്രവർത്തകനുമാണ്. കാഞ്ഞങ്ങാട് രാമചന്ദ്രൻ, വിഷ്ണുഭട്ട്, വെള്ളിക്കോത്ത് ഉസ്താദ് ഹസ്സൻ ഭായ്, കോഴിക്കോട് മുഹമ്മദലി എന്നിവരാണ് ഗുരുനാഥന്മാർ.
കാവ്യ മാധവൻ, നസ്രീയ നസീം എന്നിവരെ സ്കൂൾ പഠനകാലത്ത് കലകൾ പരിശീലിപ്പിച്ചതും കുഞ്ഞിയാണ്. സനൂഷ സന്തോഷ്, സംസ്ഥാന സ്ക്കൂൾ കലാപ്രതിഭകളായ ഡോ: ശ്രീഹരി, വിപിൻദാസ്, മാപ്പിളപ്പാട്ട് ഗായകൻ ആദിൽ അത്തു, യു.എ.ഇയിലെ ഇഷാന അബൂബക്കർ, ആയിഷ അനീഷ് എന്നിവരും ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽപെടും.
ഭാവ ഗായകൻ പി. ജയചന്ദ്രൻ, കണ്ണൂർ ശരീഫ്, രഹന, കൊല്ലം ശാഫി തുടങ്ങിയ പ്രശസ്തർ പാടിയ ആൽബങ്ങൾക്ക് സംഗീത സംവിധാനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. നിരവധി തവണ യു.എ.ഇയുടെ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട ഗാനങ്ങൾ ആൽബ രൂപത്തിൽ ഇറങ്ങിയിട്ടുമുണ്ട്. ഇരുപത് വർഷത്തോളമായി അൽഐൻ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ സപ്പോർട്ടിങ് സ്റ്റാഫായി ജോലി ചെയ്തുവരുന്നു. ഭാര്യ ജുബൈരിയ. മക്കൾ മുബീന, മുനാസിർ, ജസ്നിയ. കാൽ നൂറ്റാണ്ട് പിന്നിട്ടെങ്കിലും വിശ്രമിക്കാൻ കൂട്ടാക്കാതെ കലാ രംഗത്ത് സജീവമായി മുന്നോട്ടുപോകുകയാണ് ഈ കലാകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.