ലളിത കലാ അക്കാദമി സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsകൊച്ചി: ദൃശ്യകലാ രംഗത്തെ മികച്ച കലാസൃഷ്ടികൾക്ക് കേരള ലളിത കലാ അക്കാദമി നൽകുന്ന സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വാർത്തസമ്മേളനത്തിൽ അക്കാദമി ചെയർമാൻ മുരളി ചീരോത്താണ് 50-ാമത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
50,000 രൂപയും ബഹുമതിപത്രവും മെമന്റോയും ഉൾപ്പെടുന്ന സംസ്ഥാന പുരസ്കാരത്തിന് സുധയദാസ് എസ്, ഷജിത് ആർ.ബി, രാഹുൽ ബാലകൃഷ്ണൻ, ജയേഷ് കെ.കെ, സ്മിത എം. ബാബു എന്നിവർ അർഹരായി. പ്രത്യേക പരാമർശം രജി പ്രസാദ്, വൈശാഖ് കെ, അഖിൽ മോഹൻ, അബ്ദുല്ല പി.എ, ദീപ ഗോപാൽ എന്നിവർക്ക് ലഭിച്ചു. 25,000 രൂപയും ബഹുമതി പത്രവുമാണ് പുരസ്കാരം. വി ശങ്കരമേനോൻ എൻഡോവ്മെന്റ് സ്വർണമെഡൽ ബിജി ഭാസ്കർ രചിച്ച 'ലവ് ലൈവ്സ് ഇൻ ദി വില്ലേജ്' എന്ന ചിത്രത്തിനും വിജയരാഘവൻ എൻഡോവ്മെന്റ് സ്വർണമെഡൽ അബേല റൂബൻ രചിച്ച ശീർഷകമില്ലാത്ത ചിത്രത്തിനുമാണ്.
10,000 രൂപയും ബഹുമതിപത്രവും ഉൾപ്പെടുന്ന പ്രത്യേക പുരസ്കാരത്തിന് വിവിധ കലാലയങ്ങളിൽ നിന്നുള്ള അഞ്ചു വിദ്യാർഥികൾ അർഹരായി. വിവേക് വി.സി (കോളജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം ), മിഥുൻ ടി.വി (ആർ.എൽ.വി തൃപ്പൂണിത്തുറ ), കെ.എസ് അനന്തപത്മനാഭൻ (കോളജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര ), വിവേക് ടി.സി (ആർ.എൽ.വി തൃപ്പൂണിത്തുറ ), ദേവിക കെ.എസ്. (ഗവ കോളജ് ഓഫ് ഫൈൻ ആർട്സ് തൃശൂർ ) എന്നിവരാണ് പുരസ്കാരം നേടിയത്. സ്പെഷൽ ജൂറി അവാർഡിന് കെ.പി. അജയ് - (ന്യു മീഡിയ) അർഹനായി. പുരസ്കാരങ്ങൾ ഈ മാസം അവസാനം വിതരണം ചെയ്യും.
മത്സരത്തിൽ എത്തിയ രചനകളിലേറെയും മികച്ച നിലവാരം പുലർത്തിയെന്നും സമകാലീന വിഷയങ്ങൾ അവയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും സുതാര്യമായാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതെന്നും ജൂറി ചെയർപേഴ്സൻ പ്രഭാവതി മേപ്പയിൽ പറഞ്ഞു. ജൂറി അംഗങ്ങളായ മനീഷ പരേഖ്, അതുൽ ബല്ല, ബാബു ഈശ്വർ പ്രസാദ്, അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.