മഹാത്മാഗാന്ധിയെ ചിത്ര പരമ്പരയിലൂടെ വീണ്ടെടുത്ത് ഫ്രാൻസിസ് കോടങ്കണ്ടത്ത്
text_fieldsമനാമ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങളും ചിന്തകളും പുതുതലമുറ മറക്കുകയാണോ എന്ന് സംശയം തോന്നുന്ന കാലത്ത് ഗാന്ധിയെ, തന്റെ ചിത്ര പരമ്പരയിലൂടെ വീണ്ടെടുക്കുകയാണ് പ്രശസ്ത ചിത്രകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്ത്. ‘ഗാന്ധി -ജീവിതവും യാത്രയും’ എന്ന് പേരിട്ട സീരിസിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകപ്രശസ്തി നേടിയവയാണ്. പത്തുവർഷം മുമ്പാണ് ഫ്രാൻസിസ് കോടങ്കണ്ടത്ത് ഈ സീരിസിലുള്ള ചിത്രങ്ങൾ വരച്ചുതുടങ്ങിയത്.
ഗാന്ധിയൻ ആദർശങ്ങളോടുള്ള മമതയും അതോടൊപ്പം കോഴിക്കോട്ടെ പ്രമുഖ ഗാന്ധിയനായ ബാലേട്ടന്റെ പ്രേരണയും അതിന് കാരണമായി. എം.ജി.എസ് നാരായണനാണ് ചിത്രപ്രദർശനം അന്ന് ഉദ്ഘാടനം ചെയ്തത്. മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാർഷികാഘോഷ വേളയിൽ ഐക്യരാഷ്ട്ര സഭ ഈ സീരിസിലുള്ള 16 ചിത്രങ്ങൾ തിരഞ്ഞെടുക്കുകയും യു.എൻ. ഇന്റർനാഷനൽ ഡേ ഓഫ് നോൺ വയലൻസ് പ്രഖ്യാപനവേളയിൽ യു.എൻ ആസ്ഥാനത്ത് അവ പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് മറ്റു അവാർഡുകൾക്കപ്പുറം തനിക്ക് അഭിമാനകരമായ സംഗതിയായിരുന്നെന്ന് ഇപ്പോൾ ബഹ്റൈനിലുള്ള കോടങ്കണ്ടത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗാന്ധി പരമ്പരയിലുള്ള ചിത്രങ്ങൾക്കും അതിനുശേഷം വരച്ച ചിത്രപരമ്പരകൾക്കും മാധ്യമമായി ഖാദിയിൽ തീർത്ത കാൻവാസാണ് കോടങ്കണ്ടത്ത് ഉപയോഗിച്ചത്.
ചിത്രകലയുടെ മാധ്യമത്തിൽ തന്നെ നാടിന്റെ തനിമ വേണമെന്ന് തോന്നിയതുകൊണ്ടാണ് പ്രത്യേകമായി പരുവപ്പെടുത്തിയ ഖാദിത്തുണി കാൻവാസായി ഉപയോഗിച്ചുതുടങ്ങിയത്. അതിനുശേഷം കാഞ്ചീപുരം സിൽക്കിൽ ഒരുവശത്ത് പേപ്പർ ഒട്ടിച്ച് കാൻവാസ് തയാറാക്കി. ഏറ്റവും പുതിയ ചിത്രപരമ്പരയായ ‘ആപ്ലിക്കേഷൻ ഫോർ ദ പേറ്റന്റ് ഓഫ് എ പേപ്പർ ബോട്ട്’ ലും ഈ സങ്കേതമാണ് ഉപയോഗിച്ചത്. ദലൈലാമക്ക് സമ്മാനിച്ച, തിബത്തൻ ഡ്രീംസ് എന്ന ചിത്രം തിബത്തൻ സിൽക്ക് സ്കാർഫിലാണ് പൂർത്തീകരിച്ചത്. ആധുനികമായ വിഷയം ചിത്രകലയിലൂടെ അവതരിപ്പിക്കുമ്പോൾ തന്നെ, വേരുകളിലേക്കുള്ള യാത്രകൂടിയാണ് കോടങ്കണ്ടത്തിന് കല. ചിത്രത്തിന്റെ ദൃശ്യഭംഗി എന്നതിനപ്പുറം വിഷയത്തിന്റെ ഗഹനതക്കാണ് ലോക കലാവേദികളിൽ അംഗീകാരം ലഭിക്കുന്നത്. എല്ലാ സ്ഥലത്തും ഒരേപോലെ ചിത്രം, പ്രേക്ഷകരിലേക്ക് വിനിമയം ചെയ്യപ്പെടണമെന്നില്ല. എന്നാൽ, ഉചിതമായ കലാസ്വാദകർക്കുമുന്നിൽ കലാസൃഷ്ടി വിജയിക്കുമെന്നും അദ്ദേഹം പറയുന്നു.
തൃശൂർ മണലൂർ തണ്ടിക്കൽ കോടങ്കണ്ടത്ത് കുടുംബാംഗമായ ഫ്രാൻസിസ് ഇന്ത്യൻ റവന്യൂ സർവിസിലായിരുന്നു. 2020ൽ കസ്റ്റംസ് കമീഷണറായി വിരമിച്ചതിനു ശേഷം മുഴുവൻ സമയവും കലാപ്രവർത്തനത്തിലാണ്. 2003-2004ൽ നാഷനൽ അക്കാദമി അവാർഡും 1993ൽ കേരള ലളിതകലാ അക്കാദമി അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ വിഖ്യാതമായ ഡാവിഞ്ചി കോഡിനെ ചോദ്യം ചെയ്തുകൊണ്ട് വരച്ച ‘ ഡീകോഡിങ് ഡാവിഞ്ചി’, ലോഡ് കൃഷ്ണ- ദി നാച്വർ, സാ-രീ-ഗ-മ-പ-ധ-നി, മദർ തെരേസയെ പ്രമേയമാക്കി വരച്ച മദർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ലോക പ്രശസ്തങ്ങളാണ്. ഭാര്യ ഷേർളി ജോസഫ് ചാലിശ്ശേരി ചുവർചിത്രകാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.