മലപ്പുറം സെന്‍ട്രല്‍ സഹോദയ സി.ബി.എസ്.ഇ കലോത്സവത്തിന് തുടക്കം; അരങ്ങുണർന്നു; പെരുവള്ളൂരിൽ കലയുടെ പെരുംമേളം
text_fieldsപെരുവള്ളൂര്‍: പെരുവള്ളൂരിന്റെ മണ്ണില്‍ കലോത്സവാഘോഷാരവം തീർത്ത് സി.ബി.എസ്.ഇ കൗമാര കലാമേളക്ക് കേളികൊട്ടുയര്‍ന്നു. മൂന്ന് നാള് നീളുന്ന ഉത്സവത്തിന് അരങ്ങുണര്‍ന്നതോടെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കലാസ്വാദകരായ നാട്ടുകാരും. മലപ്പുറം സെന്‍ട്രല്‍ സഹോദയയും സി.ബി.എസ്.ഇ മാനേജ്മെന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ജില്ല കലോത്സവത്തിന് പറമ്പില്‍പീടിക നവഭാരത് സെന്‍ട്രല്‍ സ്കൂളാണ് വേദി.
ആദ്യദിനത്തില്‍ 69 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സെക്കൻഡറി വിഭാഗത്തില്‍ കടകശ്ശേരി ഐഡിയലും സീനിയര്‍ സെക്കൻഡറി വിഭാഗത്തിൽ പീവീസ് മോഡല്‍ സ്കൂള്‍ നിലമ്പൂരുമാണ് ഒന്നാം സ്ഥാനത്ത്. സെക്കൻഡറി വിഭാഗത്തില്‍ 246 പോയന്റ് നേടി ഐഡിയല്‍ കടകശ്ശേരി ഒന്നാം സ്ഥാനത്തും 241 പോയന്റ് നേടി പീവീസ് മോഡല്‍ സ്കൂള്‍ നിലമ്പൂര്‍ രണ്ടാം സ്ഥാനത്തുമാണ്. 204 പോയന്റ് സ്വന്തമാക്കി ദ സ്പ്രിങ്സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ നിലമ്പൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. സീനിയര്‍ സെക്കൻഡറി വിഭാഗത്തില്‍ പീവീസ് മോഡല്‍ സ്കൂള്‍ നിലമ്പൂര്‍ (406 പോയന്റ്), എം.ഇ.എസ് സെന്‍ട്രല്‍ സ്കൂള്‍ തിരൂര്‍ (331 പോയന്റ്), നസ്റത്ത് സ്കൂള്‍ മഞ്ചേരി (264 പോയന്റ്) നേടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുകയാണ്. കാറ്റഗറി ഒന്നില്‍ 44 പോയന്റുമായി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ കടകശ്ശേരി ഒന്നാം സ്ഥാനത്തും 37 പോയന്റുമായി പീവീസ് മോഡല്‍ സ്കൂള്‍ നിലമ്പൂര്‍ രണ്ടാം സ്ഥാനത്തും 31 പോയന്റുമായി എം.ഐ.സി ഇംഗ്ലീഷ് സ്കൂള്‍ ചെറുകര മൂന്നാം സ്ഥാനത്തും തുടരുമ്പോള്‍ കാറ്റഗറി രണ്ടില്‍ 83 പോയന്റ് നേടി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ കടകശ്ശേരി ഒന്നാം സ്ഥാനത്തും 61 പോയന്റോടെ നിലമ്പൂർ സ്പ്രിങ്സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ രണ്ടാമതും 60 പോയന്റോടെ പീവീസ് മോഡല്‍ സ്കൂള്‍ നിലമ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
കാറ്റഗറി മൂന്നില്‍ 144 പോയന്റോടെ പീവീസ് നിലമ്പൂര്‍ ഒന്നാം സ്ഥാനത്തും 119 പോയന്റ് നേടി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ കടകശ്ശേരി രണ്ടാം സ്ഥാനത്തും 116 സ്പ്രിങ്സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ നിലമ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
കാറ്റഗറി നാലില്‍ 165 പോയന്റുമായി പീവീസ് മോഡല്‍ സ്കൂള്‍ നിലമ്പൂര്‍ ഒന്നാം സ്ഥാനത്തും 160 പോയന്റ് നേടി എം.ഇ.എസ് സെന്‍ട്രല്‍ സ്കൂള്‍ തിരൂര്‍ രണ്ടാം സ്ഥാനത്തും 96 പോയന്റോടെ നസ്റത്ത് സ്കൂള്‍ മഞ്ചേരി മൂന്നാം സ്ഥാനത്തുമുണ്ട്.
രണ്ടാം ദിനമായ വെള്ളിയാഴ്ച സംഘനൃത്തം, ഓട്ടന്തുള്ളല്, മാര്‍ഗംകളി, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, നാടോടിനൃത്തം, സംഘഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയവ നടക്കും. കലാമേളക്ക് ശനിയാഴ്ച തിരശ്ശീല വീഴും. പി. അബ്ദുൽ ഹമീദ് എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.