ചാൾസ് രാജകുമാരനൊപ്പം മലയാളി പെൺകുട്ടി; പരമ്പരാഗത ഇസ്ലാമിക ചിത്രകലയിൽ താരമായി ശാദിയ
text_fieldsകാക്കനാട്: ബ്രിട്ടീഷ് രാജകുടുംബത്തിെൻറ നെഞ്ചിലേറി മലയാളി കലാകാരി. എറണാകുളം തൃക്കാക്കര സ്വദേശിനി ശാദിയ മുഹമ്മദാണ് പരമ്പരാഗത ചിത്രകലയിലെ പ്രാഗല്ഭ്യം കൊണ്ട് ബ്രിട്ടീഷ് രാജകുമാരനായ ചാൾസ് രാജകുമാരനെ കൈയിലെടുത്തത്. ഇസ്ലാമിക ചിത്രകലയിൽ ഇന്ത്യയിൽനിന്ന് ആദ്യമായി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശാദിയയോട് ചിത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ചാൾസ് രാജകുമാരെൻറ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്.
തൃക്കാക്കര മാനാത്ത് വീട്ടിൽ എം.ഐ. മുഹമ്മദ് ഹാജിയുടെ മകളാണ് ശാദിയ. ലണ്ടനിലെ വെയിൽസിൽ 'ദ പ്രിൻസസ് സ്കൂൾ ഓഫ് ട്രഡീഷനൽ ആർട്സി'ൽ നിന്നുമാണ് പരമ്പരാഗത ഇസ്ലാമിക ചിത്രകലയിൽ ബിരുദാനന്തര ബിരുദം നേടിയത്. ചാൾസ് രാജകുമാരനാണ് ഇതിെൻറ പ്രസിഡൻറ്.
കഴിഞ്ഞ ജൂൺ 28 മുതൽ ജൂലൈ 25 വരെ ലണ്ടനിലെ ചെൽസിയയിൽ നടന്ന വിദ്യാർഥികളുടെ രചനകളുടെ പ്രദർശനത്തിലാണ് ചാൾസ് രാജകുമാരൻ എത്തിയത്. ശാദിയ വരച്ച ചിത്രങ്ങൾ അദ്ദേഹം ഏറെ നേരം കാണുകയും വിശദാംശങ്ങൾ ചോദിച്ച് അറിയുകയുമായിരുന്നു.
സ്കൂൾ കാലഘട്ടം മുതൽ ചിത്രരചനയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന ശാദിയ ഇൻസ്റ്റഗ്രാം പേജിലൂടെ താൻ വരച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമായിരുന്നു. ഇതിന് ലഭിച്ച പ്രോത്സാഹനമാണ് ചിത്രകലയെ ഗൗരവമായി കാണാൻ പ്രേരിപ്പിച്ചതെന്ന് ശാദിയ പറയുന്നു. യാദൃച്ഛികമായാണ് ദ പ്രിൻസസ് സ്കൂൾ ഓഫ് ട്രഡീഷനൽ ആർട്സിനെക്കുറിച്ച് ഇൻറർനെറ്റിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ലണ്ടനിൽ പോയി പഠിക്കാനുള്ള ആഗ്രഹം മാതാവ് ആത്തിക്കയോട് പങ്കുവെക്കുകയും സഹോദരങ്ങളായ ഷഹീൻ, ഡോ. ശാസിയ, മിസ്രിയ എന്നിവരുടെ പിന്തുണകൂടി ആയതോടെ പഠനം സാധ്യമായി. ശാദിയ ഉൾെപ്പടെ മൂന്ന് ഇന്ത്യക്കാരാണ് ഇവിടെ കോഴ്സിന് ചേർന്നത്.
പരമ്പരാഗത ചിത്രകലക്ക് താങ്ങായി പ്രിൻസസ് സ്കൂൾ
നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത ചിത്രകലാ ശൈലികളിൽ ഉന്നത പഠനത്തിന് സാഹചര്യമൊരുക്കുന്ന സ്ഥാപനമാണ് ലണ്ടനിലെ ദ പ്രിൻസസ് സ്കൂൾ ഓഫ് ട്രഡീഷനൽ ആർട്സ്. മിനിയേച്ചർ പെയിൻറിങ്, ഇസ്ലാമിക് ആർട്സ്, വുഡ് മാർക്കറ്റ്വറി (തടിയിലുള്ള ചിത്രരചന), സെറാമിക്സ്, കാലിഗ്രഫി മുതലായവയിലെ പൗരാണിക ചിത്രകലകളിലാണ് ഇവിടെ വിദഗ്ധ പഠനവും പരിശീലനവും ലഭിക്കുന്നത്.
ആദ്യവർഷം എല്ലാറ്റിലും പരിശീലനം നൽകുകയും രണ്ടാംവർഷം തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയം െതരഞ്ഞെടുക്കാനും കഴിയും. ഈ മേഖലയിലെ മികച്ച അധ്യാപകരാണ് കോഴ്സുകൾക്ക് നേതൃത്വം നൽകുന്നത്. വളരെ കുറച്ച് വിദ്യാർഥികൾക്ക് മാത്രമാണ് അഡ്മിഷൻ ലഭിക്കുക. ട്രിനിറ്റിയിലെ യൂനിവേഴ്സിറ്റി ഓഫ് വെയിൽസിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.