സ്ത്രീകൾ നിശ്ശബ്ദത ഭഞ്ജിക്കണം –മല്ലിക സാരാഭായ്
text_fieldsതൃശൂർ: കേരളത്തിലെ സ്ത്രീകൾ നിശബ്ദത ഭഞ്ജിച്ച് പുറത്തുവരണമെന്ന് നർത്തകിയും സാമൂഹിക പ്രവർത്തകയും കേരള കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലറുമായ മല്ലിക സാരാഭായ്. വീടുകളിലും സ്ഥാപനങ്ങളിലും സമൂഹത്തിലും ലിംഗപരമായ അനീതി നിലനിൽക്കുന്നുണ്ട്.
ആർത്തവം അശുദ്ധമാണെന്നും ആ സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നും പറയുന്നത് പുരുഷാധിപത്യ സമൂഹത്തിന്‍റെ വ്യാഖ്യാനമാണെന്നും തൃശൂർ പ്രസ്ക്ലബിന്‍റെ ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കവേ അവർ പറഞ്ഞു. ആചാരങ്ങൾ അതിന്‍റെ യഥാർഥ രൂപത്തിൽ അപകടമല്ല. വ്യാഖ്യാനത്തിലാണ് പ്രശ്നം.
വ്യാഖ്യാനം വരുന്നത് പുരുഷ മേൽക്കോയ്മയിൽ നിന്നാണ്. കലാരംഗത്തും സ്ത്രീകൾ ഈ അവസ്ഥ നേരിടുന്നുണ്ട്. സ്ത്രീശാക്തീകരണം അപകടമാണെന്ന പുരുഷാധിപത്യ സമൂഹത്തിന്‍റെ കാഴ്ചപ്പാടിലാണ് പ്രശ്നം. സ്ത്രീകളും ന്യൂനപക്ഷവും ശാക്തീകരിക്കപ്പെടുന്ന സമൂഹമാണ് നീതിപൂർവകെമന്ന് പുരുഷ സമൂഹത്തെ ബോധ്യപ്പെടുത്തണം.
കലാമണ്ഡലത്തിന് സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാൻ എന്തെല്ലാം ചെയ്യാനാവുമെന്ന് പരിശോധിക്കും. സർക്കാരിതര ഫണ്ടിന്‍റെ ലഭ്യതക്കായി ചില ആശയങ്ങൾ മനസ്സിലുണ്ട്. ടൂറിസമുൾപ്പെടെ ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് കരുതുന്നു. കലാമണ്ഡലം ചാൻസലറാകാനുള്ള ക്ഷണം വന്നപ്പോൾ അത്ഭുതവും ആഹ്ലാദവും തോന്നി.
‘എല്ലാവരുടെയും സ്വപ്നങ്ങളോട് എന്‍റെ സ്വപ്നവും ചേർത്തുവെച്ച് മുന്നോട്ട് പോകും’ -മല്ലിക സാരാഭായ് പറഞ്ഞു.കലാമണ്ഡലത്തിൽ നിള ഫെസ്റ്റിവലിന്‍റെ സമാപനത്തിൽ ഡി.ജെ പാർട്ടി നടന്നെന്ന പ്രചാരണത്തെ അവജ്ഞയോടെ തള്ളുകയാണെന്നും ഇത്തരം വിവാദങ്ങൾക്കപ്പുറം ഗൗരവമുള്ള പലതും കലാമണ്ഡലത്തിന് ചെയ്യാനുണ്ടെന്നും വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.