മാട്ടി മുഹമ്മദ് ബ്രഷിൽ ചായം ചാലിച്ചു; പകലിലും വിരിഞ്ഞു വിസ്മയചിത്രങ്ങൾ
text_fieldsചെറുതുരുത്തി: കൈയിനേക്കാൾ ബലമുള്ള മനസ്സുമായി മാട്ടി മുഹമ്മദ് ബ്രഷിൽ ചായം ചാലിച്ചപ്പോൾ പകൽവെളിച്ചത്തിലും വിരിഞ്ഞത് വിസ്മയചിത്രങ്ങൾ. ഇടത് കൈകൊണ്ട് രാത്രി മാത്രം വരയ്ക്കാൻ ഇഷ്ടപ്പെടുന്ന മാട്ടി മുഹമ്മദ് പകൽ വരക്കാൻ ദേശമംഗലത്ത് എത്തിയപ്പോൾ നിരവധി ആളുകളാണ് അതുല്യപ്രതിഭയുടെ വർണചിത്രങ്ങൾ കാണാനെത്തിയത്. ദേശമംഗലം മലബാർ എൻജിനീയർ കോളജിൽ രണ്ട് ദിവസങ്ങളായി നടക്കുന്ന ടെക് ഫെസ്റ്റിലാണ് മാട്ടി മുഹമ്മദ് എത്തിയത്.
മലപ്പുറം ആറാട്ട് തൊടി വീട്ടിൽ അബ്ദുല്ല-കദീജ ദമ്പതികളുടെ ആറാമത്തെ മകനായി മാട്ടി മുഹമ്മദ് ജനിക്കുമ്പോൾ തന്നെ വലത് കൈ പാതി മാത്രമായിരുന്നു. വിദ്യാഭ്യാസ കാലത്ത് കൂട്ടുകാർ കളിയാക്കുമ്പോൾ ആ വിഷമം തീർത്തത് കരിക്കട്ട കൊണ്ട് വീടിന്റെയും സ്കൂളുകളുടെയും ചുമരിൽ ചിത്രങ്ങൾ വരച്ചായിരുന്നെന്ന് മാട്ടി മുഹമ്മദ് പറയുന്നു. രാത്രിയായാൽ എല്ലാം മറന്ന് പൊട്ടിക്കരഞ്ഞ് തന്റെ ഇടത് കൈയിൽ കരിക്കട്ട വെച്ച് ചിത്രം വരക്കുമ്പോൾ എന്തോ നേടിയ സംതൃപ്തിയാണ് ഉണ്ടായിരുന്നതെന്ന് മുഹമ്മദ് പറഞ്ഞു. കൂലിപ്പണിക്കാരനായ പിതാവ് കഷ്ടപാടിനിടയിലും മകന്റെ ആഗ്രഹംതിരിച്ചറിഞ്ഞ് മലപ്പുറത്തുള്ള ചിത്രകാരന്റെ കൈയിൽ ഏൽപ്പിച്ചു.
അവിടുന്നാണ് വരകളുടെയും വർണങ്ങളുടെയും ലോകത്തേക്ക് കൂടുതൽ അടുത്തത്. പകൽ സമയങ്ങളിൽ ചിത്രം വരക്കുമ്പോൾ ഭംഗി പോരാ എന്ന് തോന്നിയതിനെ തുടർന്നാണ് രാത്രികാലങ്ങളിൽ ചിത്രം വരക്കുന്നത്. നിരവധി സർക്കാർ അംഗീകാരങ്ങളും അവാർഡുകളും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
സഹധർമിണി മുംതാസും മൂന്ന് മക്കളും ഉപ്പാന്റെ ചിത്രം വരക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്. മകൻ സ്വഫാൻ മലബാർ എൻജിനീയറിങ് കോളജിലാണ് പഠിക്കുന്നത്. മകന്റെ ആഗ്രഹപ്രകാരമാണ് ദേശമംഗലത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.