വിവേകിന് മൊബൈലാണ് കാൻവാസ്
text_fieldsഫോൺ ചെയ്യാനും വീഡിയോ കാണാനും ചാറ്റ് ചെയ്യാനും മാത്രമല്ല, ചിത്രരചനയുടെ നൂതന സാധ്യതകൾ അനന്തമായി ഉപയോഗപ്പെടുത്താനും മൊബൈലിന് കഴിയുമെന്ന് തെളിയിക്കുകയാണ് ദുബൈയിലെ പ്രവാസിയായ വിവേക് ചിങ്ങച്ചംവീട്ടില്‍. പെയിന്‍റും ബ്രഷും കാൻവാസുമൊന്നുമില്ലാതെ മൊബൈൽ സ്ക്രീനിലേക്ക് തന്‍റെ സങ്കൽപ ലോകത്തെ വരച്ചിടുകയാണ് ഈ പാലക്കാട്ടുകാരൻ.
വരകളോട് താൽപര്യമുണ്ടായിരുന്നെങ്കിലും കോവിഡ് കാലമാണ് വിവേകിന്‍റെയുള്ളിലെ മൊബൈൽ കലാകാരനെ പുറത്തുകൊണ്ടുവന്നത്. പുറം ലോകത്ത് നിന്ന് വിലക്കപ്പെട്ട ആറ് മാസം വെറുതെയിരിക്കാതെ തന്‍റെ വിലപ്പെട്ട സമയം എങ്ങിനെ ക്രിയേറ്റീവാക്കാമെന്ന ചിന്തയാണ് വിവേകിനെ 'മിനി സ്ക്രീനിൽ' എത്തിച്ചത്. കാൻവാസിൽ ചിത്രം വരക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പെയിന്‍റും ബ്രഷും ബോർഡുമൊന്നും പുറത്തുപോയി വാങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
മൊബൈൽ വരയിൽ ഗുരുവായി സ്വീകരിച്ചത് യൂട്യൂബിനെയാണ്. സാംസങ് നോട്ട് ലൈറ്റ് ഫോണിൽ സ്കെച്ച്ബുക്ക് എന്ന ആപ്പിലായിരുന്നു വര. ഇതിനായി പ്രത്യേക പേനയും വാങ്ങി. ഏത് നിറവും ബ്രഷും ഉപയോഗിക്കാൻ ഡിജിറ്റൽ പെയിന്‍റിങ്ങിന് കഴിയും. പഴയ ദുബൈയും പുതിയ ദുബൈയും ചേർന്ന ചിത്രമാണ് ആദ്യം വരച്ചത്. ഇതിനിടയിൽ കോവിഡ് ബാധിച്ച് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ക്വാറന്‍റീൻ സെന്‍ററിലായി.
ജനൽ തുറക്കാനോ ശുദ്ധവായു പോലും ലഭിക്കാനോ കഴിയാത്ത അവസ്ഥയിൽ ജനലിലേക്ക് നോക്കി ഇരിപ്പായിരുന്നു പ്രധാന ജോലി. കൂടെയുള്ളത് നേപ്പാൾ സ്വദേശിയായതിനാൽ അധികം സംസാരിക്കാനും കഴിയില്ല. ക്വാറന്‍റീൻ സെന്‍ററിലെ ജനലിൽ നോക്കിയിരിക്കുന്ന തന്‍റെ അവസ്ഥ സാങ്കൽപികമായി മൊബൈലിൽ വരച്ചെടുത്തു.
ഇതിന് മറ്റുള്ളവർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഈ പ്രോൽസാഹനമാണ് കൂടുതൽ വരകളിലേക്ക് നയിച്ചത്. ലോക്ഡൗണിലായിരുന്ന ആറ് മാസത്തിനിടെ 10-15 ചിത്രങ്ങൾ വരച്ചു. കുട്ടിക്കാലത്തെ ഓർമകളും ദുബൈ സ്കൈലൈനുമെല്ലാം മൊബൈലിൽ തെളിഞ്ഞുവന്നു. ഈ വർഷം നടന്ന വേൾഡ് ദുബൈ ആർട്ട് എക്സിബിഷനിലും വിവേകിന്‍റെ ചിത്രങ്ങൾ ഇടംപിടിച്ചു. 300ഓളം ചിത്രകാരൻമാർ പങ്കെടുത്ത എക്സിബിഷനിൽ പലരും ഡിജിറ്റൽ പെയിന്‍റിങ് അവതരിപ്പിച്ചിരുന്നു.
എന്നാൽ, മൊബൈൽ ചിത്രങ്ങളുമായി എത്തിയ ഒരേയൊരാൾ വിവേകായിരുന്നു. 'വെൻ ഫോൺ ബിക്കംസ് ദ കാൻവാസ്' എന്ന ടാഗ്ലൈനിലായിരുന്നു വിവേകിന്‍റെ എക്സിബിഷൻ. ദുബൈ അൽ ബർഷ ലുലുവിൽ വേൾഡ് ആർട്ട് ഡേയോടനുബന്ധിച്ച് എക്സിബിഷൻ നടത്താൻ വിവേകിന് കഴിഞ്ഞു. ഇതുവഴി നിരവധി പേർക്ക് മൊബൈൽ വരയുടെ ബാലപാഠങ്ങൾ പകർന്നു നൽകാനും പ്രചോദനം നൽകാനും കഴിഞ്ഞു.
ചെറിയ സ്ക്രീനാണ് പ്രധാന വെല്ലുവിളി. ഇത് പ്രിന്‍റിലേക്ക് വരുമ്പോൾ എങ്ങിനെയായിരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. മറ്റുള്ളവർ സ്വീകരിക്കുമോ എന്ന സംശയവുമുണ്ടായിരുന്നു. എന്നാൽ, ഈ രണ്ട് ആശങ്കകളും അസ്ഥാനത്താണെന്ന് കഴിഞ്ഞ എക്സിബിഷനുകൾ തെളിയിച്ചു. ഡിജിറ്റൽ ആർട്ടിന്‍റെ ഭാവി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വിവേകിന്‍റെ ലക്ഷ്യം.
ഇതിനായി 'വികൽപ' എന്ന പേരിൽ തന്‍റെ സൃഷ്ടികളെ ബ്രാൻഡ് ചെയ്യാനാണ് തീരുമാനം. വാരാന്ത്യ അവധി ദിനങ്ങളിൽ വീണുകിട്ടുന്ന ഇടവേളകളിൽ മൊബൈലിൽ വിരിയുന്ന ചിത്രങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ് വിവേക്.
നാല് വർഷമായി ദുബൈയിലുള്ള വിവേക് ആർകിടെക്ട് കമ്പനിയിൽ ഡിസൈൻ കൺസൾട്ടന്‍റാണ്. @vividexpression എന്ന ഇൻസ്റ്റാ പേജിലൂടെയും വിവേക് തന്‍റെ വരകൾ ലോകത്തിന് മുന്നിലെത്തിക്കുന്നു. പാലക്കാട് വടക്കന്തറ മോഹൻദാസിന്‍റെയും ഗീത മോഹന്‍റെയും മകനാണ്. സഹോദരൻ സി.വി. വിനയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.