ഗുരു‘പുത്രി’
text_fieldsചെറുപ്പത്തിൽ മനസ്സിൽ കയറിക്കൂടിയ സ്വപ്നം. ഒന്നിനുപിറകെ ഒന്നായി പ്രതിസന്ധികൾ കൺമുന്നിലെത്തിയപ്പോൾ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ചു. മകളിലൂടെ ആ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചു. എന്നാൽ, വർഷങ്ങൾ മുന്നോട്ടു സഞ്ചരിച്ചപ്പോൾ അമ്മയുടെ ഉള്ളിലെ ആഗ്രഹം മകൾ തിരിച്ചറിഞ്ഞു. ഇതോടെ അമ്മയുടെ സ്വപ്നമായ ‘മോഹിനിയാട്ടം’ പഠനത്തിന് മകൾ ഗുരുവായി.
കോഴിക്കോട് കൊടുവള്ളി പന്നൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പ്രസീന അനൂപും 16 കാരിയായ മകൾ സയനോരയുമാണ് മോഹിനിയാട്ടത്തിലെ ആ ഗുരുവും ശിഷ്യയും. ഗുരുവായൂരിലെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ഗുരുവായ മകളുടെ ആശിർവാദത്തോടെയായിരുന്നു അമ്മയുടെ മോഹിനിയാട്ടത്തിന്റെ അരങ്ങേറ്റം. നർത്തകിക്ക് പുറമെ കവയിത്രി കൂടിയാണ് പ്രസീന. ‘ഹൃദയമർമരങ്ങൾ’ എന്ന കവിതാപുസ്തകവും പ്രസീന പുറത്തിറക്കിയിരുന്നു.
ശാസ്ത്രീയ നൃത്തം കുഞ്ഞുന്നാൾ മുതൽ ആകർഷിച്ചിരുന്നു. പന്ത്രണ്ടാം വയസ്സിൽ ഒരു നൃത്തവിദ്യാലയത്തിൽ ചേർന്നു പഠനം തുടങ്ങി. വളരെ ഉത്സാഹത്തോടെ മോഹിനിയാട്ടത്തിന്റെ പ്രാഥമിക പരിശീലനം തുടരുന്നതിനിടയിലാണ് ഒരു അപകടത്തിൽപെട്ട് അമ്മ പെട്ടെന്നു കിടപ്പുരോഗിയായി മാറിയത്. അമ്മക്ക് തുടർച്ചയായ പരിചരണം ആവശ്യമായിരുന്നു. ഇതോടെ, നൃത്തപഠനം ഉപേക്ഷിച്ച് അമ്മയുടെ കൂടെ ഇരിക്കേണ്ടിവന്നു.
വിവാഹ ശേഷം സാഹചര്യങ്ങൾക്കു മാറ്റമുണ്ടായെങ്കിലും, ഒരു മുതിർന്ന പെണ്ണ് നൃത്തം അഭ്യസിക്കാൻ പോകുന്നത് വീട്ടിലെ മുതിർന്നവർക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതോടെ മകൾ സയനോരയെ നൃത്തവിദ്യാലയത്തിൽ ചേർത്തു. അന്നവൾക്ക് നാലു വയസ്സു മാത്രമായിരുന്നു. സ്കൂൾ പഠനത്തോടൊപ്പം മോഹിനിയാട്ടവും അവൾ അഭ്യസിച്ചു. ഓരോ ദിവസവും നൃത്ത ക്ലാസ് കഴിഞ്ഞു തിരിച്ചെത്തിയാൽ അന്നു പഠിച്ച പുതിയ ചുവടുകളും മുദ്രകളും മകളോടു ചോദിക്കാറുണ്ടായിരുന്നു. ഇതോടെ എനിക്ക് നൃത്തപഠനത്തിൽ താൽപര്യമുണ്ടെന്ന് മനസ്സിലാക്കിയ അവൾ മോഹിനിയാട്ടം പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. അതോടെ ഞങ്ങൾ ഗുരുവും ശിഷ്യയുമായി.
മകളോട് ഒരു മടിയും കൂടാതെ മോഹിനിയാട്ടത്തിന്റെ ഓരോ വശവും ചോദിച്ചു മനസ്സിലാക്കി പഠനം ആരംഭിച്ചു. നെൽക്കതിർ ഉലയും പോലെ ശരീരത്തെ ചലിപ്പിക്കണമെന്നും അംഗചലനങ്ങളുടെ വശ്യതയും മനോഹാരിതയുമാണ് മോഹിനിയുടെ വിജയരഹസ്യമെന്നും അവൾ എടുത്തുപറഞ്ഞു കൊണ്ടിരുന്നു. പത്തുവർഷത്തിലധികമായി അവൾ മോഹിനിയാട്ടം പഠിക്കുന്നതിന്റെ അറിവ് അവളിലുണ്ടായിരുന്നു. ദിലീപ് മാഷാണ് മകളുടെ ഗുരു. ‘അമ്മ ശ്രമിക്കൂ, മോഹിനിയാട്ടം തീർച്ചയായും അമ്മക്കു വഴങ്ങും’ –ഓരോ നിമിഷവും അവൾ ആത്മവിശ്വാസം നൽകിക്കൊണ്ടിരുന്നു.
ഞങ്ങളുടെ രണ്ടു പേരുടെയും സ്കൂൾ പഠനവും പഠിപ്പിക്കലും കഴിഞ്ഞതിനുശേഷമായിരുന്നു നൃത്തപഠനം. നൃത്തച്ചുവടുകളോ മുദ്രകളോ നിശ്ചയമില്ലാതിരുന്ന ഞാൻ ആദ്യ നാളുകളിൽ വല്ലാതെ പാടുപെട്ടിരുന്നു. ശരീരം വഴങ്ങാതെ വന്നപ്പോൾ മോഹിനിയാട്ട പഠനം ഉപേക്ഷിച്ചാലോയെന്നുപോലും പലതവണ ചിന്തിച്ചിരുന്നു. പക്ഷേ, സയനോര വീണ്ടും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പലപ്പോഴും അവൾ ദേഷ്യപ്പെടുകയും വഴക്കിടുകയും പിണങ്ങി മാറിനിൽക്കുകയും ചെയ്തു.
എന്നാൽ, അവൾ തന്നെ വീണ്ടും മോഹിനിയാട്ട പഠനത്തിനായി എന്നെ പ്രോത്സാഹിപ്പിച്ചുെകാണ്ടിരുന്നു. ഭർത്താവ് അനൂപും മകൻ ഷാരോണും ഞങ്ങളുടെ മോഹിനിയാട്ട യാത്രയിൽ ഒപ്പം നിന്നു. അവൾ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എന്നെ നൃത്തം അഭ്യസിപ്പിച്ചു തുടങ്ങിയതാണ്. ഇപ്പോൾ അവൾ പ്ലസ് വണിലെത്തി. ‘ശരമേ ശരണ്യയിവളെ അശരണയാക്കുന്നതെന്തേ...’ എന്ന കാവ്യത്തിലായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തിനുശേഷം സയനോരയെ ചെന്ന് കെട്ടിപ്പിടിച്ചു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.