സാഹസികതയുടെ തുറന്ന ഫ്രെയിമുമായി'മൗണ്ട് ഹജർ അഡ്വഞ്ചർ എക്സിബിഷൻ'
text_fieldsമസ്കത്ത്: സാഹസികതയുടെ പുത്തൻ കാഴ്ചകൾ സമ്മാനിച്ച് 'മൗണ്ട് ഹജർ അഡ്വഞ്ചർ എക്സിബിഷൻ' ചിത്രപ്രദർശനം. ഒമാനി വനിത ദിനത്തിൽ വാട്ടർഫ്രണ്ട് മാൾ ആർട്ട് ആൻഡ് സോൾ ഗാലറിയിൽ തുടങ്ങിയ മുന അൽ ഷിധാനിയയുടെ ചിത്രപ്രദർശനം പേരു സൂചിപ്പിക്കുന്നതുപോലെതന്നെ അൽ ഹജർ പർവതത്തിന്റെ സാഹസിക മുഖങ്ങൾ പകർന്ന് നൽകുന്നതാണ്. പർവത പര്യവേക്ഷണം ചെയ്യുന്ന ഒരു സാഹസികന്റെ വീക്ഷണകോണിലൂടെയാണ് അൽ ഹജർ പർവതത്തിന്റെ ദൃശ്യങ്ങൾ മുന പകർത്തിയിരിക്കുന്നത്.
പത്തുവർഷത്തിലേറെയായി ഫോട്ടോഗ്രാഫി രംഗത്തുള്ള മുന പോർട്രെയിറ്റുകൾ, സ്ട്രീറ്റ് ഫോട്ടോഗ്രാഫി, ലാൻഡ്സ്കേപ്പുകൾ എന്നിവയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, രണ്ട് വർഷം മുമ്പാണ് തന്റെ കാമറയുടെ ലെൻസുകൾ സാഹസിക ടൂറിസം രംഗത്തേക്ക് മുന ഫോക്കസ് ചെയ്യുന്നത്. '' കഴിഞ്ഞ രണ്ട് വർഷമായി, ഒമാനിലെ സാഹസിക വിനോദസഞ്ചാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 18 വ്യത്യസ്ത സ്ഥലങ്ങളും 27 യാത്രകളും പര്യവേക്ഷണം ചെയ്യാൻ ഒരു വർഷം എടുത്തു''- മുന പറഞ്ഞു. 40 ഫോട്ടോകളാണ് പ്രദർശനത്തിനുള്ളത്. ഇതിൽ ചിലത് മസ്കത്ത്, ദാഖിലിയ, ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിൽ നിന്നുള്ളവയാണ്. സുൽത്താനേറ്റിൽ പരിശീലിക്കാവുന്ന സാഹസികത , രാജ്യത്തെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ, സാഹസിക പ്രേമികളുടെ കാൽനടയാത്ര, മലകയറ്റം തുടങ്ങിയവയാണ് 'മൗണ്ട് ഹജർ അഡ്വഞ്ചർ എക്സിബിഷൻ' പ്രദർശനത്തിലൂടെ മുന പകർന്ന് നൽകുന്നത്. പുതുതലമുറയെ പ്രകൃതി സാഹസികതയിലേക്ക് ആകർഷിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ചിത്രങ്ങളും. ഒമാന്റെ ലാൻഡ്സ്കേപ്പ് അന്താരാഷ്ട്ര സാഹസികരെ ആകർഷിക്കുന്നതാണെന്ന് മുന അൽ ഷിധാനി പറഞ്ഞു. പ്രദർശനം ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.