മൃദംഗവിദ്വാൻ ഇലഞ്ഞിമേൽ അറുപതിന്റെ നിറവിൽ
text_fieldsചെങ്ങന്നൂർ: മൃദംഗവിദ്വാൻ പ്രഫ. ഇലഞ്ഞിമേൽ പി. സുശീൽകുമാർ ഷഷ്ടിപൂർത്തി നിറവിൽ. ചില ശിഷ്യരിലൂടെയാണ് പിറന്നാൾ വിവരം പുറത്തറിഞ്ഞത്. ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ മൃദംഗസപര്യ 55 വർഷം പൂർത്തിയാക്കുന്നുവെന്ന പ്രത്യേകതയും ഇതോടൊപ്പമുണ്ട്. പരേതനായ ഓണററി ലഫ്റ്റനന്റ് കേണൽ പത്മനാഭക്കുറുപ്പ് -മീനാക്ഷിയമ്മ ദമ്പതികളുടെ മകനാണ്. അച്ഛന്റെ താൽപര്യപ്രകാരമാണ് കലാപഠനം ആരംഭിച്ചത്.
11ാം വയസ്സിൽ സഹോദരിയുടെ സംഗീത സദസ്സിൽ മൃദംഗം വായിച്ച് അരങ്ങേറ്റംകുറിച്ചു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ മൂന്നുവർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി. മൃദംഗ വിദ്വാന്മാരായിരുന്ന മാവേലിക്കര ശങ്കരൻകുട്ടി നായർ, വേലുക്കുട്ടി നായർ, കൃഷ്ണൻകുട്ടി നായർ തുടങ്ങിയവരുടെ ശിഷ്യനായിരുന്നു. കർണാടക സംഗീത ലോകത്തെ പ്രശസ്തരോടൊപ്പം മൃദംഗവും ഘടവും വായിക്കുവാൻ നിരവധി അവസരങ്ങൾ ലഭിച്ചു.
ഇവരിൽ എം.എസ്. സുബ്ബലക്ഷ്മി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, കെ.ജെ. യേശുദാസ്, നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങിയവരുൾപ്പെടുന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സർക്കാറിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന യുവജന ക്ഷേമ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃപ്പൂണിത്തുറ, പാലക്കാട് ഗവ. സംഗീത കോളജുകളിൽ മൃദംഗ അധ്യാപകനായിരുന്നു. നിരവധി വിദേശ രാജ്യങ്ങളിലടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: രാജശ്രീ. മക്കൾ: ഗൗരിശങ്കർ (ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി വിദ്യാർഥി), നന്ദകിഷോർ (മാവേലിക്കര മാർ ഇവാനിയോസ് കോളജ് വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.