മൊഞ്ചോടെ മിന
text_fieldsഒരു തെരുവ് മുഴുവൻ വലിയ ചിത്രങ്ങളുടെ കാൻവാസായി മാറിയിരിക്കുന്നു. കൂറ്റൻ ചുമരുകൾ വലിയ കഥകൾ പറയുന്ന ചിത്രങ്ങളാൽ സമ്പന്നമാണ്. പല നിറങ്ങളിൽ, രൂപങ്ങളിൽ, ഭാവങ്ങളിൽ കഥാപാത്രങ്ങളായി ലോകത്തോട് സംവദിക്കുകയാണിപ്പോൾ. ദോഹ ഓൾഡ് പോർട്ടിലെ മിന ഡിസ്ട്രിക്ടിൽ പഴമയുടെ സൗന്ദര്യം ഒട്ടും ചോരാതെ തലയുയർത്തിനിൽക്കുന്ന സൂഖിലെ കെട്ടിടങ്ങളാണ് ഇപ്പോൾ പുതുമോടിയിൽ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്. ഡിസംബർ ആദ്യ വാരത്തിൽ അവസാനിച്ച ഒരു അന്താരാഷ്ട്ര കലാപ്രദർശനത്തിന്റെ ബാക്കിപത്രങ്ങളാണ് ഈ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ അണിനിരന്ന ‘വേൾഡ് വൈഡ് വാൾസ്; ദോഹ’ എന്ന ചിത്രകലാ എക്സിബിഷിന്റെ ഭാഗമായാണ് മിന മൊഞ്ചായി നിൽക്കുന്നത്. നവംബർ 26ന് തുടങ്ങിയ ഫെസ്റ്റ് ഡിസംബർ മൂന്നിന് അവസാനിപ്പിച്ച്, ആർട്ടിസ്റ്റുകളെല്ലാം മടങ്ങിയപ്പോൾ കാഴ്ചക്കാർക്കു മുന്നിൽ ബാക്കിയായതാണ് ഈ അപൂർവ ദൃശ്യങ്ങൾ.
ജാസ്പർ വോങ്ങിന്റെ pow! wow!....
വേൾഡ് വൈഡ് വാൾസ് (www) എന്ന പേരിൽ ഇന്ന് ലോകമാകെ പ്രശസ്തമായ ഒരു കൂട്ടം കലാകാരന്മാരുടെ കഥ അറിഞ്ഞാലോ ഈ ചുമരുകളിലെ വിസ്മയങ്ങളുടെ പിന്നാമ്പുറമറിയൂ. 2010ൽ ഹോങ്കോങ്ങിൽ ‘പൗ... വൗ’ എന്ന പേരിലാണ് ജാസ്പർ വോങ് എന്ന കലാകാരൻ ഈ പ്രസ്ഥാനത്തിന് തുടക്കംകുറിക്കുന്നത്. ഹോങ്കോങ് നഗരത്തിലെ പിന്നാക്ക മേഖലകളിലെത്തി ചുമരുകളെ കാൻവാസാക്കി വലിയ മ്യൂറൽ ചിത്രങ്ങൾ വരച്ചുകൊണ്ടായിരുന്നു ജാസ്പർ വോങ്ങും സുഹൃത്തുക്കളും വേറിട്ട കലാരീതിക്ക് തുടക്കംകുറിച്ചത്. സമൂഹത്തിൽ വികസനമെത്താത്ത ഒരുവിഭാഗം ജനങ്ങൾ താമസിക്കുന്ന മേഖലകളിലേക്കിറങ്ങിച്ചെന്ന് അവിടെ വലിയ ചിത്രങ്ങൾ രചിച്ച് അവരുടെ കലാസ്വാദനത്തിന് വഴിയൊരുക്കി തുടങ്ങിയ ദൗത്യം വിജയംകണ്ടു. പൗ... വൗ എന്ന പേരിൽ പതിയെ പച്ചപ്പിടിച്ച കൂട്ടായ്മ പിന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പടർന്നു. അങ്ങനെ ഇതിനകം ലോകത്തിലെ 25ഓളം നഗരങ്ങളിലും ഇവരുടെ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കലാപ്രദർശനങ്ങൾ നടന്നുകഴിഞ്ഞു.
വലിയ മെട്രോ നഗരങ്ങൾ, ജനത്തിരക്കേറിയ മേഖലകൾ എന്നിവിടങ്ങളിലെ ചുമരുകളെ കാൻവാസാക്കിയാണ് ‘വേൾഡ് വൈഡ് വാൾസ്’ എന്ന പേരിൽ ഇവരുടെ സംഘം മാറിയത്. അവരുടെ ഏറ്റവും പുതിയ പ്രദർശനത്തിനായിരുന്നു ഇത്തവണ ഖത്തർ മ്യൂസിയംസ് നേതൃത്വത്തിൽ ദോഹ ഓൾഡ് പോർട്ട് വേദിയൊരുക്കിയത്. മിഡിലീസ്റ്റിലും വടക്കേ ആഫ്രിക്കയിലുമായി ഇത് രണ്ടാം തവണയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്.
നഗര സൗന്ദര്യവത്കരണവും സാമൂഹിക സംസ്ഥാപനവും ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രദർശനങ്ങൾ. അമേരിക്കക്കാരായ യുവാൻ കാർലോസ്, കെവിൻ ല്യോൺസ്, ഫലസ്തീൻ ആർട്ടിസ്റ്റ് ബിലാൽ ഖാലിദ്, ഒമാനിൽനിന്നുള്ള ഹൂദ് ഇസ്മായിൽ, മെക്സികോയിൽനിന്ന് അഡ്രി ഡെൽ റോസിയോ, ഖത്തരി കലാകാരന്മാരായ നൗറ അൽ മൻസൂരി, ഗാദ അൽ സുവൈദി, അബ്ദുല്ല അൽ സലാത് എന്നിവർ ഉൾപ്പെടെയുള്ളവരുടെ രചനകളാണ് മിനയെ മ്യൂറൽ സ്ട്രീറ്റാക്കി മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.