‘നൂൻ... വൽ ഖലം’
text_fieldsഖത്തർ നാഷനൽ ലൈബ്രറി വരാന്തയിലൂടെ നടന്നു നീങ്ങുന്ന ആരുടെയും കണ്ണുകൾ ആ കലാസൃഷ്ടിയിൽ ഒന്നുടക്കും. പുസ്തക ഷെൽഫുകൾക്ക് മുകളിലായി ചുവന്ന നിറത്തിൽ, പല അടുക്കുകളിലായി എഴുതി തീർത്ത ശിൽപം പോലെയൊരു സൃഷ്ടി. ഖത്തർ നാഷനൽ ലൈബ്രറിയിലെ അത്ഭുതകാഴ്ചകളിൽ ഒന്നാണ് ‘നൂൻ... വൽ ഖലം
ഖത്തർ നാഷനൽ ലൈബ്രറി വരാന്തയിലൂടെ നടന്നു നീങ്ങുന്ന ആരുടെയും കണ്ണുകൾ ആ കലാസൃഷ്ടിയിൽ ഒന്നുടക്കും. പുസ്തക ഷെൽഫുകൾക്ക് മുകളിലായി ചുവന്ന നിറത്തിൽ, പല അടുക്കുകളിലായി എഴുതി തീർത്ത ശിൽപം പോലെയൊരു സൃഷ്ടി. ഖത്തർ നാഷനൽ ലൈബ്രറിയിലെ അത്ഭുതകാഴ്ചകളിൽ ഒന്നാണ് ‘നൂൻ... വൽ ഖലം’ എന്ന് പേരിലുള്ള വിശുദ്ധ ഖൂർആനിലെ ഇൗ വാക്യം. ‘പേനയും അവർ എഴുതുന്നതും തന്നെയാണ് സത്യം’ എന്ന വാചകം വിശുദ്ധ ഖുർആനിലെ 68ാം അധ്യായമായ ‘അൽ ഖലം’മിലെ പ്രാരംഭ വരികളാണ്.
വായനയുടെയും അറിവിൻെറയുംലോകത്തേക്ക് അക്ഷര കുതുകികളെ സ്വാഗതം ചെയ്യാൻ ഇതിനേക്കാൾ മനോഹരമായ മറ്റേത് വാക്യമുണ്ട്. വാചകത്തിൻെറ പ്രൗഢിക്കൊപ്പം എഴുത്തിൻെറ കാവ്യാത്മകത കൂടി ചേരുന്നതാണ് ഇറാനിയൻ കലാകാരനായ റമിൻ ഷിർദലിൻെറ ഈ സൃഷ്ടി. അടുക്കുകളായി രൂപപ്പെട്ട്, ജ്യാമിതീയ രൂപത്തിൽ അവ അക്ഷരങ്ങളായി മാറുന്ന ജാലവിദ്യ. അക്ഷരങ്ങളെ കലയിലൂടെ ജീവൻതുടിക്കുന്ന രൂപങ്ങളാക്കി മാറ്റുന്ന കാലിഗ്രഫിയുടെ മറ്റൊരു വിസ്മയമാണ് റമിൻ ഷിർദലിൻെറ സൃഷ്ടികൾ.
ഇത്തരത്തിലെ കലാസൃഷ്ടികളുമായി ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ കലാകാരനാണ് തെഹ്റാനിൽ ജനിച്ച്, അമേരിക്കയിലും യൂറോപ്പിലും വിവിധ അറബ് രാജ്യങ്ങളിലുമായി ശ്രദ്ധേയനായ റമിൻ ഷർദൽ.
അറബ് ഭാഷയെയും, അറബ് സംസ്കാരത്തിനെയും ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുക എന്ന ഖത്തർ നാഷനൽ ലൈബ്രറിയുടെ ലക്ഷ്യത്തിൻെറ ഭാഗമാണ് ഇദ്ദേഹത്തിൻെറ ‘നുൻ വൽ ഖലം’ കലാ സൃഷ്ടിയെ ലൈബ്രറിയുടെ കണ്ണായ കേന്ദ്രത്തിൽ സ്ഥാപിച്ചതെന്ന് ക്യൂ.എൻ.എൽ റിസേർച്ച് ആൻഡ് ലേണിങ് സർവിസ് ഡയറക്ടർ അബീർഅൽ കുവാരി സാക്ഷ്യപ്പെടുത്തുന്നു. പ്രാദേശികമായും അന്തർ ദേശീയ തലത്തിലും അറബി ഭാഷയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്.
അറബിക് കാലിഗ്രഫിയുടെ പുതുമയാർന്ന അവതരണമാണ് റമിൻ ഷിർദലിൻെറ കലാസൃഷ്ടിയെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. നേരിട്ട് ഒരു കാലിഗ്രഫി കാഴ്ചക്കപ്പുറത്ത് ഒരു വാസ്തുശിൽപ ഭംഗി ഇദ്ദേഹത്തിൻെറ കരവിരുതിൽ വിരിയുന്ന ഓരോ അക്ഷരത്തിനുമുണ്ട്. ത്രീ ഡി ഇമേജുകളോടെയാണ് അക്ഷരങ്ങൾ ചുമരിൽ പതിഞ്ഞിരിക്കുന്നത്. കാഴ്ചക്കാരന് പല ദിക്കിൽ നിന്നും അത് ദൃശ്യഭംഗിയും ഒപ്പം ആശയഗാംഭീര്യവും നൽകുന്നു.
വെറുമൊരു കല എന്നതിനപ്പുറം, പ്രചോദനവും തിളക്കവും സന്ദേശവുമെല്ലാം പരത്തുന്ന സൃഷ്ടിയായാണ് ‘നുൻ വൽ ഖലം’ വിശേഷിപ്പിക്കുന്നത്.
ഖത്തർ നാഷനൽ ലൈബ്രറിയിലെ തൻെറ സൃഷ്ടിയെ ഏറെ സവിശേഷമായ ഒന്നായാണ് റമിൻ ഷിർദൽ പരിചയപ്പെടുത്തുന്നത്.
റെം കൂൽഹാസ് എന്ന ലോകപ്രശസ്തനായ ഡച്ച് ആർകിടെക്ടിൻെറ ശ്രദ്ധേയമായ രൂപകൽപനയായ ഖത്തർ നാഷനൽ ലൈബ്രറി കെട്ടിടത്തിൽ തൻെറ സൃഷ്ടി ഒരു അലങ്കാരമായി പ്രദർശിപ്പിക്കപ്പെടുന്നത് അഭിമാനകരമെന്നായിരുന്നു പ്രതികരണം.
1981ൽ തെഹ്റാനിൽ ജനിച്ച റമിൻ ഷിർദൽ ജ്യാമിതിയ രൂപങ്ങളിൽ തീർക്കുന്ന കാലിഗ്രഫി സൃഷ്ടികളിലൂടെ ലോക പ്രശസ്തി നേടിയ കലാകാരനാണ്. തെഹ്റാൻ സർവകലാശാലയിൽ നിന്നും ആർകിടെക്ചർ മികച്ച നിലയിൽ പഠിച്ചിറങ്ങിയ ഇദ്ദേഹം വിവിധ കലാപ്രവർത്തനങ്ങളുമായി ലോകം സഞ്ചരിച്ചു. ലണ്ടൻ, ഷാർജ, ദുബൈ, ഇറാൻ, അമേരിക്ക ഉൾപ്പെടെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്വന്തമായും അല്ലാതെയും പ്രദർശനങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.