മോഹിച്ചത് ശാസ്ത്രീയ നൃത്ത പഠനം; വാണത് ഓട്ടന്തുള്ളലിന്റെ അരങ്ങിൽ
text_fieldsഎരുമപ്പെട്ടി: പുരുഷ മേധാവിത്വമുള്ള ഓട്ടന്തുള്ളൽ കലയിൽ ആറു പതിറ്റാണ്ട് അരങ്ങുവാണ കലാമണ്ഡലം ദേവകി ഓട്ടന്തുള്ളലിലേക്ക് എത്തിപ്പെട്ടത് യാദൃച്ഛികമായാണ്. ശാസ്ത്രീയ നൃത്തം പഠിക്കാൻ കലാമണ്ഡലത്തിൽ എത്തി ഓട്ടന്തുള്ളലിലേക്ക് വഴി തിരിഞ്ഞ് പ്രസിദ്ധിയിലേക്ക് ഉയർന്നതാണ് അവരുടെ ജീവിതം.
ശാസ്ത്രീയ നൃത്തത്തിലും കഥകളിയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ദേവകി നെല്ലുവായ് ഗ്രാമത്തിലെ കലാപൈതൃകമുള്ള കുടുംബത്തിലാണ് ജനിച്ചത്. അമ്മാവൻ കലാമണ്ഡലം ഗോപാലൻ നായർ കഥകളി നടനും അധ്യാപകനുമായിരുന്നു. പിതാവ് കടമ്പൂർ ദാമോദരൻ നായർ കോട്ടക്കലിൽ നടനും ഭാഗവതരുമായിരുന്നു. ചെറുപ്രായത്തിൽ നെല്ലുവായ് ധന്വന്തരി ക്ഷേത്രപരിസരത്തെ ലളിത കലാലയത്തിൽ നൃത്ത പരിശീലനം തുടങ്ങി. മങ്ങാട് സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യസം നേടിയ ശേഷം 1960ൽ, 12ാം വയസ്സിൽ കലാമണ്ഡലത്തിൽ ശാസ്ത്രീയ നൃത്തം പഠിക്കാനുള്ള മോഹവുമായി എത്തിയെങ്കിലും പ്രായപരിധി കഴിഞ്ഞതിനാൽ അപേക്ഷ നിരസിക്കപ്പെട്ടു. നിരാശയോടെ പിതാവിനൊപ്പം പുറത്തേക്കിറങ്ങുമ്പോൾ ഭാഗവതരെ തിരിച്ചറിഞ്ഞ കൃഷ്ണൻകുട്ടി പൊതുവാൾ ‘ഓട്ടന്തുള്ളൽ പഠിക്കാൻ താൽപര്യമുണ്ടോ’ എന്ന് ചോദിച്ചതാണ് ദേവകിയുടെ ജീവിതം മാറ്റിമറിച്ചത്.
കലാമണ്ഡലത്തിൽ തുള്ളൽ പഠനത്തിന് ചേർന്ന ആദ്യ പെൺകുട്ടിയായിരുന്നു ദേവകി. 1961ൽ പത്രചരിതം തുള്ളൽ അവതരിപ്പിച്ച് അരങ്ങേറി. മലബാർ കണ്ണൻ നായരായിരുന്നു ഗുരു. കലാമണ്ഡലം ദിവാകരൻ നായരായിരുന്നു മറ്റൊരു അധ്യാപകൻ. സംഗീതം പഠിപ്പിച്ചത് എൻ.കെ. വാസുദേവ പണിക്കരും സാഹിത്യം പഠിപ്പിച്ചത് സംസ്കൃത പണ്ഡിതൻ കുമ്മിണി വാസുദേവൻ നമ്പൂതിരിയും ആയിരുന്നു. ദേവകി കഥകളി പഠിക്കുന്നത് ഓട്ടന്തുള്ളലിനും ഗുണമാവുമെന്ന് മനസ്സിലാക്കിയ കലാമണ്ഡലം സൂപ്രണ്ട് കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് കൃഷ്ണൻകുട്ടി പൊതുവാളുമായി സംസാരിച്ച് രാമൻകുട്ടി നായരുടെ കീഴിൽ പരിശീലിപ്പിച്ചു. കലാമണ്ഡലത്തിൽനിന്ന് 1964ൽ ബിരുദം നേടിയ ശേഷം, ഫ്രഞ്ച് കഥകളി അധ്യാപികയായ മിലേന സാൽവിനിയുടെ ക്ഷണപ്രകാരം പാരീസിൽ ഓട്ടന്തുള്ളൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.
1972ൽ മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നായരുമായി ദേവകിയുടെ വിവാഹം നടന്നു. വിവാഹശേഷം ദേവകിക്കും നാരായണൻ നായർക്കും ഗുജറാത്തിലെ സബർമതി തീരത്തുള്ള ദർപ്പണ അക്കാദമി ഓഫ് പെർഫോമിങ് ആർട്ട് എന്ന സ്ഥാപനത്തിൽ ജോലി ലഭിച്ചു. അവിടെനിന്നും കാവുങ്ങൽ ചാത്തുണ്ണി പണിക്കരുടെ കീഴിൽ ഭരതനാട്യം പഠിക്കാനും സി.ആർ. ആചാര്യയിൽനിന്ന് കുച്ചിപ്പുടി അഭ്യസിക്കാനും അവസരം ലഭിച്ചു. പിന്നീട് കലാമണ്ഡലത്തിൽ അധ്യാപികയായി ചേർന്നു. നെല്ലുവായിലേക്ക് മടങ്ങിയെത്തിയ ദേവകി തുള്ളൽ കലാകാരിയെന്ന നിലയിലും തുള്ളൽ ഗുരുവായും പ്രസിദ്ധിയിലേക്ക് ഉയർന്നു. ധന്വന്തരി കലാക്ഷേത്രം എന്ന പേരിൽ നൃത്തസ്ഥാപനം സ്ഥാപിച്ച് നിരവധി പേർക്ക് പരിശീലനം നൽകി.
ദേവകിയുടെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ഗോപി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ, കലാമണ്ഡലം ഭരണസമിതി അംഗം ടി.കെ. വാസു, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സദനം കൃഷ്ണൻകുട്ടി, കറ്റശ്ശേരി രാമൻകുട്ടി, തിച്ചൂർ മോഹനൻ, നെല്ലുവായ് ശശി, കലാമണ്ഡലം ഗോപിനാഥ പ്രഭ, കലാമണ്ഡലം പരമേശ്വരൻ തുടങ്ങിയവർ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.