അടയ്ക്കത്തൊണ്ടിന്റെ നാരിൽ കൗതുകമൊരുക്കി കർഷക തൊഴിലാളി
text_fieldsചാരുംമൂട്: ഉപേക്ഷിക്കുന്ന അടയ്ക്കത്തൊണ്ട് കുട്ടിയുടെ കൈയിൽ കിട്ടിയാൽ അത് കയറും കൗതുകവസ്തുക്കളുമായി മാറും. നൂറനാട് പുലിമേൽ തടത്തിൽപറമ്പിൽ പി. കുട്ടിയാണ് അടയ്ക്കത്തൊണ്ടിന്റെ നാരുകൾ ഉപയോഗിച്ച് കയർ നിർമിച്ച് ശ്രദ്ധ നേടുന്നത്. 90കാരൻ കർഷക തൊഴിലാളിയായ കുട്ടി മൂന്ന് വർഷം മുമ്പാണ് തന്റെ പരീക്ഷണം തുടങ്ങുന്നത്. അടയ്ക്കത്തൊണ്ട് ഉണക്കി നാരുകളാക്കി നോക്കിയപ്പോഴാണ് പുതിയ സാധ്യതകൾ തെളിഞ്ഞത്.
നാരുകൾ കൈകൊണ്ടുതേച്ച് ഉരുട്ടിയപ്പോൾ കയറായി രൂപം പ്രാപിച്ചു. തുടർന്ന് പലതരത്തിലുള്ള കയറുകൾ ഉണ്ടാക്കുകയായിരുന്നു. ചകിരികൊണ്ടുണ്ടാക്കുന്ന കയർപോലെ ഇവക്കും ബലമുണ്ടെന്ന് കുട്ടി പറയുന്നു. അടയ്ക്കത്തൊണ്ടിൽ കയർ നിർമിക്കുന്നതറിഞ്ഞ് മുറുക്കാൻ കടക്കാരും മറ്റും കുട്ടിക്ക് തൊണ്ട് എത്തിച്ചുകൊടുക്കുന്നു.
കുട്ടിയുടെ കയർ നിർമാണം കേട്ടറിഞ്ഞ് വയനാട്ടിൽനിന്ന് ഒരുസംഘം സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയെ തുടർന്ന് തിരുവനന്തപുരത്തുനിന്ന് കയർ വകുപ്പിന്റെ ഗവേഷണ വിഭാഗം സയന്റിസ്റ്റുകളടങ്ങുന്ന സംഘം കയർ കാണാൻ എത്തി. നീളമുള്ള കയറുകൾ മെനഞ്ഞെടുക്കാൻ കഴിയാത്തതിനാൽ കരകൗശല വസ്തുക്കൾ നിർമിക്കാൻ കഴിയുമെന്നാണ് സംഘം അഭിപ്രായപ്പെട്ടത്.
വയനാട് പോലെ അടയ്ക്ക ഉൽപാദനം കൂടുതലുള്ള സ്ഥലങ്ങളിൽ ഇതു വ്യാപിപ്പിച്ചാൽ വലിയ നേട്ടമുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ മേഖലകളിൽ ഉൽപാദിപ്പിക്കുന്ന അടയ്ക്കയുടെ തൊണ്ടിൽനിന്ന് കരകൗശല മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു. ഗൗരിക്കുട്ടിയാണ് കുട്ടിയുടെ ഭാര്യ. സതീശൻ, തുളസീധരൻ, സരള, പത്മിനി എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.