പത്മകുമാറിന്റെ കരവിരുത് അതുല്യ ചലച്ചിത്രപ്രതിഭകളിലേക്ക്
text_fieldsനേമം: മലയാളികള്‍ക്ക് ഏറെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ലോകപ്രശസ്തരായ പ്രതിഭകള്‍ അവാര്‍ഡായി വാങ്ങുന്ന ശില്പങ്ങളില് പതിഞ്ഞിരിക്കുന്നത് ഒരു മലയാളിയുടെ തന്നെ കൈയൊപ്പ്. കരമന തളിയല്‍ വിഘ്നേശ്വര മെറ്റല്‍ ആര്‍ട്സ് ആൻഡ് ക്രാഫ്റ്റിന്റെ ഉടമയായ പത്മകുമാർ (56) ഐ.എഫ്.എഫ്.കെക്കുവേണ്ടി ശില്പനിര്മാണം ആരംഭിച്ചിട്ട് 22 വര്‍ഷമായി.
പിതാവിലൂടെ ശില്പകല പഠിച്ച പത്മകുമാര്‍ തിരുവനന്തപുരം കോളജ് ഒാഫ് ഫൈന്‍ ആര്‍ട്സില്‍ ശില്പകലാ അധ്യാപകനായിരുന്നു. കേരള സര്‍വകലാശാലക്കുവേണ്ടിയാണ് ആദ്യമായി ശില്പനിര്മാണം തുടങ്ങുന്നത്- 80കളില്‍. ഐ.എഫ്.എഫ്.കെക്ക് ആവശ്യമായ സുവര്‍ണ ചകോരം, രജത ചകോരം, സ്പിരിറ്റ് ഒാഫ് സിനിമാ അവാര്‍ഡിനായുള്ള ശില്പം എന്നിവയെല്ലാം നിര്‍മിച്ചുനല്‍കുന്നുണ്ട്.
ഇതിനോടകം 11,000 ഓളം ശില്പങ്ങള് വിവിധ മേഖലകളിലായി നിര്‍മിച്ചുകഴിഞ്ഞു. വിവിധ ക്ഷേത്രങ്ങളിലേക്കും ശില്പനിര്മാണം നടത്തി. സംസ്ഥാന ഫിലിം അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, സംസ്ഥാന നാടക അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം, രാജാ രവിവര്‍മ പുരസ്കാരം, പല്ലാവൂര്‍ പുരസ്കാരം, വിവിധ അക്കാദമി അവാര്‍ഡുകള്‍ എന്നിവക്കുവേണ്ടിയും നിര്‍മാണം പൂര്‍ത്തിയാക്കി.
മാളികപ്പുറം എന്ന ചലച്ചിത്രം 125 ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ അണിയറ പ്രവര്‍ത്തകരെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിനായി 300 ശില്പങ്ങള് നിര്‍മിച്ചുനല്‍കുകയുണ്ടായി. ചെല്ലപ്പന് ആശാരി-രാധാമണി ദമ്പതികളുടെ മകനാണ്. ശില്പങ്ങള് അവാര്‍ഡായി പ്രമുഖ കലാകാരന്മാര് സ്വീകരിക്കുന്നത് കാണാന്‍ ഇതുവരെ ഒരു മേളയിലും എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാർഥ്യം പത്മകുമാര്‍ പങ്കുവെക്കുന്നു.
ഒരു ശില്പം അണിയറയില്‍ നിന്ന് പണികഴിഞ്ഞ് അരങ്ങത്ത് എത്തിക്കുമ്പോഴേക്കും അടുത്ത ശില്പത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നതിനാലാണ് ഈയൊരു പ്രശ്നം ഉണ്ടാകുന്നത്. എന്തായാലും ലോകപ്രശസ്തരായ കലാകാരന്മാര് താന്‍ നിര്‍മിച്ചെടുത്ത ശില്പം കൈകളാല്‍ ഏറ്റുവാങ്ങുന്നത് അറിയുമ്പോഴുള്ള സന്തോഷം, ഈ കലാകാരന് ഒരു പ്രത്യേക അനുഭവമാണ് !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.