വർണക്കൂട്ടിലെ സ്വരാജ് വീഥികൾ കാണാം
text_fieldsതൃശൂർ: തൃശൂരിന്റെ മാത്രം ‘ഠ’ പോലൊരു നഗരവീഥി. അതിൽനിന്ന് നഗരാതിർത്തിയിലേക്ക് നീളുന്ന അനേകം കൈവഴികൾ. ഓരോ കൈവഴിക്കും പറയാനുണ്ട് ഏറെ കഥകൾ. മനസ്സിൽ പതിഞ്ഞുകിടക്കുന്ന നഗരഹൃദയത്തിന്റെ മിടിപ്പുള്ള നേർക്കാഴ്ചകൾ ജലച്ചായത്തിലൂടെ കാൻവാസിൽ പകർത്തി ലളിതകല അക്കാദമി ആർട് ഗാലറിയിൽ ‘തൃശൂർ സ്വരാജ് വീഥികൾ’ എന്ന പേരിൽ പ്രദർശിപ്പിക്കുകയാണ് കുരിയച്ചിറ ചേലക്കോട്ടുകര സ്വദേശിനി ഉഷ ടീച്ചർ.
കോവിഡ് കാലഘട്ടത്തിൽ വരച്ചതാണ് സൂക്ഷ്മമായ കാഴ്ചകൾ പോലും പകർത്തിയ 28 ചിത്രങ്ങൾ . എം.ജി റോഡ്, മാരാർ റോഡ്, പഴയനടക്കാവ്, എ.ആർ മേനോൻ റോഡ്, പ്രസ് ക്ലബ് റോഡ്, പാലിയം റോഡ്, കരുണാകരൻ നമ്പ്യാർ റോഡ്, എം.ഒ റോഡ് എന്നിവയും തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥൻ ക്ഷേത്രങ്ങളും കോർപറേഷൻ, സാഹിത്യ അക്കാദമി, ലളിതകല അക്കാദമി ഓഫിസ് കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടും.
ജീവസുറ്റ ചിത്രങ്ങൾ തിരക്കിട്ട നഗരക്കാഴ്ചകളുടെ ദൃശ്യചാരുതകൾ പകരുന്നവയാണ്. പ്രദർശനത്തിനൊരുങ്ങിയ 19 ചിത്രങ്ങളും റൗണ്ടിൽനിന്ന് കൈവരികളായി ഒഴുകുന്ന റോഡുകളുടേതാണ്. ഇവയുടെ ഫോട്ടോകൾ എടുത്ത് സമയമെടുത്താണ് ഓരോ ചിത്രവും വരച്ചുതീർത്തത്. 1983ൽ ചിത്രകല അധ്യാപികയായി സർവിസ് ആരംഭിച്ച പി.ജി. ഉഷ 2015ലാണ് വിരമിച്ചത്. വരന്തരപ്പിള്ളി കന്നാറ്റുപാടം, ചെറുതുരുത്തി, പുത്തൂർ, തൃശൂർ മോഡൽ ബോയ്സ്, പട്ടിക്കാട് എന്നീ സർക്കാർ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു.
രണ്ട് തവണ ജില്ല പഞ്ചായത്തിന്റെ മികച്ച ചിത്രകാരിക്കുള്ള അവാർഡ് കരസ്ഥമാക്കി. സോളോ ചിത്രപ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ഹ്രസ്വചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ച ഉഷ ടീച്ചർ പുരാവസ്തു എന്ന സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റായും തന്റെ ബഹുമുഖ പ്രതിഭ തെളിയിച്ചു. കുരിയച്ചിറ ചേലക്കോട്ടുകര ജനതാറോഡിൽ ‘ഗ്രീഷ്മ’ത്തിൽ മക്കളോടൊപ്പമാണ് താമസം. ലളിതകല അക്കാദമിയിൽ അക്കൗണ്ടന്റായിരുന്ന പരേതനായ സി.എസ്. ഗിരിജാവല്ലഭനാണ് ഭർത്താവ്. ഗിരിശങ്കർ, ഗിരിസന്ദീപ് എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.