കടലിനെ പ്രണയിക്കുന്ന സൗദി ഫോട്ടോഗ്രാഫർ ഖാലിദ് സറൂഖ്
text_fieldsഖാലിദ് സറൂഖ് പകർത്തിയ ഫറസാൻ ദ്വീപിന്റെയും ചെങ്കടലിന്റെയും ചിത്രം
യാംബു: കടലിനോടാണ് ഈ ഫോട്ടോഗ്രാഫർക്ക് പ്രണയം. എങ്ങനെ കണ്ടാലും കണ്ണെടുക്കാൻ തോന്നാത്ത മനോഹരമായ കടൽക്കാഴ്ചകളിലേക്ക് കാമറക്കണ്ണുകൾ തുറന്നുവെക്കുന്ന ഖാലിദ് സറൂഖ് അന്താരാഷ്ട്ര ശ്രദ്ധനേടിയ സൗദി ഛായാഗ്രാഹകനാണ്.
2012ൽ ചെങ്കടലിലെ സൗദി ദ്വീപായ ഫറസാനിൽനിന്ന് കടൽജീവികളുടെ ഫോട്ടോകൾ മൊബൈൽ ഫോൺ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ഫോട്ടോഗ്രഫിയുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകത്തേക്കുള്ള പ്രവേശനം. ആ ചിത്രങ്ങളിലൂടെ തന്നെ അദ്ദേഹം ഫോട്ടോഗ്രഫി ആരാധകരുടെ പ്രിയം പിടിച്ചെടുത്തു. കടലിലെ ആകർഷകമായ പ്രകൃതിവിഭവങ്ങളുടെ ചാരുതയാർന്ന കാഴ്ചകൾ പകർത്തൽ പിന്നീട് ഒരു ഉപാസനയായി മാറി. എടുക്കുന്ന മനോഹര ഫോട്ടോകളെല്ലാം പ്രാദേശിക പത്രങ്ങളിൽ സ്ഥിരം കാഴ്ചാവിഭവമായി. ഫോട്ടോ പകർത്താനുള്ള മികച്ച രീതികൾ ഫോട്ടോഗ്രഫിയിൽ പ്രത്യേക പരിശീലനം നേടാതെ തന്നെ സ്വയം മനസ്സിലാക്കി. വിവിധ കോണുകളിൽനിന്ന് നല്ല പ്രോത്സാഹനം ലഭിച്ചതോടെ തന്റെ കഴിവ് സ്വയം വികസിപ്പിക്കാനും സമുദ്രക്കാഴ്ചകളുടെ അപൂർവ ഫോട്ടോകൾ പകർത്തുന്നതിൽ മുഴുകാനും തീരുമാനിക്കുകയായിരുന്നു. ജീസാൻ സ്വദേശിയാണ് ഖാലിദ് സറൂഖ്.
ഖാലിദ് സറൂഖ്
ഇപ്പോൾ രാജ്യത്തെ അറിയപ്പെട്ട ഫോട്ടോഗ്രാഫറാണ്. സൗദി ഗവൺമെന്റ് ഫോട്ടോകൾക്കുവേണ്ടി ഇദ്ദേഹത്തെ ആശ്രയിക്കാറുണ്ട്. ഫറസാൻ ദ്വീപിലെയും രാജ്യത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും ഫോട്ടോകൾ ഇതിനകം ഏറെ ജനപ്രിയമായി മാറിയിരിക്കുകയാണ്. സൗദിയിലെ പ്രാദേശികവും അന്തർദേശീയവുമായ പ്രദർശനമേളകളിൽ ഖാലിദ് സറൂഖിന്റെ ഫോട്ടോകൾ സ്ഥിരം സാന്നിധ്യമാണ്. ലണ്ടനിൽ നടന്ന കെ.സി.എ എക്സിബിഷൻ, ദക്ഷിണ കൊറിയയിലെ സോൾ എക്സിബിഷൻ, റിയാദിലും രാജ്യത്തെ മറ്റു നഗരങ്ങളിലും നടന്ന അന്താരാഷ്ട്ര എക്സിബിഷനുകൾ എന്നിവയിൽ ഖാലിദ് സറൂഖ് തന്റെ ചിത്രങ്ങളുമായി പങ്കെടുത്തിരുന്നു.
കാഴ്ചക്കാരുടെ വലിയ പ്രശംസ പിടിച്ചുപറ്റാനും കഴിഞ്ഞു. സൗദി ടൂറിസം വകുപ്പിന്റെ റെഡ് സീ അവാർഡും 2019ലെ എന്റർടെയ്ൻമെന്റ് ചലഞ്ചസ് അവാർഡും ഖാലിദ് സറൂഖിനെ തേടിയെത്തി.
ചെങ്കടലിലെ ഫറസാൻ ദ്വീപിൽ നിന്നെടുത്ത അപൂർവ ഫോട്ടോകളാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെന്നും പ്രമുഖ ഹോട്ടലുകളിലും സർക്കാർ സ്ഥാപനങ്ങളിലും മറ്റും പ്രദർശിപ്പിക്കാൻ ഇന്നും തന്റെ ഫോട്ടോകൾ അന്വേഷിച്ച് പലരും എത്തുന്നതായും ഖാലിദ് സറൂഖ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.