അതുല്യം ഈ ചിത്രങ്ങൾ
text_fieldsമദർ തെരേസയും കാൾ മാർക്സുമെല്ലാം അതേ രൂപത്തിലും ഭാവത്തിലും അതുലിന്റെ ചിത്രത്തിലൂടെ പുനർജനിക്കുകയാണ്. ഏതു ചിത്രവും സൂക്ഷ്മമായ ഫിനിഷിങ്ങിലൂടെ മനോഹരമാക്കും ഈ യുവ കലാകാരൻ. രാത്രിയിൽ മഴയത്ത് റോഡിൽക്കൂടി ചീറിപ്പാഞ്ഞു പോകുന്ന ഓട്ടോ റിക്ഷയും തെങ്ങോലയിലെ മരത്തവളയും കിളിയും പൂക്കളും പുഴയുമെല്ലാം അതുലിന്റെ വരയിലൂടെ മനോഹരമാകുന്നു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പെൻസിൽ ചിത്രമാണ് അതുലിന്റെ ശേഖരത്തിലെ മികച്ച ചിത്രങ്ങളിലൊന്ന്.
കണിയാപുരം മുസ് ലിം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അതുൽ. തിരുവനന്തപുരം അണ്ടൂർക്കോണം പഞ്ചായത്തിൽ പറമ്പിൽ പാലം നിവാസിയും നെടുമ്പാക്കൽ വീട്ടിൽ ഭുവനചന്ദ്രൻ നായരുടെയും മഞ്ജുഷയുടെയും മകൻ. മൂന്നാം ക്ലാസ് മുതൽ ചിത്രരചന പഠനം തുടങ്ങിയ അതുൽ ചിത്രകാരൻ സുധീറിന്റെ മേൽനോട്ടത്തിൽ ഇപ്പോൾ ചിത്രരചന അഭ്യസിക്കുകയാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഈ മിടുക്കൻ എ പ്ലസ് നേടിയിരുന്നു. ഒഴിവുവേളകളിലാണ് ചിത്രരചന. അക്രിലിക്, വാട്ടർ കളർ , പെൻസിൽ എന്നിവയിലാണ് അതുൽ മികവ് പുലർത്തുന്നത്.
നിലവിൽ അമ്പതോളം മികച്ച ചിത്രങ്ങൾ അതുലിന്റെ ആർട്ട് ഗാലറിയിലുണ്ട്. തന്റെ ചിത്രങ്ങൾ പുറം ലോകം കാണിക്കാനായി ചിത്രപ്രദർശനം നടത്താനുള്ള അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അതുൽ ഇപ്പോൾ. ചിത്രരചന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും ഈ പ്രതിഭ കരസ്ഥമാക്കിയിട്ടുണ്ട്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.