കവിത:അമ്മ
text_fieldsഅമ്മ
അമ്മയാണെൻ പൊന്നമ്മ
എന്നുമെൻ ജീവന്റെ ജീവൻ!
ഇന്നീയുലകത്തി-
ലെന്നെ നയിക്കുന്ന
ചന്തമെഴും മാർഗദീപം!
ഉദരത്തിലെന്നെയും
പേറി നടന്ന നാൾ
പ്രാണനും പാതി പകുത്തു നൽകി!
എല്ലു നുറുങ്ങുന്ന നോവു സഹിച്ചമ്മ
ദാനമായ് നൽകിയതാണീ ജന്മം!
വറ്റി വരണ്ടൊരെൻ ചുണ്ടിലേക്കന്നമ്മ-
യമൃതകുംഭങ്ങൾ ചുരത്തി നൽകെ...
ചുക്കിച്ചുളുങ്ങിക്കിടന്നൊരെൻ
സിരകളിൽ ജീവന്റെ
വിദ്യുത് പ്രവാഹമേകി!
കാര്യമില്ലാതന്നു തേങ്ങിയ നേരത്ത്
തോളത്തു താളവും മീട്ടിയമ്മ...
ഇമ്പമേറും നല്ല ഗീതകം പോലെയെൻ
രോദനമമ്മയുമാസ്വദിച്ചു!
ഞാനന്നു നനവുപടർത്തിയ മെത്തയിൽ
തായയ്ക്കു നിദ്രയുമന്യമായി!
ക്ലേശങ്ങളേറെ സഹിച്ചെങ്കിലുമമ്മ
ഛെ! യെന്നൊരുവാക്കു ചൊല്ലിയില്ല!
അമ്മയാണൂഴിയിൽ നിന്നുടെ കൺകണ്ട
ദൈവമെന്നോതീ പുരാണങ്ങളിൽ!
അവരുടെ കാൽക്കീഴിലാണു നിനക്കുള്ള
സ്വർഗമെന്നരുളീ പ്രവാചകരും!
അമ്മയ്ക്കു പകരമായ്
അമ്മയേയുള്ളൂവെന്നുള്ള
പരമാർഥമറിയുക നാം...
അമ്മതൻ പാദാരവിന്ദങ്ങൾ നമ്മുടെ
ചുണ്ടോടു ചേർത്തുപിടിച്ചീടുക!
നാം നെഞ്ചോടു ചേർത്തു പിടിച്ചീടുക!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.