ഇതാണ് ഡാന്റെയുടെ മുഖം!
text_fields‘ഡിവൈൻ കോമഡി’ രചിച്ച ഡാന്റെ അലിഗിയേരിയെക്കുറിച്ച് കേട്ടിട്ടില്ലേ? ഡാന്റെയുടെ കവി ഭാവനയിൽ വിരിഞ്ഞ മരണാനന്തര ലോകവും നരകവുമൊക്കെയാണ് മുഖ്യധാര സാഹിത്യത്തിലും ലോകത്തിന്റെ പൊതുബോധത്തിലുമെല്ലാം ഇന്നും നിറഞ്ഞുനിൽക്കുന്നത്. 1321ൽ ഇറ്റലിയിൽ മരിച്ച ഡാന്റെയുടെ മുഖം എങ്ങനെയായിരുന്നു? ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റേതായ ഒരു പോർട്രേറ്റ് എവിടെയും കണ്ടെത്തിയിട്ടില്ല. 1495ൽ, സാൻഡ്രോ ബോട്ടിസെല്ലി എന്ന ഇറ്റാലിയൻ ചിത്രകാരൻ വരച്ച പെയിന്റിങ്ങാണ് ഡാന്റെയുടെ ഏക ദൃശ്യ റഫറൻസ്. അദ്ദേഹമാകട്ടെ, ഡാന്റെയെ കണ്ടിട്ടില്ല. ഡാന്റെയുടെ കാലത്ത് ജീവിച്ചിരുന്നവരുടെ പിൻഗാമികളിൽനിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഡാന്റെയെ വരച്ചത്.
എന്നാൽ, ഇപ്പോഴിതാ ഡാന്റെയുടെ തലയോട്ടിയും മുഖത്തെ എല്ലുകളും ശാസ്ത്രീയ പരിശോധന നടത്തി ഡാന്റെയുടെ മുഖം പുനരാവിഷ്കരിച്ചിരിക്കുകയാണ് ഏതാനും ഗവേഷകർ. ബ്രസീലിയൻ ഗ്രാഫിക് വിദഗ്ധൻ സിസെറോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണത്തിനു പിന്നിൽ. 1921ൽ, ഡാന്റെയുടെ എല്ലുകളെക്കുറിച്ച് ലഭിച്ച പഠനത്തിന്റെയും അദ്ദേഹത്തെ മുഖത്തെപ്പറ്റി 2007ൽ പുറത്തുവന്ന മറ്റൊരു പഠനത്തിന്റെയും അടിസ്ഥാനത്തിൽ തലയോട്ടി ഡിജിറ്റൽ രൂപത്തിൽ പുനരാവിഷ്കരിക്കുകയായിരുന്നു ഗവേഷകർ.രണ്ടു സെറ്റ് ചിത്രങ്ങളാണ് അവർ വികസിപ്പിച്ചത്. ഇരുണ്ട നിറത്തിൽ മുടിയൊന്നുമില്ലാത്തതും കണ്ണടച്ചിരിക്കുന്നതുമായ ഒരെണ്ണം; അതിനുശേഷം, കണ്ണ് തുറന്നിരിക്കുന്നതും വസ്ത്രം ധരിച്ചതുമായ കളർ ചിത്രം. ഇത് രണ്ടും സംയോജിപ്പിച്ചാണ് ത്രിമാന ചിത്രം വികസിപ്പിച്ചത്. നിലവിലുള്ള പെയിന്റിങ്ങിൽനിന്ന് ഏറെ വ്യത്യാസമുണ്ട് ഈ ചിത്രത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.