Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightജനമൈത്രി സല്യൂട്ട്

ജനമൈത്രി സല്യൂട്ട്

text_fields
bookmark_border
police- art
cancel

വേഷം കാക്കിയാണെങ്കിലും മുഖത്ത് ചായം തേച്ചാൽ സ്വന്തക്കാരായി മാറുന്ന ഒരുപറ്റം പൊലീസുകാരുടെ കഥ പറയാം. ആർക്കും അവർ അരങ്ങിലെത്തുമ്പോൾ കണ്ണ് നനയും. മറുവശത്ത് പ്രതിനായകരോട് ഈർഷ്യയും. ഒടുവിൽ എല്ലാത്തിനും പ്രതിവിധിയുണ്ടെന്നും പൊലീസ് എന്നാൽ പൗരന്റെ ജീവനും സ്വത്തിനും കാവലാകുന്ന നിങ്ങളിൽ ഒരുവനെന്ന സന്ദേശവും തന്ന് കർട്ടൺ വീഴുമ്പോൾ അതുവരെ വേഷക്കാർ മാത്രമായിരുന്നവർ സ്വന്തക്കാരായി മാറിയ നിരവധി മുഹൂർത്തങ്ങൾ പങ്കുവെക്കുകയാണ് ഇവർ.

നാടകം എന്ന കലയിലേക്ക് വേഷം മാറു​മ്പോൾ ഒരു കുടുംബമാകുന്ന കൂട്ടായ്മ. മൂന്ന് വർഷം, മൂന്ന് നാടകം, സംസ്ഥാനത്താകമാനം മുന്നൂറിലധികം വേദികൾ. അവർ യാത്ര തുടരുകയാണ്. അരങ്ങിൽനിന്ന് അരങ്ങുകളിലേക്കുള്ള വേഷപ്പകർച്ചകളിലൂടെ. വിദ്യാലയങ്ങളിലും റെസിഡന്റ്സ് അസോസിയേഷനുകളിലും യുവജന, സാംസ്കാരിക ക്ലബുകൾക്ക് വേണ്ടിയും നാടകങ്ങൾ അവതരിപ്പിച്ച് മുന്നേറുന്ന പത്തംഗസംഘം. ജനമൈത്രി ഡയറക്ടറേറ്റിന് കീഴിൽ വിവിധ യൂനിറ്റുകളിൽ പൊലീസിലെ വിവിധ റാങ്കുകളിലുള്ളവർ.

ജോലിയോടൊപ്പം കലയും സാമൂഹിക സുരക്ഷയും ഒരേ നൂലിൽ കോർത്തവർ. പൊലീസ് നക്ഷത്രത്തിന്റെ എണ്ണമോ റാ​ങ്കോ നോക്കിയല്ല കുട്ടികളും അധ്യാപകരും സാമൂഹിക പ്രവർത്തകരുമൊന്നും ഇവരുമായി അടുപ്പത്തിലാകുന്നത്. ബോധവത്കരണം എന്ന ബൃഹത്തായ ദൗത്യം ഏറ്റെടുത്ത് കലയുമായി മനുഷ്യർക്കിടയിൽ, മണ്ണിൽ ജീവിക്കുന്നു ജനമൈത്രി പൊലീസ്.

ഒരു സ്റ്റേജ് പരിപാടിക്ക് ആവശ്യമായ സെറ്റ്, ലൈറ്റ്, കർട്ടൺ, സൗണ്ട് സിസ്റ്റം തുടങ്ങി എല്ലാ സാധന സാമഗ്രികളും ചുമന്ന് വണ്ടിയിൽ കയറ്റുന്നതും വേദിയിലേക്കെത്തിച്ച് സെറ്റ് ചെയ്ത് പരിപാടി അവതരിപ്പിച്ച് തിരികെ എത്തിക്കുന്നതും ഇവർ തന്നെയാണ്. ഒരു ​പ്രഫഷനൽ കലാവിഭാഗത്തിന്റെ ചാരുതയിലാണ് ഒാരോ പ്രവൃത്തിയും ഇവരുടെ കൂട്ടായ്മയിൽ പിറക്കുന്നത്. ഒപ്പം സാമൂഹിക പ്രതിബദ്ധതയും കലാബോധവുമുള്ള മേലുദ്യോഗസ്ഥരുടെ പ്രോത്സാഹനവും.

ഇവരിൽ ശാസ്ത്രീയമായി നൃത്തം പഠിച്ചയാളുണ്ട്. നാടകത്തിന് ആവശ്യമായ നൃത്ത രംഗങ്ങൾ സ്വയം ചിട്ടപ്പെടുത്തി കഥാസന്ദർഭത്തിന് അനുസരിച്ച് മുദ്ര തെറ്റാതെ വേദിയിൽ അവതരിപ്പിക്കുന്ന സീനിയർ വനിത പൊലീസ് ഒാഫിസർ. സ്കൂൾ -കോളജ് കാലഘട്ടങ്ങളിൽ കലോത്സവങ്ങളിൽ കലാപ്രതിഭകളും കലാതിലകവുമായവർ. പൊലീസ് വേഷം ധരിക്കുന്നതിന് മുമ്പ് കാമറ അസിസ്റ്റന്റായും സംവിധാന സഹായിയായും ടെലി സീരിയൽ രംഗത്ത് പ്രവർത്തിച്ചവർ. സ്വന്തമായി പുസ്തകം എഴുതിയവർ. പ്രഫഷനൽ വേദികളിൽ പോലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചവർ. വേദികളിലെ ശബ്ദ-പ്രകാശ സംവിധാന നിയന്ത്രണത്തിൽ മികവ് തെളിയിച്ചവർ. അക്കാമിക് തലത്തിലും സംഗീതത്തിലും യൂനിവേഴ്സിറ്റി തലത്തിലെ റാങ്ക് ജേതാക്കൾ. സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ.

അതി മനോഹരമായി പാടുന്നവർ. സമകാലിക ചാനൽ ഷോകളിൽ സജീവ സാന്നിധ്യമായവർ. അങ്ങനെ കേരളപൊലീസിലെ കഴിവുറ്റ കലാകാരന്മാരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ബോധവത്കരണ കൂട്ടായ്മ, അതിന്റെ പ്രവർത്തനങ്ങൾ ഫലപ്രാപ്തി കണ്ടു തുടങ്ങിയിരിക്കുന്നു. പൊലീസിന്റെ ജനകീയ മുഖമായി മാറിയിരിക്കുന്നു ഈ ജനമൈത്രി നാടകസംഘം.

സംഘത്തിന്റെ കോഓഡിനേറ്റർ എസ്.​ഐ നിസാറുദ്ദീൻ ഒരനുഭവം പങ്കുവെക്കുന്നത് ഇങ്ങനെ: കോട്ടയത്തെ ഒരു സ്വകാര്യ സ്കൂളാണ് വേദി. ഒരു മദ്യപാനിയുടെ ആത്മകഥയാണ് അന്ന് കളിച്ചത്. അതൊരു കുടുംബകഥയാണ്. സിനിമാക്കാരുടെ ഭാഷയിൽ ഫീൽ ഗുഡ് ജോണറിലുള്ള ഡ്രാമ. ചെന്ന് കയറിയത് മുതൽ പ്രിൻസിപ്പലിന്റെ മുഖത്ത് എന്തോ അനിഷ്ടം. ​ഞങ്ങൾ റെഡിയാണെന്ന് അറിയിച്ച ഉടൻ കുട്ടികൾ കൃത്യമായ അടുക്കും ചിട്ടയോടും എത്തി സ്ഥാനം പിടിച്ചു. കളി കഴിഞ്ഞതും കുട്ടികളും അധ്യാപകരുമെല്ലാം ഓടി വന്നു ഗ്രീൻ റൂമിലേക്ക്. വാതോരാതെ സംസാരിക്കുന്ന കുഞ്ഞുങ്ങൾ. അൽപം ബഹുമാനത്തോടെയാണെങ്കിലും ജ്യേഷ്ഠ സഹോദരനോടെന്ന പോലെ ഹൃദയവേദന പങ്കുവെക്കുന്ന അമ്മമാരായ അധ്യാപകർ.

എല്ലാം കഴിഞ്ഞ് മേക്കപ്പെല്ലാം ഒഴിവാക്കി ഞങ്ങൾ വണ്ടിയിൽ കയറാൻ പോകുമ്പോൾ പ്രിൻസിപ്പൽ വന്നു. അസാധാരാണ ഗൗരവമുണ്ടായിരുന്ന അവരുടെ മുഖത്ത് പുഞ്ചിരി. അഞ്ച് ക്ലാസ് എടുക്കുന്നതിന്റെ, ഒത്തിരി തവണ ഉപദേശിക്കുന്നതിന്റെ ഇരട്ടി ഫലം ഈ നാടകത്തിലൂടെ കിട്ടി. ചില കഥാസന്ദർഭങ്ങളിൽ കുട്ടികളുടെയും ചില അധ്യാപകരുടെയും കണ്ണു നിറയുന്നുണ്ടായിരുന്നു. എന്റെ കണ്ണും നിറഞ്ഞു എന്ന് പ്രിൻസിപ്പൽ പറഞ്ഞു. -നിസാറുദ്ദീൻ പറഞ്ഞ് നിർത്തുന്നു.

ഈ ടീമിലെ ആര്യദേവി എന്ന സീനിയർ വനിത സിവിൽ പൊലീസുദ്യോഗസ്ഥ തന്റെ ഒരു അനുഭവം ഓർക്കുന്നത് ഇങ്ങനെ; കൊല്ലം ജില്ലയിൽ ജോലി ചെയ്യുന്ന സമയത്താണ് സംഭവം. കടബാധ്യതകൂടിയ ഒരു കുടുംബത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ ജ്പതി ചെയ്യാനുള്ള കോടതി ഉത്തരവുമായി വന്നതാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ. ഉത്തരവ് നടപ്പാക്കാൻ പൊലീസ് സംരക്ഷണം വേണം. കൂട്ടത്തിൽ വനിത ഉദ്യോഗസ്ഥയായി എന്നെയും അയച്ചു. മൃതദേഹ പരിശോധന​യേക്കാൾ കടുത്ത പരീക്ഷണമാണ് ജീവിച്ചിരിക്കുന്നവരുടെ വേദന കാണുക എന്നത്. ഏതൊ ഒരു ബാങ്ക് കടത്തിന്റെ പേരിൽ ജപ്തിവഴി ഒരു കുടുംബത്തെ പെരുവഴിയിലാക്കുകയാണ്. അങ്ങനെയൊരു ദിവസമാണ് നാലിലോ മ​റ്റോ പഠിക്കുന്ന ബാലൻ...

തന്റെ സൈക്കിളിന് വേണ്ടി കരയുന്നു. വീട്ടിലെ എല്ലാ ഉപകരണങ്ങളും ബാങ്കുകാർ വണ്ടിയിൽ കയറ്റി. അക്കൂട്ടത്തിൽ പഴകിയ സൈക്കിളുമുണ്ട്. അപ്പോൾ അവന് തന്റെ വീടിനേക്കാൾ പ്രധാനം ആ ​സൈക്കിളായിരുന്നു. സ്വന്തം എന്നുപറയാൻ ആദ്യമായി ലഭിച്ച ഏക ആസ്തി. അതൊന്നു തിരിച്ചു കൊടുക്കാൻ പൊലീസുകാരിയായ ഞാൻ പലതവണ ആ ബാങ്ക് ഉദ്യോഗസ്ഥരോട് കെഞ്ചി. പക്ഷെ, അവരത് കൊടുത്തതേ ഇല്ല. അഞ്ഞൂറ് രൂപ പോലും വില വരാത്ത ആ സൈക്കിൾ കണ്ടുകെട്ടിയതിലൂടെ ബാങ്കിന് എന്ത് ലാഭം കിട്ടും. ഇന്നും അതോർക്കു​മ്പേൾ ആ കുഞ്ഞിന്റെ കരച്ചിലാണ് ഉള്ളിൽ..

ഓരോ കുടുംബത്തിലും ദിവസവും ഉണ്ടാകുന്ന ചെറുദുരന്തങ്ങളിലൂടെ മൊബൈൽ ഫോൺ ഉപയോഗത്തിലെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരിക്കുകയാണ് 150ൽ പരം വേദി പിന്നിട്ട ‘തീക്കളി’ എന്ന നാടകം.​ ‘‘പാഠം ഒന്ന്, ഒരു മദ്യപാനിയുടെ ആത്മകഥ’’ ആണ് മറ്റൊന്ന്. ലഹരിക്കടിപ്പെട്ട് കുടുംബവും ജീവിതവും നശിപ്പിക്കുന്നവരെ കുറിച്ചുള്ള മുന്നറിയിപ്പാണ് നാടകം. നാനൂറിലധികം വേദികൾ പിന്നിട്ട ഈ സൃഷ്ടി ​പ്രഫഷനൽ നാടകങ്ങളുടെ ഉള്ളടക്കവും അഭിനയമികവും സമ്മേളിക്കുന്നതാണ്. ‘‘ഉടൻ പ്രതികരിക്കൂ... ഉറക്കെ പ്രതികരിക്കൂ... ’’ എന്നതാണ് പുതിയ നാടകം. സ്​ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയാണ് ഈ നാടകം ഉറക്കെ പ്രതികരിക്കുന്നത്. തിരുവനന്തപുരം വനിത കോളജിൽ പ്രദർശനോദ്ഘാടനം കഴിഞ്ഞ ‘ഉടൻ പ്രതികരിക്കൂ ഉറക്കെ പ്രതികരിക്കൂ’ എന്ന നാടകത്തിന്റെ കേരള പര്യടനം തുടങ്ങിക്കഴിഞ്ഞു.

എസ്.ഐമാരായ നിസാറുദ്ദീൻ, മുഹമ്മദ് ഷാ, സീനിയർ സി.പി.ഒമാരായ എസ്. ആര്യ ദേവി, നിമി രാധാകൃഷ്ണൻ, സി.പി.ഒമാരായ വി. സുധർമൻ, ജി. സുഭാഷ്‍കുമാർ, എസ്. സുനിൽകുമാർ, എം.എ. ഷംനാദ്, എം. രേഷ്മ, വി.എസ്. രതീഷ് എന്നിവരടങ്ങിയതാണ് സംഘം. ജനമൈത്രി സ്റ്റേറ്റ് നോഡൽ ഓഫിസർ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയുടെ കീഴിലാണ് ജനമൈത്രി ഡ്രാമാ ടീം പ്രവർത്തിക്കുന്നത്..

ജനമൈത്രിയുടെ കീഴിലുള്ള നാടകങ്ങൾ സ്വന്തം വിദ്യാലയത്തിലോ റസിഡന്റ്സ് അസോസിയേഷനിലോ അവതരിപ്പിക്കണമെങ്കിൽ ബുദ്ധിമുട്ടൊന്നുമില്ല. ജനമൈത്രി ഡയറക്ടറേറ്റിലേക്ക് ഒരു ഇ-മെയിൽ അയച്ചാൽ മതി. നാടകം അവതരിപ്പിക്കാനുള്ള സ്റ്റേജും സാഹചര്യവും ഒരുക്കിക്കൊടുക്കണ​മെന്ന് മാത്രം. പൂർണമായും സൗജന്യമായി കേരളത്തിലെവിടെയും തങ്ങൾ നാടകം കളിക്കുമെന്ന് കോഓഡിനേറ്റർ നിസാറുദ്ദീൻ പറയുന്നു. അപേക്ഷ നൽകേണ്ട ഇ- മെയിൽ വിലാസം-jmspd.pol@kerala.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramapolice
News Summary - police- art
Next Story