Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightമനസ്സിൽ മുക്കിവരച്ച...

മനസ്സിൽ മുക്കിവരച്ച ഛായാചിത്രങ്ങൾ...

text_fields
bookmark_border
image 87643a
cancel

നസിന്‍റെ പ്രയാസങ്ങളും താളപ്പിഴകളും അത് അനുഭവിക്കുന്നവരുടെ കവിതകളിലും എഴുത്തുകളിലും നമ്മൾ കണ്ടിട്ടുണ്ടാവുമല്ലോ. എന്നാൽ മനോരോഗം ബാധിച്ചവർ അവരുടെ മനസിന്റെ അവസ്ഥയെ ചായങ്ങളുടെ സഹായത്തോടെ കൺവാസിൽ പകർത്തിയാൽ എങ്ങനെ ഇരിക്കും.? അത് വരച്ചയാളൊരു ചിത്രകാരൻ കൂടിയായാലോ.?

ലോക പ്രശസ്തരായ നാല് ചിത്രകാരന്മാരുടെ മാനസികരോഗം അവരുടെ ചിത്രങ്ങളെ എങ്ങനെ സ്വാധീനിച്ചു, എന്തായിരുന്നു അവരനുഭവിച്ചിരുന്ന മാനസിക പ്രയാസങ്ങൾ?

1) എഡ്വാർഡ് മഞ്ച്- Edvard Munch (1863-1944)

ലോകപ്രശസ്ത ചിത്രകാരനായ എഡ്വാർഡ് മഞ്ച്, അതിതീവ്ര ഉത്കണ്ഠയും(Anxiety ), വിഷാദവും, ഇല്ലാത്തത് കാണുകയോ കേൾക്കുകയോ ചെയ്യുന്ന (Hallucination) മതിഭ്രമത്തിന്റെ ലക്ഷണവും ബാധിച്ച ആളായിരുന്നു. അദ്ദേഹത്തിന്റെ The scream (നിലവിളി) എന്ന പ്രശസ്ത ചിത്രം അദ്ദേഹം അനുഭവിച്ച ഉത്കണ്ഠയുടെ നേർച്ചിത്രമാണ്.

ഉത്കണ്ഠ അനുഭവിക്കുന്ന മനുഷ്യരുടെ തീവ്രവേദനയുടെ പ്രതീകാത്മകമായ കലാ സൃഷ്ടിയായാണ് സാഹിത്യ ലോകം എന്നും ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

ഈ ചിത്രത്തിന് പ്രചോദനമായ ജീവിതാനുഭവത്തെ കുറിച്ചു ലേഖനങ്ങൾ ലഭ്യമാണ്: നോർവയിലെ ഓസ്‌ലോ തെരുവിൽകൂടി നടക്കാറുള്ള അദ്ദേഹത്തിന് ഒരു സന്ധ്യയിൽ ആകാശം കൂടുതൽ ചുവന്നു ചോരനിറമാവുന്നതായും,

അദ്ദേഹത്തിന്റെ ശരീരം ഉത്കണ്ഠകൊണ്ട് വിറക്കുന്നതായും, അനന്തമായ നിലവിളി അന്തരീക്ഷത്തിൽ നിറഞ്ഞു നില്കുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഈ തീവ്രാനുഭവങ്ങളെ ക്യാൻവസിൽ പകർത്തിയപ്പോൾ ഉണ്ടായ കലാ സൃഷ്ടിയാണ് The Scream.

ഏറ്റവും ഉയർന്ന വിലയിൽ വിറ്റുപോയ കലാസൃഷ്ടികളുടെ പട്ടികയിൽ 7-ാം സ്ഥാനമുള്ള ഈ സൃഷ്ഠി 119 മില്യൺ ഡോളറിനാണ് വിൽക്കപ്പെട്ടത്.

അദ്ദേഹം അനുഭവിച്ച വിഷാദത്തെ കാണിക്കാൻ melancholy ( ദുഃഖ ഭാവം )എന്ന പേരിൽ കടൽത്തീരത്ത്‌ സങ്കടത്തോടെ ഇരിക്കുന്ന ചെറുപ്പക്കാരന്റെ ചിത്രവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാനസികരോഗങ്ങൾ മഞ്ചിന്റെ കുടുംബത്തിലെ നിത്യ സന്ദർശകനും ചിലപ്പോയൊക്കെ സ്ഥിരതാമസക്കാരനും ആയിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ വിഷാദരോഗത്തിന് അടിമയായിരുന്നു, അമ്മായി schizophrenia ബാധിച്ചവരായിരുന്നു. ഒരു പെങ്ങളുള്ളത് മാനസികരോഗത്തിനു ചികിത്സയിലുമായിരുന്നു. നഷ്ടങ്ങളുടെ കയത്തിലേക്ക് ഇറങ്ങി ചെല്ലനായിരുന്നു കുട്ടിയായിരുന്ന മഞ്ചിന്റെ വിധി. അമ്മയും അനിയത്തിയും ചെറിയ പ്രായത്തിലെ മരിക്കുന്നു, യുവത്വത്തിലേക്ക് കടക്കും മുന്നെ അച്ഛനെയും നഷ്ടപെടുന്നു. അച്ഛനെ നഷ്ടപെട്ടത് അദ്ദേഹത്തെ കൂടുതൽ തളർത്തി. അതിൽ പിന്നെ മനസിലേക്ക് വിഷാദവും ഉത്കണ്ഠയും നിത്യ സന്ദർശകരായി. ഇതിൽ നിന്നും രക്ഷക്കായി ഉപയോഗിച്ച് തുടങ്ങിയ മദ്യത്തിന് അദ്ദേഹം പൂർണ്ണമായും കീഴ്പ്പെട്ടു. അതിന് അടിമയാവാൻ അധികം സമയം വേണ്ടി വന്നില്ല. മദ്യത്തിന്റെ ഉപയോഗം അദ്ദേഹത്തെ ഹാലൂസിനേഷനിലേക്കും ആളുകൾ തന്നെ ഉപദ്രവിക്കാൻ വരുന്നു എന്ന മിഥ്യാ ധാരണയിലേക്കും നയിച്ചു. ഒരു വർഷത്തോളം തുടർന്ന ചികിത്സയാണ് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ തിരിച്ചു പിടിക്കാൻ സഹായിച്ചത്.

"എന്റെ മാനസികരോഗങ്ങൾ എന്റെ കലാസൃഷ്ടികളുടെ പ്രധാന പ്രചോദനമാണ്, അതില്ലായിരുന്നില്ലെങ്കിൽ എനിക്കിതൊന്നും സാധ്യമാവില്ലായിരുന്നേനെ" -മഞ്ച്

2) വിൻസെന്റ് വാൻ ഗോഗ് - Vincent van Gogh(1853-1890)

മാനസിക രോഗമുള്ള ഒരു കലാകാരന്റെ ഏറ്റവും പ്രശസ്തമായ ഉദാഹരണം വിൻസെന്റ് വാൻ ഗോഗ് ആണ്.

വെസ്റ്റേൺ ആർട്ട്‌ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാണ് വിൻസെന്റ് വാൻ ഗോഗ്. തന്റെ വളരെ ചുരുങ്ങിയ ജീവിത കലയാളവിനുള്ളിൽ 2100 ചിത്രങ്ങൾ വരച്ച അദ്ദേഹം അതി തീവ്രമായ മാനസികരോഗാവസ്ഥകളിൽ കൂടെ കടന്നു പോയ വ്യക്തിയാണ്.

അദ്ദേഹത്തിന്റെ മാനസിക രോഗമെന്തായിരുന്നു എന്നതിനെ കുറിച്ച് മനോരോഗവിദഗ്ധരുടെ ഇടയിൽ ഏകാഭിപ്രായമല്ല.

അദ്ദേഹമനുഭവിച്ച മാനസിക പ്രയാസങ്ങൾ എന്തായിരുന്നെന്ന് കണ്ടെത്താൻ 2016ൽ വാൻ ഗോഗ് മ്യൂസിയം 35ഓളം സൈക്കിട്രൈസ്റ്റ്, ന്യൂറോളജിസ്റ്, സൈക്കോളജിസ്റ്റ്, ചരിത്രകാരന്മാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സിംബോസിയം നടത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ, എഴുത്തുകൾ, സ്വകാര്യമായ രേഖകൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പഠനങ്ങൾ.

അപസ്മാരം, ബൈപോളാർ ഡിസോഡർ, ബോർഡർ ലൈൻ വ്യക്തിത്വം, സ്കിസോഫ്രീനിയ, സ്കിസോ അഫ്‌ആക്റ്റീവ് ഡിസോഡർ, സബ്സ്റ്റൻസ് യൂസ് ഡിസോഡർ ഇവയൊക്കെയാണ് വാൻ ഗോഗിന് ഉണ്ടായിരുന്നേക്കാവുന്ന മാനസിക പ്രശ്നങ്ങൾ എന്ന അനുമാനത്തിൽ ആണ് അവസാനം ചെന്നെത്തിയത്.

കൗമാരത്തിന്റെ തുടക്കം തൊട്ടേ ഏകാന്തത ശീലമാക്കിയിരുന്നു വാൻ ഗോഗ് . യുവത്വത്തിന്റെ തുടക്കത്തിൽ ഉണ്ടായ പ്രണയ നൈരാശ്യം കടുത്ത വിഷാദത്തിലേക്ക് അദ്ദേഹത്തെ തള്ളിയിട്ടു. തുടർന്നങ്ങോട്ട് ഇടക്കിടെ അനുഭവപ്പെട്ട ഹാലൂസിനേഷനും ഡെല്യൂഷൻസും വൃത്തിഹീനമായ ജീവിത രീതിയും അദ്ദേഹത്തെ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. അവിടെ രണ്ടു മുറികൾ അനുവദിച്ചു കൊടുത്തിരുന്നതിൽ രണ്ടാമത്തെ മുറി വിൻസെൻറ് ഒരു സ്റ്റുഡിയോ ആക്കിമാറ്റി. വാൻ ഗോഗിന്‍റെ ലോകപ്രശസ്ത മിക്ക കലാസൃഷ്ടികളും ഉണ്ടായത് ആ മുറിയിൽ നിന്നാണ്. "Corridor in the Asylum" അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രമാണ്.

സ്കിസോഫ്രീനിയയുടെ ഭാഗമായി സ്വന്തം ശരീര ഭാഗങ്ങൾ മുറിച്ചു കളയാനുള്ള പ്രവണത "വാൻ ഗോഗ് സിൻണ്ട്രോം" എന്നാണ് അറിയപ്പെടുന്നത്. ഒരിക്കൽ രോഗതീവ്രതയിൽ വാൻ ഗോഗ് സ്വന്തം ചെവി മുറിച്ചു മാറിയിരുന്നു. ഈ സംഭവത്തിൽ നിന്നാണ് ഈ പദം ഉണ്ടായത്. അദ്ദേഹം തന്നെ "self portrait with bandaged ear" എന്ന പേരിൽ സ്വന്തം ചിത്രം വരച്ചിട്ടുണ്ട്.

മാനസികാരോഗത്തിന്റെ തീവ്രതയും ദാരിദ്ര്യവും കാരണം 37ാം വയസിൽ ആത്മഹത്യാ ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹം വരച്ച ഭൂരിഭാഗം ചിത്രങ്ങളും അവസാന രണ്ട് വർഷം കൊണ്ട് വരച്ചതാണെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.

"എന്റെ ഹൃദയവും ആത്മാവും എന്റെ പെയിന്റിങ്ങിൽ സമർപ്പിക്കുന്നതിനിടയിൽ എവിടെയോ എനിക്കെന്റെ മനസ് നഷ്ടമായി. "-വിൻസെന്റ് വാൻ ഗോഗ്.

3) ഫ്രാൻസിസ്കോ ഗോയ -Francisco Goya (1746-1828)

തന്റെ 13 വയസു മുതൽ പെയിന്റിങ് ആരംഭിച്ച ഗോയയുടെ സൃഷ്ടികൾ ഒക്കെയും ലോകപ്രശസ്തമാണ്. സ്പെയിൻ രാജകുടുംബത്തിന്റെ ഔദ്യോഗിക ചിത്രകാരനായിരുന്ന ഗോയയുടെ 46ാം വയസിൽ വ്യക്തമായ കാരണം എന്തെന്ന് അറിയാതെ കേൾവി ശക്തി നഷ്ടപെടുന്നു. തുടർന്ന് ഗോയയെ വിഷാദം പിടികൂടുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഹാലൂസിനേഷനും തളർവാദവും അദ്ദേഹത്തെ അലട്ടി.

കേൾവി ശക്തി നഷ്ടപ്പെട്ടു. വിഷാദത്തിൽ അകപ്പെടുന്നതിന്റെ മുന്നെ ഉള്ള ഗോയയുടെ ചിത്രങ്ങളും അതിനു ശേഷമുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ മാനസിക പ്രയാസത്തിന്റെ തീവ്രത വരച്ചുകാട്ടിയിരുന്നു. ആദ്യകാല ചിത്രങ്ങളിൽ ഭൂരിഭാഗവും ഒരുപാട് നിറങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള മനോഹരമായ സ്ത്രീകളുടെ ചിത്രങ്ങളും, പ്രകൃതിയും, കുടുംബവും, കുട്ടികളുടെയുമൊക്കെയായിരുന്നു. എന്നാൽ വിഷാദത്തിന് അടിമപ്പെട്ടതിനു ശേഷം ചിത്രങ്ങളിൽ കറുപ്പും വെളുപ്പും നിറങ്ങൾ മാത്രം ഉപയോഗിക്കാൻ തുടങ്ങി. മറ്റു നിറങ്ങൾ ഉപയോഗിച്ചുള്ള ചിത്രങ്ങൾ വളരെ വിരളം. അവയിൽ തന്നെ വരച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും ഭയാനകമായ രൂപങ്ങളുടെയും ദുർമന്ത്രവാദികളെയും പിശാചിനെയും ഒക്കെയായിരുന്നു പ്രതിപാദ്യം.

Witches in air, Saturn Devouring His Son,Witches' Sabbath, How they pluck her! തുടങ്ങിയവയാണ് ചില ചിത്രങ്ങൾ.

ഗോയ അനുഭവിച്ചിരുന്ന വിഷാദം, കേൾവിയില്ലായ്മ, ഹാലൂസിനേഷൻ, ശരീരികമായ തളർവാദങ്ങൾ ലെഡ് എന്ന രാസപാദർത്തത്തിന്റെ അതിപ്രസരണം കൊണ്ടോ ബാക്ടീരിയൽ ഇൻഫെക്ഷൻ കൊണ്ടോ ആവാം എന്ന വാദം ചരിത്രകാരന്മാർക്കിടയിൽ ഉണ്ട്. എന്നാൽ ഇവ സോമറ്റോഫോം ഡിസോർഡർ പോലുള്ള വിവിധ മനോരോഗങ്ങൾ ആയിരുന്നു എന്നതാണ് മനോരോഗവിദഗ്ധരുടെ വാദം.

4. ഫ്രിത കാലോ-Frida Kahlo (1907-1954)

ആറാം വയസിൽ പോളിയോ ബാധിച്ച മുടന്തുള്ള കാലുകളുമായി കുട്ടിക്കാലം കഴിച്ചുകൂട്ടിയ പെൺകുട്ടിയായിരുന്നു കാലോ. വൈദ്യശാസ്ത്രം പഠിക്കാനുള്ള അതിയായ ആഗ്രഹത്തിൽനിന്ന് പഠനത്തിന്റെ ആരംഭ കാലഘട്ടത്തിൽ തന്റെ 18ാം വയസിൽ ബസ് അപകടത്തിൽപെട്ട് 30ഓളം ശാസ്ത്രക്രിയക്ക് വിധേയമാവേണ്ടി വന്നു കാലോക്ക്. നഷ്ടങ്ങളുടെയും വേദനകളുടെയും ആഘാതങ്ങളുടെയും ചരിത്രമാണ് കാലോയുടെ ജീവിതം മുഴുവൻ.

പ്രശസ്ത ചിത്രകാരനായ ഡിയഗോ ഡിവേരയുമായുള്ള പ്രണയവിവാഹം കാലോയുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കി. നിരന്തരം ഉണ്ടായിരുന്ന ആശയവ്യത്യാസങ്ങളും, ഡിവേരയുടെ അവിഹിത ബന്ധങ്ങളും സ്‌ട്രെസ് ഡിസൊർഡർലേക്കും ബൈപോളർ അഫക്റ്റീവ് ഡിസോർഡറിന്റെ ലക്ഷണങ്ങളിലേക്കും നയിച്ചു.

ഡിവേരയുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള മാനസിക അവസ്ഥയിൽ വരച്ച "Self portrait with cropped Hair" എന്ന ചിത്രം അവർ അനുഭവിച്ച വേദനയുടെയും, സ്വത്വപ്രതിസന്ധിയുടെയും, പൂർവ്വ സ്ഥിതിയിലേക്ക് വരാനുള്ള തീവ്രമായ ആഗ്രഹത്തിന്റെയും ചിത്രമായി ചരിത്രകാരന്മാർ വിശകലനം ചെയുന്നു.

സ്വന്തം മുടി മുറിച്ചു നിലത്തിട്ട്, ഒരു വലിയ മരക്കസേരയിൽ പുരുഷന്മാർ ധരിക്കാറുള്ള കോട്ട് ധരിച്ചു, കൈയിൽ കത്രികയും പിടിച്ചു ഇരിക്കുന്നതായിരുന്നു ആ ചിത്രം.

✍🏼 തയാറാക്കിയത് : മുഹമ്മദ്‌ ഷഫീഖ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മൈൻഡ് പ്ലസ് സൈക്കോളജിക്കൽ സർവിസസ്, തലശ്ശേരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vincent van goghPortraitsfrida kahloedvard munchfrancisco goya
News Summary - Portraits painted in the mind
Next Story