തെർമോകോളിൽ കാളകളെ നിർമിച്ച് പ്രശാന്തൻ
text_fieldsചാരുംമൂട്: 16 കരകളുടെ പ്രൗഢി വിളിച്ചോതുന്ന മനോഹര കെട്ടുകാഴ്ചകളായ ജോടി കാളകളെ തെർമോകോളിൽ നിർമിച്ച് ശിവരാത്രി നാളിൽ പടനിലം ക്ഷേത്രത്തിലെത്തിക്കാൻ കാത്തിരിക്കുകയാണ് പ്രശാന്തൻ.
11നാണ് നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം. ക്ഷേത്രവുമായി ബന്ധപ്പെട്ട് 18 കരകളാണുള്ളതെങ്കിലും 16 കരകളിൽനിന്നാണ് കെട്ടുകാഴ്ചകൾ എത്തുന്നത്. തത്തംമുന്ന കരയിലെ അംഗവും നിർമാണ തൊഴിലാളിയുമായ മൂന്നുമൂലയിൽ പുത്തൻവീട്ടിൽ പ്രശാന്തനാണ് തെർമോകോളിൽ ജോടി കാളകളെ രൂപപ്പെടുത്തിയത്.
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ശിവരാത്രിക്ക് ക്ഷേത്രത്തിൽ കരകളിൽനിന്നുള്ള കെട്ടുകാഴ്ചകളില്ല. പകരം ചടങ്ങിനായി ക്ഷേത്ര ഭരണ സമിതി കെട്ടുകാഴ്ച തയാറാക്കും. ഈ സാഹചര്യത്തിലാണ് പ്രശാന്തൻ 16 കരകളെയും പ്രതീകാത്മമായി പ്രതിനിധാനം ചെയ്യുന്ന കെട്ടുകാഴ്ചകൾ നിർമിച്ചത്.
രണ്ടുമാസം കൊണ്ടായിരുന്നു നിർമാണം. ജോലി കഴിഞ്ഞെത്തിയുള്ള സമയമാണ് ഒരടിയിൽ താഴെ പൊക്കം വരുന്ന കെട്ടുകാഴ്ചകൾ നിർമിക്കാൻ ചെലവഴിച്ചിരുന്നത്. തെർമോകോളും പശയും ഉപയോഗിച്ച് കാളകളുടെ രൂപവും ശിരസ്സും ചട്ടക്കൂടും നിർമിച്ച് വാട്ടർ കളർകൊണ്ട് നിറം പിടിപ്പിച്ച ശേഷം അലങ്കാരങ്ങളും ചമയങ്ങളും ചാർത്തി മനോഹരമാക്കുകയായിരുന്നു. ശിവരാത്രി നാളിൽ ബന്ധുക്കളും അയൽക്കാരുമൊക്കെ ചേർന്ന് കെട്ടുകാഴ്ചകളെ ക്ഷേത്രത്തിലെത്തിക്കാനാണ് തീരുമാനം.
20 വർഷത്തോളം കേരളത്തിനു പുറത്ത് ജോലി ചെയ്തിരുന്ന പ്രശാന്തൻ 15 വർഷമായി നാട്ടിലുണ്ട്. ചെറുപ്പത്തിലേ ശിൽപ നിർമാണത്തിൽ താൽപര്യം കാട്ടിയിരുന്നു. രോഹിണിയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.