പാവകളിയുടെ രസച്ചരടുമായി നാടകസംഘമെത്തി
text_fieldsമനാമ: കാണികളിൽ വിസ്മയവും ആകാംക്ഷയും സൃഷ്ടിക്കുന്ന പാവകളി ആസ്വദിക്കാൻ ബഹ്റൈനിലും അരങ്ങൊരുങ്ങുന്നു. പാവകളി മേഖലയിലെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന കോഴിക്കോട് ആയഞ്ചേരിയിലെ ടി.പി. കുഞ്ഞിരാമെന്റ നേതൃത്വത്തിലുള്ള സംഘം വ്യാഴം, വെള്ളി ദിവസങ്ങളിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ പ്രതിഭ അറബ്-കേരള സാംസ്കാരികോത്സവത്തിൽ പാവകളി അവതരിപ്പിക്കും. കെ. ഷൈജു, ഷർമിഷ് ലാൽ എന്നിവരാണ് ഇദ്ദേഹത്തോടൊപ്പം പാവകളിയുടെ രസച്ചരടുമായി കാണികൾക്കു മുന്നിലേക്കെത്തുന്നത്.
വേളം ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്ന ടി.പി. കുഞ്ഞിരാമൻ ന്യൂഡൽഹിയിലെ അധ്യാപക പരിശീലന സ്ഥാപനമായ സി.സി.ആർ.ടിയിൽനിന്ന് 1993ലാണ് പാവ കളി അഭ്യസിച്ചത്. സ്കൂൾ വിദ്യാർഥികൾക്ക് കളികളിലൂടെ അറിവ് പറഞ്ഞുനൽകാനുള്ള ഉദ്യമത്തിെന്റ ഭാഗമായാണ് സി.സി.ആർ.ടി ശിൽപശാല സംഘടിപ്പിച്ചത്. പാവകളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച ഇദ്ദേഹം നാട്ടിലെത്തിയശേഷം ഈ രംഗത്ത് സജീവമാകുകയായിരുന്നു.
ഇതിനകം നൂറുകണക്കിന് വേദികളിൽ ഇദ്ദേഹവും സംഘവും പാവനാടകം അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായി അവതരിപ്പിച്ച 'പടച്ചോന്റെ ചോറ്' എന്ന പാവനാടകം 1000ത്തിലധികം വേദികളിൽ അരങ്ങേറി. നിരവധി പാവനാടകങ്ങൾ 1000 വേദികൾ പിന്നിട്ടുണ്ട്.
100ലധികം വേദികളിൽ അവതരിപ്പിച്ച 'ബീർബലിന്റെ സ്വർഗയാത്ര' എന്ന നാടകം ദൂരദർശനിലും സംപ്രേഷണം ചെയ്തു. ഒരു പ്രഫഷനൽ നാടകം ചെയ്യുമ്പോഴുള്ള എല്ലാ തയാറെടുപ്പുകളും സജ്ജീകരണങ്ങളും പാവ നാടകങ്ങൾക്കും ആവശ്യമാണെന്ന് ടി.പി. കുഞ്ഞിരാമൻ പറയുന്നു.
ചരടുകൊണ്ട് പാവകളെ നിയന്ത്രിച്ചാണ് ഇവർ വേദിയിൽ നാടകങ്ങൾ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ മൂന്നിലൊന്ന് വലുപ്പത്തിലുള്ള പാവകളാണ് വേദിയിൽ കാണികളെ രസിപ്പിക്കുന്നത്. ഒരു നാടകത്തിൽ പന്ത്രണ്ടോളം പാവകളുണ്ടാകും. മൂന്നോ നാലോ പാവകളായിരിക്കും ഒരു സമയത്ത് വേദിയിലുണ്ടാവുക. ഉത്സവപ്പറമ്പുകളിലും ആഘോഷങ്ങളിലുമാണ് പ്രധാനമായും പാവനാടകം അവതരിപ്പിക്കുന്നത്. ഭൂമിയുടെ അവകാശികൾ, വടക്കൻപാട്ട് തുടങ്ങി നിരവധി നാടകങ്ങളും ഇവർ അവതരിപ്പിച്ചിട്ടുണ്ട്. മൃഗങ്ങൾ മാത്രം കഥാപാത്രങ്ങളായ പഞ്ചതന്ത്രം എന്ന പാവനാടകവും അവതരിപ്പിച്ചു.
കൈയുറപ്പാവ, വടിപ്പാവ, നിഴൽപ്പാവ, നൂൽപ്പാവ എന്നിങ്ങനെ നാലുതരം പാവനാടകങ്ങളാണുള്ളത്. നിഴൽപ്പാവ കളി കേരളത്തിൽ തോൽപ്പാവക്കൂത്ത് എന്നാണറിയപ്പെടുന്നത്. പ്രധാനമായും പാലക്കാട് ഭാഗത്താണ് ഇതിന് പ്രചാരമുള്ളത്. പാവകളിയിലെ മികവ് പരിഗണിച്ച് 2002ൽ സി.സി.ആർ.ടി ടീച്ചേഴ്സ് അവാർഡ്, കേരള ഫോക് ലോർ അക്കാദമി അവാർഡ് എന്നിവയും ഇദ്ദേഹത്തെ തേടിയെത്തി. ആയഞ്ചേരിയിൽ സമന്വയ പാവനാടക സംഘം എന്ന പേരിൽ കൂട്ടായ്മയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.