ക്വിൽ ആർട്ടിലെ ക്വീൻ
text_fieldsകുട്ടിക്കാലം മുതലേ വരയോടും പെയിൻറിങ്ങിനോടും താൽപര്യമുള്ളയാളാണ് സബീന. അതുകൊണ്ടുതന്നെ ഇഷ്ടമേഖല പഠിക്കാനും തിരഞ്ഞെടുത്തത്. കണ്ണൂർ യൂനിവേഴ്സിറ്റി ബി.എസ്.സി ഫാഷൻ ആൻഡ് അപ്പാരൽ ടെക്നോളജിയിൽ രണ്ടാം റാങ്ക് കാരി കൂടിയാണ് സബീന ബിജു
അതിമനോഹരമായ ചിത്രങ്ങൾ... ഒന്നുകൂടി സൂക്ഷിച്ച് നോക്കിയാൽ അവ വരച്ചത് പെയിൻറും ബ്രഷും ഉപയോഗിച്ചല്ലെന്ന് വ്യക്തമാവും. പിന്നെങ്ങനെയാണ് ഈ മനോഹര ചിത്രങ്ങൾ നെയ്തെടുത്തതെന്ന അതിശയത്തിലാവും പിന്നെ. പേപ്പറുകൾ കൊണ്ടെന്ന ഉത്തരം കൂടി കേട്ടാലൊരുപക്ഷെ മൂക്കത്ത് വിരൽവെച്ച് അതിശയമിരട്ടിക്കും...
പെയിൻറും ബ്രഷും വെച്ച് ചിത്രം വരക്കുന്നവരെ കണ്ടിട്ടുണ്ടാകും. എന്നാൽ പേപ്പറുകൾ കൊണ്ട് ചിത്രം വരക്കുന്നൊരാളുണ്ട് യു.എ.ഇയിൽ. പലനിറമുള്ള പേപ്പറുകൾ കൂട്ടിവെച്ച് അത്ഭുതം തോന്നും വിധം, കണ്ടാലാരുമൊന്ന് നോക്കി നിന്ന് പോകുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ നെയ്തെടുക്കുന്നൊരു കലാകാരി. കണ്ണൂർ പയ്യന്നൂർ സ്വദേശിനി സബീന ബിജു. നാലു വർഷങ്ങൾക്ക് മുൻപാണ് പേപ്പറുകളുപയോഗിച്ചുള്ള ക്വിൽ ആർട്ട് സബീന പരീക്ഷിച്ചു തുടങ്ങുന്നത്.
ആദ്യം ജിമിക്കി കമ്മലുകളായിരുന്നു നിർമിച്ചത്. ഈട് നിൽക്കാത്ത ആഭരണങ്ങളായതുകൊണ്ട് തന്നെ പിന്നീടൊരു വ്യത്യസ്തതക്ക് വേണ്ടി പേപ്പറുപയോഗിച്ച് വാൾ ആർട്ടും പരീക്ഷിച്ച് നോക്കി. മനോഹരമായി ചിത്രങ്ങൾ പേപ്പറുകൾക്കൊണ്ട് വരച്ചപ്പോൾ അതിൻറെ ഭംഗിയും ഇരട്ടിച്ചു.
സുഹൃത്തുക്കളിൽ നിന്ന് നല്ല അഭിപ്രായം കൂടി ലഭിച്ചയതോടെ ആവേശവും കൂടി. ത്രീഡി പേപ്പർ ആർട്ടുകളാണ് സബീന ചെയ്യുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻറെ ഭാഗമായും, ഷാർജ അൽ ഖസ്ബയിൽ വെച്ച് മ്യൂസിക് ആൻഡ് ആർട്ട് ഫെസ്റ്റിവലിലും ക്വിൽ ആർട്ടുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതലേ വരയോടും പെയിൻറിങ്ങിനോടും താൽപര്യമുള്ളയാളാണ് സബീന. അതുകൊണ്ടുതന്നെ ഇഷ്ടമേഖല തന്നെയാണ് പഠിക്കാനും തിരഞ്ഞെടുത്തത്. കണ്ണൂർ യൂനിവേഴ്സിറ്റി ബി.എസ്.സി ഫാഷൻ ആൻഡ് അപ്പാരൽ ടെക്നോളജിയിൽ രണ്ടാം റാങ്ക് കാരി കൂടിയാണ്.
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമായ തെയ്യം എന്ന കലാരൂപവും, ശരിക്കും ജീവനുണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള പോർട്ടറേറ്റുകളും, യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങളും തുടങ്ങി അറബിക് കാലിഗ്രാഫി വരെ പേപ്പറുകൾ കൊണ്ട് വരക്കാമെന്ന് തെളിയിച്ചിട്ടുണ്ട് സബീന.
കടകളിൽനിന്ന് ലഭിക്കാറുള്ള ക്വിൽ പേപ്പറുകളും, ചാർട്ടുകളും, എ ഫോർ ഷീറ്റുകളുമൊക്കെ സബീനയുടെ കൈകൾ കൊണ്ടൊരു മനോഹരമായ ചിത്രമായി മാറും. പേപ്പറുകൾ മാത്രം പോര ഇത്തിരി ക്ഷമകൂടി വേണം മനസ്സ് നിറക്കുന്ന ഇത്തരം വാൾ ആർട്ടുകൾ ചെയ്തെടുക്കാൻ.
ഒരു ചിത്രം കണ്ടാൽ അതിന് വേണ്ടുന്ന വർണ്ണക്കടലാസുകൾ തിരഞ്ഞെടുത്ത്, മനസ്സിലൊരു ക്യാൻവാസ് സൃഷ്ടിക്കും പിന്നീട് ഓരോ പേപ്പറുകളും പലവലുപ്പത്തിൽ മുറിച്ചും ചുരുട്ടിയും ഒട്ടിച്ചെടുക്കും. ഒന്നു പിഴച്ചാൽ ചിത്രത്തിന്റെ ഭംഗി പാടെ നഷ്ടപ്പെടും. കുഞ്ഞു വർണ്ണകടലാസുകൾ ചേർത്തുവെച്ച് അതീവശ്രദ്ധയോടെ സബീന നിർമിക്കുന്ന ഈ ആർട്ടുവർക്കുകൾക്ക് ആരാധകരേറെയാണ്.
വലിയൊരു ക്യാൻവാസിൽ കേരളത്തെ ലോകപ്രശസ്തമാക്കിയ കഥകളി എന്ന നൃത്തരൂപം അതിന്റെ ഭാവങ്ങളൊന്നും നഷ്ടപ്പെടാതെ ചെയ്തെടുത്ത് യു.എ.ഇയിലൊരു എക്സിബിഷൻ നടത്തണമെന്നതാണ് സബീനയുടെ അടുത്ത ലക്ഷ്യം. അതിനായുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി.
ഫോട്ടോഗ്രാഫറായ അച്ഛൻ പത്മനാഭനും, അമ്മ സീതയും തന്റെ കഴിവുകൾ നല്ല രീതിയിൽ സപോർട്ട് ചെയ്യുന്നവരാണെന്നും, വിവാഹശേഷം ഭർത്താവ് ബിജു ശങ്കർ കലക്ക് നൽകുന്ന പിന്തുണയാണ് ഇനിയും കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ നെയ്തെടുക്കാനുള്ള തന്റെ പ്രചോദനമെന്നും സബീന പറയുന്നു.
ഭർത്താവ് ബിജുവിനൊപ്പം എട്ടു വർഷത്തോളമായി ഷാർജയിലാണ് താമസം. രണ്ട് മക്കളാണ് സബീനക്കുള്ളത്. ക്വിൽ ആർട്ട് മാത്രമല്ല മോഡലിങ്ങ് കൂടി ചെയ്യുന്നുണ്ട് സബീന. താൻ ചെയ്യുന്ന വർക്കുകളും മോഡലിങ്ങുകളുമൊക്കെ @sabinabiju എന്ന ഇൻസ്റ്റഗ്രാം പേജ് വഴി പങ്ക് വെക്കാറുമുണ്ട്. മുപ്പതിനായിരത്തോളം ഫോളോവേർസും സബീനക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.