പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാ രവിവര്‍മ പുരസ്കാരം
text_fieldsതിരുവനന്തപുരം: ചിത്ര, ശില്‍പകലാ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ രാജാ രവിവര്‍മ പുരസ്കാരത്തിന് പാരീസ് വിശ്വനാഥന്‍, ബി.ഡി. ദത്തന്‍ എന്നിവര്‍ അര്‍ഹരായി. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2018ലെ രാജാ രവിവര്‍മ പുരസ്കാരമാണ് പാരീസ് വിശ്വനാഥന് നല്‍കുന്നത്. 2019ലെ പുരസ്കാരം ബി.ഡി ദത്തനാണ്.
കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കലാരംഗത്തെ പ്രശസ്തരായ കെ.കെ. മാരാര്‍, പ്രഫ. അജയകുമാര്‍, അനില ജേക്കബ് എന്നിവരടങ്ങിയ പുരസ്കാര നിര്‍ണയ സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്.
1946 നവംബര്‍ 15ന് തിരുവനന്തപുരത്താണ് ബി.ഡി. ദത്തന്‍റെ ജനനം. തിരുവനന്തപുരം സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ ചിത്രകലയില്‍ ഡിപ്ലോമ നേടിയ ബി.ഡി. ദത്തന്‍ തിരുവന്തപുരത്തെ ജവഹര്‍ ബാലഭവന്‍, ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്‍റ്, മ്യൂസിയം ആന്‍റ് സൂ, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂറ്റ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ മൂന്നു ഭരണസമിതികളില്‍ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. കേരള യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് ഏഴ് പ്രാവശ്യം നേടി. ഗാന്ധി ലെനിന്‍ സെന്‍റിനറി സെലിബറേഷന്‍ അവാര്‍ഡ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി ഏകാംഗ-സംഘ ചിത്രപ്രദര്‍ശനങ്ങള്‍ കേരളത്തിനകത്തും പുറത്തും നടത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലും ചിത്രശേഖരങ്ങളുണ്ട്.
പ്രശസ്ത ഇന്ത്യന്‍ ചിത്രകാരനായ പാരീസ് വിശ്വനാഥന് കേരള ലളിതകലാ അക്കാദമിയുടെ കെ.സി.എസ്. പണിക്കര്‍ പുരസ്കാരം മുന്‍പ് ലഭിച്ചിട്ടുണ്ട്. 1940ല്‍ കൊല്ലം ജില്ലയിലെ കടവൂരിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1966ല്‍ മദ്രാസ് ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് കെ.സി.എസ്. പണിക്കരുടെ കീഴില്‍ കലാപഠനം പൂര്‍ത്തിയാക്കി. ചോളമണ്ഡലം ആര്‍ട്ടിസ്റ്റ്സ് വില്ലേജിന്‍റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. 1967ല്‍ പാരീസ് ബിനാലെയില്‍ പങ്കെടുത്തു. അന്താരാഷ്ട്രതലത്തില്‍ ധാരാളം ബിനാലെകളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം കൊച്ചി മുസിരിസ് ബിനാലെയിലും പങ്കെടുത്തിട്ടുണ്ട്.
പാരീസ് വിശ്വനാഥന്‍റെ സര്‍ഗ്ഗപ്രവര്‍ത്തനം അഞ്ച് ദശാബ്ദക്കാലമായി പാരീസിലാണ്. എങ്കിലും അദ്ദേഹത്തിന്‍റെ കലയുടെ വേരുകള്‍ ഇന്ത്യയില്‍ തന്നെയാണ്. ഇന്ത്യന്‍ അമൂര്‍ത്തതയാണ് അദ്ദേഹത്തിന്‍റെ പ്രചോദന ഉറവിടം. ഇവിടുത്തെ തന്ത്രയും, നാടന്‍ ശീലുകളും, മതവുമായി ബന്ധപ്പെട്ട അനുഷ്ഠാനകലകളും ദര്‍ശനവുമെല്ലാം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഫെസ്റ്റിവല്‍ ദി പോപ്പോളിയില്‍ ഏറ്റവും മികച്ച ഡോക്യുമെന്‍ററി ഫിലിം സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.