ആട്ടവിളക്കിന് മുന്നിൽ പ്രതിനായക തിളക്കവുമായി ‘രാജസൂയം’
text_fieldsഒറ്റപ്പാലം: ആട്ടവിളക്കിന് മുമ്പിൽ പച്ച വേഷത്തിന് മാത്രമല്ല, പ്രതിനായക വേഷത്തിനും ശോഭിക്കാൻ കഴിയുമെന്നതിന്റെ നേർക്കാഴ്ചയായി ഒറ്റപ്പാലം രംഗശാല അരങ്ങിലെത്തിച്ച ‘രാജസൂയം’ കഥകളി. ജരാസന്ധനായി ചുവന്ന താടി വേഷത്തിൽ പകർന്നാടിയ കോട്ടക്കൽ ദേവദാസൻ കഥകളി പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി. ഹരീശ്വരൻ, സി.എം. ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ് എന്നിവർ ബ്രാഹ്മണ വേഷം ചെയ്തു.
മനോജ് (ശ്രീകൃഷ്ണൻ) സുനിൽകുമാർ (ഭീമൻ), വി.പി. പ്രദീപ് (അർജുനൻ), സുധീർ (ശിശുപാലൻ) , കൃഷ്ണദാസ് (നാരദൻ) ശ്രീയേഷ്, അഭിഷേക് (പൂജ ബ്രാഹ്മണർ) എന്നിവർ മറ്റുവേഷക്കാരായി.
കോട്ടക്കൽ പി.എസ്.വി നാട്യസംഘം അവതരിപ്പിച്ച കഥകളിയിൽ വി. നാരായണൻ, വിനീഷ്, വിനീഷ് നാരായണൻ (പാട്ട്) പ്രസാദ് കുമാർ, വിജയരാഘവൻ, മനീഷ് രാമനാഥൻ (ചെണ്ട) , രവീന്ദ്രൻ, രാധാകൃഷ്ണൻ, പ്രതീഷ് (മദ്ദളം), സതീഷ്, രവികുമാർ, വിഷ്ണു എസ്. നമ്പ്യാർ (ചുട്ടി) എന്നിവരായിരുന്നു പിന്നണിയിൽ. രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, അനൂപ്, ശ്രീനാരായണൻ എന്നിവർ അണിയറ ശിൽപികളുമായിരുന്നു.
രംഗശാലയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കൽ ശിവരാമന് സമർപ്പണാർഥം ആയിരുന്നു കളിയരങ് സംഘടിപ്പിച്ചത്. സംഗീത നാടക അക്കാദമി അംഗം കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു.
രംഗശാല പ്രസിഡൻറ് ഗോപി എൻ. പൊതുവാൾ അധ്യക്ഷത വഹിച്ചു. കഥകളി നടൻ കല്ലുവഴി വാസു, സിനിമ നിർമാതാവ് എം. മുകുന്ദൻ, സംസ്ഥാന ദന്ത ഡോക്ടർ പുരസ്കാര ജേതാവ് ഡോ. എൻ.എസ്. സജു എന്നിവരെ ആദരിച്ചു.
നഗരസഭ അധ്യക്ഷ കെ. ജാനകിദേവി മുഖ്യാഥിതിയായിരുന്നു. സംഗീത നാടക അക്കാദമി അംഗം അപ്പുകുട്ടൻ സ്വരലയം അനുസ്മരണ പ്രഭാഷണം നടത്തി. രംഗശാല സെക്രട്ടറി അഡ്വ. ടി. കാളിദാസൻ, എം. സുഭാസ്, പി. ശിവദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.