ദൈവക്കോലങ്ങളുടെ ദുരന്ത മുഖവുമായി രാജേന്ദ്രൻ പുല്ലൂരിെൻറ ചിത്രങ്ങൾ, കാഴ്ചക്കാരെൻറ ഉള്ളുതൊടുന്നു
text_fieldsവടകര : ഗയിൽ പൈപ്പുകൾക്കിടയിൽ കൈതയും കൊത്തി പ്രകൃതിയുടെ നഷ്ടം താങ്ങാൻ ആവാതെ തോൾചെരിച്ചു മൂർത്തീ ഭാവത്തിൽ നടക്കുന്ന കൈതചാമുണ്ടി, കാലത്തിന്റെ മാറ്റം അറിഞ്ഞു കൊണ്ട് സ്വയം പിൻവാങ്ങുന്ന തെയ്യക്കാർ, കക്ഷത്തിൽ പ്ലാസ്റ്റിക് കുപ്പി മുറുകെ വെച്ച് നിൽക്കുന്ന തെയ്യത്തിെൻറ പരിചാരകർ, ചുവന്ന പട്ട് വിമാനത്തിനൊപ്പം പറക്കാൻ തുടങ്ങിയപ്പോൾ ആകുലതയുടെ നോട്ടം മാറിയ കണ്ണുകൾ. ഒരല്പം പച്ചപ്പിൽ കരിമ്പുക നിറയുമെന്ന് കണ്ടിട്ടും കള്ള നോട്ടത്തോടെ അമർഷത്തെ ചിരിയായി ചൂടി താളത്തിൽ ഓടുന്ന തെയ്യം. ആത്മാഹുതിയെ ഓർമ്മപ്പെടുത്തുന്ന കോൺക്രീറ്റ് കമ്പിയിൽ തൂങ്ങി നിൽക്കുന്ന കാൽചിലമ്പ് . കചിക ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിൻ്റെ ചിത്രപ്രദർശനത്തിലെ ചിത്രങ്ങളിൽ തെളിയുന്ന രൂപങ്ങളാണിവ.
വടക്കേ മലബാറിലെ അനുഷ്ഠാന പ്രധാനമായ തെയ്യത്തിൻ്റെ രൂപങ്ങളിൽ കൂടി പ്രകൃതിയുടെ അപചയത്തെ ആവിഷ്കരിക്കുന്ന നാൽപതോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. എഴുത്തുകാരനും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഭൂതകാലത്തിൻ്റെ ജൈവോർജത്തെ വർത്തമാനകാലത്ത് ഉപയോഗിക്കണമെന്നും പാരമ്പര്യത്തോട് മുഖം തിരിഞ്ഞിരിക്കേണ്ടന്നും പാരമ്പര്യത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പുതിയ കാലത്തിന് കരുത്തുപകരണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസ്ഥാപിതമായൊരു പ്രകൃതി വ്യവസ്ഥയെ വികലമായ വികസന കാഴ്ചപ്പാടുകളും കച്ചവട മനസ്ഥിതിയും കടിച്ചെടുക്കുമ്പോൾ പച്ച മനുഷ്യരെപ്പോലെ നിസ്സഹായരായിപ്പോകുന്ന ദൈവക്കോലങ്ങളുടെ ദുരന്ത ചിത്രങ്ങൾക്ക് വർണ്ണത്തിൻ്റെ മാസ്മരപ്രഭയിൽ പ്രതിരോധമൊരുക്കുകയാണ് രാജേന്ദ്രൻ പുല്ലൂർ. മണ്ണും മടയും പതിയും ജൈവാരൂഢങ്ങളും നഷ്ടമാകുന്ന തെയ്യങ്ങൾ നാട്ടു സംസ്കൃതിയുടെയും, പ്രകൃതിയുടേയും ദുരന്തഭൂമിക കൂടിയായാണെന്ന് ചിത്രങ്ങൾ അടയാളപ്പെടുത്തുന്നു. കേരള ലളിത കലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ചിത്രപരിചയം നടത്തി. പവിത്രൻ ഒതയോത്ത് അധ്യക്ഷതവഹിച്ചു. ചിത്രകാരി ശ്രീജ പള്ളം, ചിത്രകാരന്മാരായ രമേഷ് രഞ്ജനം, രാംദാസ് വടകര, പ്രവീൺ ചന്ദ്രൻ മൂടാടി, രാജേന്ദ്രൻ പുല്ലൂർ തുടങ്ങിയവർ സംസാരിച്ചു. ജനുവരി 18വരെ നീളുന്ന പ്രദർശനം ദിവസവും രാവിലെ 11 മുതൽ വൈകീട്ട് ആറ് മണി വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.