മനസ്സിൽ കാണുന്നത് മരത്തിൽ വരയും കരവിരുത്; പൈറോഗ്രാഫിയിൽ വിസ്മയമായി രാജു ഫ്രാൻസിസ്
text_fieldsറിയാദ്: മനസ്സിൽ കാണുന്നത് മരത്തിൽ വരയുന്ന കരവിരുതിൽ വിസ്മയമാവുകയാണ് രാജു ഫ്രാൻസിസ്. മരത്തിന്റെ ഫലകങ്ങളിൽ ചൂടാക്കാൻ കഴിയുന്ന കൂർത്ത സൂചിമുനയുള്ള ഇലക്ട്രോണിക് ഉപകരണം കൊണ്ട് വരയുന്ന 'പൈറോഗ്രാഫി' എന്ന ചിത്രകലയിലാണ് ഈ ആലുവ സ്വദേശിയുടെ കരവിരുത്. സാധാരണ മലയാളി ചിത്രകാരന്മാർ കടന്നുചെല്ലാത്ത വ്യത്യസ്തമായ ചിത്രകല മേഖലയാണിത്. 28 വർഷമായി റിയാദിൽ പ്രവാസിയായ രാജു ഫ്രാൻസിസ് ഇതിനകം നിരവധി ചാരുതയാർന്ന ചിത്രങ്ങൾ ഇങ്ങനെ വരച്ചു കഴിഞ്ഞു.
പൈൻ മരത്തിന്റെ തടിയിൽ സോൾഡറിങ് അയൺ പോലുള്ള ഇലക്ട്രിക് ഉപകരണം കൊണ്ടാണ് ചിത്രങ്ങൾ വരക്കുന്നത്. പെയിന്റിങ് ബ്രഷ് പോലെ വിവിധ അളവുകളിലും പോയന്റിലും ഉള്ള കൂർത്ത ലോഹസൂചികൾ ആവശ്യാനുസരണം ഘടിപ്പിച്ചാണ് ചിത്രങ്ങൾ പൂർത്തിയാക്കുന്നത്. സംവിധായകൻ ഐ.വി. ശശി, ചലച്ചിത്ര നടന്മാരായ മധു, ടിനി ടോം, ഗായകൻ ബിജു നാരായണൻ തുടങ്ങിയവർ ഇവരിൽപെടുന്നു. ഈ അടുത്തിടെ റിയാദ് സന്ദർശിച്ച ഡേവിസ് ചിറമ്മൽ അച്ചനു പൈറോഗ്രാഫിയിൽ തയാറാക്കിയ അച്ചന്റെ ചിത്രവും യേശുദേവന്റെ ചിത്രവും നേരിട്ട് നൽകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് രാജു പറയുന്നു.
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കളർപെൻസിലിൽ വരച്ച ചിത്രം പൂർത്തിയായെങ്കിലും അത് സമ്മാനിക്കും മുമ്പ് അദ്ദേഹം വിടപറഞ്ഞത് സങ്കടമായി. റിയാദിലെ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട്, സെലിബ്രിറ്റി അവതാരകൻ രാജ് കലേഷ്, റിയാദിലെ അവതാരകൻ സജിൻ നിഷാൻ തുടങ്ങിയവരുടെ ചിത്രങ്ങളാണ് അവസാനമായി തയാറാക്കിയത്.
സൗദി രാജകുടുംബാംഗം അമീർ ഫൈസൽ ബിൻ ഖാലിദ് ബിൻ അബ്ദുൽ അസീസിന് കീഴിൽ കഴിഞ്ഞ 28 വർഷമായി ജോലി ചെയ്യുന്ന രാജു ഫ്രാൻസിസിന്റെ ചിത്രപ്രദർശനം റിയാദിലെ നെസ്റ്റോ ഹൈപർമാർക്കറ്റിലും ജനാദ്രിയ പൈതൃകോത്സവത്തിലും നടന്നിരുന്നു. സ്കൂൾ പഠനകാലം മുതൽ ചിത്രകലയോട് താൽപര്യമുണ്ടായിരുന്നു. അതേ സ്കൂളിലെ ചിത്രകല അധ്യാപകനും കേരളത്തിലെ അറിയപ്പെടുന്ന ഓട്ടന്തുള്ളൽ കലാകാരനുമായ കരുണാകരൻ എന്ന അധ്യാപകന്റെ ശിക്ഷണത്തിലാണ് ചിത്രരചനയുടെ ആദ്യപാഠങ്ങൾ മനസ്സിലാക്കുന്നത്.
തുടർന്ന് കൊട്ടാരക്കര രവി വർമ ആർട്സ് കോളജിൽ ചേർന്ന് കെ.ജി.ടി.ഇ കോഴ്സ് പൂർത്തിയാക്കി. വാട്ടർ കളർ, ഓയിൽ പെയിന്റിങ്, പെൻസിൽ ഡ്രോയിങ് എന്നീ മീഡിയങ്ങളെല്ലാം വഴങ്ങും. പൈൻ മരത്തിന്റെ തടിയും വര ഉപകരണങ്ങളും ആദ്യമൊക്കെ വിദേശത്തു നിന്നാണ് വാങ്ങിക്കൊണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇവയെല്ലാം സൗദിയിൽ ലഭ്യമാകുന്നുണ്ട്.പിതാവ് കെ. ഫ്രാൻസിസ് വാദ്യോപകരണ കലാകാരനാണ്. തൃശൂർ മധു എന്ന പേരിൽ അദ്ദേഹം ആർ. സാംബശിവൻ, കൊല്ലം ബാബു തുടങ്ങിയ പ്രശസ്ത കഥാപ്രസംഗകരുടെ സംഘാംഗമായി കേരളത്തിലുടനീളം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ആഗ്നസ് ഫ്രാൻസിസാണ് മാതാവ്. ചിത്രകലയിൽ രാജു ഫ്രാൻസിസിന് പൂർണ പിന്തുണ നൽകി ഭാര്യ ലിൻസ രാജുവും മക്കളായ ആബേൽ കെ. രാജുവും അലോന കെ. രാജുവും ഒപ്പമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ 'എക്സോട്ടിക് ഡ്രീംസ്' എന്ന സംഘടനയുടെ അംഗം കൂടിയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.