രാമചന്ദ്രൻ മൊകേരി: നാടകാഭിനയം പ്രതിഷേധത്തീയാക്കിയയാൾ
text_fieldsകോഴിക്കോട്: ആനുകാലിക സംഭവങ്ങൾക്കെതിരായ പ്രതിഷേധം തെരുവിലും വേദികളിലും അഭിനയമാക്കിത്തീർത്ത് പീഡനമേറ്റുവാങ്ങിയ പ്രതിഭയാണ് ഞായറാഴ്ച വിടപറഞ്ഞ രാമചന്ദ്രൻ മൊകേരി. കോഴിക്കോട് നഗരത്തിൽ സാമൂഹിക ഇടപെടലുകളുടെ തീക്കനൽ സൃഷ്ടിച്ച തലമുറയിലെ അവസാന പ്രതിനിധികളിലൊരാൾ. അടിയന്തരാവസ്ഥക്കാലത്ത് കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരിക്കെ അയണസ്കോയുടെ ലീഡർ കാമ്പസിൽ കളിച്ചപ്പോൾ രാമചന്ദ്രനായിരുന്നു മുഖ്യ കഥാപാത്രം. നാടകത്തിലെ തലയില്ലാത്ത ലീഡറിലൂടെ ലക്ഷ്യമിടുന്നത് ഇന്ദിര ഗാന്ധിയെയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസെത്തി കക്കയം ക്യാമ്പിലെത്തിച്ചു.
പൊലീസ് മേധാവി പുലിക്കോടന്റെ നാട്ടുകാരനെന്ന ഇളവിൽ രാമചന്ദ്രനെ വിട്ടെങ്കിലും കൂടെ നാടകം കളിച്ചവർക്കെല്ലാം മർദനമേറ്റു. 'ഞാനൊരു തെണ്ടി ഹാ ഹാ, നീയൊരു തെണ്ടി ഹാ ഹാ, മൂന്നാം ലോക തെണ്ടികൾ നമ്മൾ' എന്ന് തുടങ്ങുന്ന തെണ്ടിക്കൂത്തുമായി ആശുപത്രിയിലും ആദിവാസി ഊരിലും തെരുവിലും ജയിലിലുമെല്ലാം അദ്ദേഹം കയറിയിറങ്ങി. നാടകാഭിനയം സർവ സ്വതന്ത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ജനകീയ സാംസ്കാരിക വേദിയുടെ നാടകം കളിയും ഗുരുവായൂരപ്പൻ കോളജിൽ ഇംഗ്ലീഷ് അധ്യാപനവും പൊലീസ് നടപടികളുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ കോഴിക്കോട്ടെ ജീവിതം. മധു മാസ്റ്ററുടെ നേതൃത്വത്തിലുള്ള രണചേതനയോടൊപ്പം നാടകവേദികളിലെത്തി. ടാഗോർ ഹാളിൽ റാഡിക്കൽ തിയറ്റേഴ്സിന്റെ നാടകമവതരിപ്പിക്കവെ അഭിനയം കണ്ട് ജോൺ എബ്രഹാം ഓടിയെത്തി കെട്ടിപ്പിടിച്ചു. അങ്ങനെ ജോണിന്റെ അമ്മ അറിയാൻ എന്ന പടത്തിൽ അഭിനയിച്ചു.
(ഡോ. രാമചന്ദ്രന് മൊകേരിയുടെ ഭൗതികശരീരം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍)
സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിപ്പിക്കുന്നയാളായാണ് അഭിനയിച്ചത്. പിന്നീട് ജീവിതത്തിലും ആ രംഗം ഏറ്റെടുക്കേണ്ടിവന്നു. സുഹൃത്ത് രവീന്ദ്രന്റെ ഒരേ തൂവൽപക്ഷികളിൽ നിലമ്പൂരിലെ തൊഴിലാളിനേതാവായി അഭിനയിച്ചു. ഐസ്ക്രീം കേസിന്റെ കാലത്ത് മാനാഞ്ചിറ ലൈബ്രറിക്ക് സമീപം നാടകം കളിച്ചതും മർദനത്തിൽ കലാശിച്ചു. എവിടെയും നാടകം കളിക്കാൻ അവകാശമുണ്ട് എന്നതായിരുന്നു രാമചന്ദ്രൻ മൊകേരിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.