രവിവർമ ചിത്രങ്ങൾ 45 കോടിക്ക് ലേലംചെയ്തു
text_fieldsമുംബൈ: രാജാ രവിവർമയുടെ മൂന്നു ചിത്രങ്ങൾ 45 കോടി രൂപക്ക് ലേലത്തിൽ വിറ്റ് നഗരത്തിലെ പുണ്ടോൾ ഗാലറി. ഇതു രണ്ടാം തവണയാണ് ഉയർന്ന വിലക്ക് രവിവർമ ചിത്രം പുണ്ടോൾ ഗാലറി ലേലത്തിൽ വിൽക്കുന്നത്. 13 മുതൽ 20 കോടി രൂപ വരെയാണ് ചിത്രങ്ങളുടെ അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്.
രവിവർമ ചിത്രങ്ങളായ ‘കൃഷ്ണനും രുഗ്മിണിയും’ 14 കോടി രൂപയും, ‘രാമനും സീതയും ലക്ഷ്മണനും സരയൂനദി കടക്കുന്നു’ 13 കോടി രൂപയും, ‘ദത്തത്രേയ’ 18 കോടി രൂപയുമാണ് നേടിയത്. ജർമൻകാരനായ ഫ്രിറ്റ്സ് ഷ്ളിച്ചർ കുടുംബത്തിന്റെ ശേഖരത്തിലുള്ള രവിവർമ ചിത്രങ്ങളാണ് ഇവ.
മുംബൈയിൽ ആരംഭിക്കുകയും പിന്നീട് ലോണവാലയിലേക്ക് മാറ്റുകയും ചെയ്ത രവിവർമയുടെ പ്രസ് നടത്താനെത്തിയതാണ് ഷ്ളിച്ചർ. പിന്നീട് രവിവർമ ചിത്രങ്ങളടക്കം പ്രസ് അദ്ദേഹം വാങ്ങുകയായിരുന്നു. ഫെബ്രുവരിയിൽ 38 കോടിക്ക് ലേലത്തിൽ വിറ്റ ‘യശോദ കൃഷ്ണ’ എന്ന രവിവർമ ചിത്രവും ഷ്ളിച്ചർ കുടുംബത്തിന്റെ ശേഖരത്തിൽ നിന്നുള്ളതായിരുന്നു. ചിത്രങ്ങൾ വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. രവിവർമച്ചിത്രങ്ങളടക്കം 71 ചിത്രങ്ങളാണ് പുണ്ടോൾ ഗാലറി കഴിഞ്ഞ ദിവസം ലേലംചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.