അബ്ദുൽ ഖാദറിന്റെ സ്നേഹ ശാസന; ചിത്രകല സ്വപ്നം സാക്ഷാത്കരിച്ച് റെജി
text_fieldsഅരൂർ: ‘‘ചായഗ്ലാസുമായി ഇവിടെ ചുറ്റിത്തിരിയുന്നത് ഇനിമേലിൽ കണ്ടുപോകരുത്’’ -രാജ്യം അറിയുന്ന ചിത്രകാരൻ കെ.പി. റെജിക്ക് കൗമാരത്തിൽ കിട്ടിയ സ്നേഹപൂർണമായ ശാസനയാണിത്. തന്റെ പതിനേഴാം വയസ്സിൽ ചന്തിരൂർ പാളയത്തിൽ അബ്ദുൽ ഖാദറിന്റെ ആ ശാസനയും നിർബന്ധവുമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് റെജി പറയുന്നു. 1994ൽ റെജിയുടെ പിതാവ് കളപ്പുരക്കൽ പുരുഷോത്തമപ്പണിക്കർ ചന്തിരൂരിൽ ചായക്കട നടത്തുകയായിരുന്നു.
അബ്ദുൽ ഖാദറിന്റെ ചെമ്മീൻ പീലിങ് ഷെഡിൽ ചായ കൊണ്ടുചെന്ന തന്നോട് അദ്ദേഹം ചിത്രകല പഠനത്തിന് പ്രവേശനം കിട്ടിയതിനെക്കുറിച്ച് തിരക്കി. ചിത്രകല പഠിക്കാൻ കൊതിക്കുന്ന ചെറുപ്പക്കാരുടെ സ്വപ്നമായിരുന്നു ഗുജറാത്തിലെ മഹാരാജ സയാജിറാവു യൂനിവേഴ്സിറ്റി ഓഫ് ബറോഡ.
അവിടെയാണ് ബിരുദപഠനത്തിന് റെജിക്ക് പ്രവേശനം ഉറപ്പായത്. തീവണ്ടിക്കൂലിക്കും അവിടെ നിന്ന് പഠിക്കാനുള്ള മറ്റു ചെലവുകൾക്കും പണം ഇല്ലാത്തതുകൊണ്ട് തിരുവനന്തപുരത്ത് കലാപഠനം അന്വേഷിക്കാമെന്ന നിലപാടിലായിരുന്നു കുടുംബം. ഇക്കാര്യം അറിഞ്ഞ അബ്ദുൽ ഖാദർ 3000 രൂപ റെജിയുടെ പോക്കറ്റിൽ തിരുകിയാണ് ചായ ഗ്ലാസുമായി ഇവിടെ ചുറ്റി തിരിയരുതെന്ന് ശാസിച്ചത്.
ബറോഡ എം.എസ് യൂനിവേഴ്സിറ്റിയിൽനിന്ന് ചിത്രകലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ശേഷമാണ് റെജി കാമ്പസ് വിട്ടത്. പിന്നെയും കലാപ്രവർത്തനവുമായി ബറോഡയിൽതന്നെ കഴിഞ്ഞു. കൊച്ചിയിലെ ആദ്യ ബിനാലെ റെജിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് തുടങ്ങിയത്. ബംഗളൂരുവിലും മുംബൈയിലും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. മറ്റനേകം ഗ്രൂപ് ഷോകളിലും റെജിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ലോക ചിത്രകലയിൽ മലയാളി സാന്നിധ്യം അറിയിക്കുന്നതാണ് റെജിയുടെ ചിത്രങ്ങൾ. മൂന്ന് പതിറ്റാണ്ട് നീളുന്ന കലാജീവിതത്തില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി അനേകം പ്രദര്‍ശനങ്ങളിലൂടെ ശ്രദ്ധനേടി.കാമ്പസിൽ പരിചയപ്പെട്ട ചിത്രകാരി കൂടിയായ ബംഗളൂരു സ്വദേശിനി ചിത്രയെ ജീവിതസഖിയായി ഒപ്പം കൂട്ടിയ റെജി, ബറോഡയിൽതന്നെ താമസവും തുടങ്ങി. മകൾ ജാനകി എട്ടാം ക്ലാസിൽ പഠിക്കുന്നു.
അമ്മ രാധാമണിയമ്മയെ കാണാൻ റെജി ഇടക്കിടെ ചന്തിരൂരിൽ വരാറുണ്ട്.കുറച്ചുവർഷം മുമ്പ് അബ്ദുൽ ഖാദർ യാത്രയായി. ഇടപ്പള്ളി മാധവ ഫൗണ്ടേഷനിൽ തന്റെ ചിത്രങ്ങളുടെ മെഗാഷോ ‘ഗുഡ് എർത്ത്’ എന്ന പേരിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നാട്ടിൽ എത്തിയത്. പ്രദർശനം ചൊവ്വാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.