അനുഷ്ഠാനകലകളെ പ്രദർശനവസ്തുവാക്കുന്നത് അവസാനിപ്പിക്കണം -അടൂർ ഗോപാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: തെയ്യം ഉൾപ്പെടെയുള്ള അനുഷ്ഠാനകലകളെ പ്രദർശനവസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇത്തരത്തിൽ പ്രദർശനവസ്തുക്കളാക്കാൻ കലാകാരന്മാരും തെയ്യവുമായി ബന്ധപ്പെട്ടവരും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്ന് പൈതൃക പഠനവും ശാസ്ത്രീയ കലകളും ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'വരവിളി' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായ്മൊഴിയിലൂടെ കൈമാറിവന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും അടുത്ത തലമുറക്ക് പകർന്നുകൊടുക്കുന്നതിനുമായി യുനസ്കോ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി കൂടിയാട്ടമാണ് പദ്ധതിയിൽ ഇടംപിടിച്ചത്.
അത്തരത്തിൽ യുനസ്കോയുടെ അംഗീകാരത്തിന് അർഹതയുള്ള കലാരൂപമാണ് തെയ്യം. തെയ്യത്തെ യുനസ്കോയുടെ ശ്രദ്ധയിൽപെടുത്താനുള്ള നടപടികൾ ഉണ്ടാകണം. യുനസ്കോ പദ്ധതിയിൽ ഇടംപിടിക്കാൻ സാധിച്ചാൽ കലാകാരന്മാർക്ക് വലിയ സഹായങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വരവിളി ആഗസ്റ്റ് ഒന്നിന് സമാപിക്കും. തെയ്യം കലയെ അടിസ്ഥാനമാക്കി മ്യൂറല്‍ പെയിന്റിങ്, ചിത്രരചന, ഫോട്ടോഗ്രഫി പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, മുഖത്തെഴുത്ത്, നാടന്‍ പാട്ട്, തോറ്റംപാട്ട് എന്നിവയില്‍ വിദഗ്ധരും പരിചയസമ്പന്നരും പങ്കെടുക്കുന്ന ശില്പശാലകള്, അണിയറ കാഴ്ചകള്‍, വൈകുന്നേരങ്ങളില്‍ സാംസ്കാരിക സമ്മേളനങ്ങൾ കലാവതരണങ്ങൾ എന്നിവയും വരവിളിയുടെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുണ്ട്.
ഉദ്ഘാടനചടങ്ങിൽ നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ സ്വാഗതം പറഞ്ഞു. തെയ്യം കലാ അക്കാദമി ചെയർമാൻ എ.പി. ശ്രീധരൻ, വൈസ് ചെയർമാൻ വി.കെ. മോഹനൻ, നടനഗ്രാമം ഭരണസമിതി അംഗങ്ങളായ എൻ.എസ്. വിനോദ്, ടി. ശശിമോഹൻ, തെയ്യം കലാ അക്കാദമി ട്രഷറർ ഷിജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.