റിസ്ഖ് ആർട്ട് ഇനിഷ്യേറ്റിവ് എക്സിബിഷന് തുടക്കം
text_fieldsകൊച്ചി: കേരളത്തിലെയും യു.എ.ഇയിലെയും കലാകാരന്മാരുടെ മികവിന് ആഗോള വേദിയൊരുക്കി എറണാകുളം ദർബാർ ഹാളിൽ അന്താരാഷ്ട്ര ആർട്ട് എക്സ്ബിഷന് തുടക്കമായി. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരന്മാരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന റിസ്ഖ് ആർട്ട് ഇനിഷ്യേറ്റിവിന്‍റെ നേതൃത്വത്തിലാണ് എക്സിബിഷൻ. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
കലാകാരന്മാർക്ക് ആഗോളവേദിയൊരുക്കുന്ന റിസ്ഖ് ആർട്ട് ഇനിഷ്യേറ്റിവിന്‍റെയും ഷഫീന യൂസഫലിയുടെയും ചുവടുവെപ്പ് മാതൃകാപരമെന്നും കേരളത്തിലെ കലാകാരന്മാർക്ക് മികച്ച അവസരമാണ് ഇത് നൽകുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ നേർസാക്ഷ്യമാണ് എക്സിബിഷനെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ എം.എ. യൂസുഫലി ചൂണ്ടിക്കാട്ടി. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരന്മാർക്ക് പിന്തുണയുടെ വാതിൽ തുറക്കുകയാണ് പ്രദർശനത്തിലൂടെയെന്ന് റിസ്ഖ് ആർട്ട് ഇനിഷ്യേറ്റിവ് സ്ഥാപക ഷഫീന യൂസുഫലി അഭിപ്രായപ്പെട്ടു. ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, അബൂദബി ആർട്ട് ഡയറക്ടർ ദിയാല നസീബ്, റിസ്ഖ് ആർട്ട് ഇനിേഷ്യറ്റിവ് ക്രിയേറ്റിവ് ഡയറക്ടർ മീന വാരി, എൻ. ബാലമുരളി കൃഷ്ണൻ, എസ്. മാളവിക എന്നിവർ പങ്കെടുത്തു. യു.എ.ഇയിൽനിന്നുള്ള കലാകാരന്മാരും ചടങ്ങിൽ ഭാഗമായി.
സമകാലിക അറബ് ആർട്ടുകൾകൊണ്ട് ശ്രദ്ധേയരായ ബിയോണ്ട് എമർജിങ് ആർട്ടിസ്റ്റുകളുടെ (ബി.ഇ.എ) സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. ഹാഷൽ അൽ ലംകി, അൽമഹാ ജറള, സാമോ ഷെലാബി, ലത്തീഫ സഈദ് തുടങ്ങിയ അറബ് കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിച്ചത്. പ്രദർശനം ആഗസ്റ്റ് 18വരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.